2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് വന്‍ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച് ഓഹരി വിപണി സൂചികകള്‍. ബിഎസ്ഇ സെന്‍സെക്‌സ് 2,800 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന 76,738.89 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 800 പോയിന്റിന് മുകളില്‍ ഉയര്‍ന്ന് 23,238.70 എന്ന റെക്കോര്‍ഡിലെത്തി.
പൊതുമേഖലാ ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം ദൃശ്യമായത്. റെയില്‍വേ, പെട്രോളിയം, എനര്‍ജി, ബാങ്കിംഗ് ഓഹരികളിലെല്ലാം കുതിപ്പ് ദൃശ്യമായി. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അദാനി പവറാണ്. 18% നേട്ടവുമായി അദാനി പവര്‍ 133 പോയന്റ് ഉയര്‍ന്നു. ഗെയില്‍ ഇന്ത്യ, ആര്‍ഇസി, പിഎഫ്സി എന്നിവയും 12 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 12 ശതമാനവും എസ്ബിഐ 9 ശതമാനവും കുതിച്ചു.
എക്സിറ്റ് പോള്‍ കൊണ്ടുവന്ന ശുഭാപ്തിവിശ്വാസം നിലവിലെ വിപണി നിലവാരത്തില്‍ ഇതിനകം പ്രതിഫലിച്ചിട്ടുണ്ടെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു. നിഫ്റ്റി 23,500 ലേക്ക് മുന്നേറുകയും സെന്‍സെക്സ് 77,000 ലേക്ക് അടുക്കുകയും ചെയ്യുന്നതോടെ കൂടുതല്‍ നേട്ടങ്ങള്‍ കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
‘ലാര്‍ജ് ക്യാപ് സ്റ്റോക്കുകളിലെ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയവും തിരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) വരവില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനയും ഇതിനെ പിന്തുണയ്ക്കുന്നു.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമാണെങ്കില്‍, ഓഹരി വിപണികള്‍ വലിയ നേട്ടം കൈവരിക്കുമെന്ന് വിപണി വിദഗ്ധര്‍ നിക്ഷേപകരെ ഉപദേശിക്കുന്നു. ജൂണ്‍ മാസത്തെ തന്റെ മുദ്രാവാക്യം ‘റൈഡ് ദി വേവ്’ ആയിരിക്കുമെന്ന് പ്രഭുദാസ് ലില്ലാധേറിന്റെ ഉപദേശക മേധാവി വിക്രം കസത് പറഞ്ഞു.
നയങ്ങളില്‍ സ്ഥിരതയും തുടര്‍ച്ചയും പ്രദാനം ചെയ്യുന്നതിനാല്‍ എന്‍ഡിഎ വിജയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും മൂലധന വിപണിക്കും അനുകൂലമാകുമെന്ന് ബ്രോക്കറേജുകള്‍ വിശദീകരിക്കുന്നു. ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യ വികസനം, വൈദ്യുതി തുടങ്ങിയ മേഖലകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക.

