സാമ്പത്തിക മാന്ദ്യത്തിനിടയിലും പ്രതിരോധ ബജറ്റ് ഗണ്യമായി ഉയര്‍ത്തി ചൈന. 7.2% വര്‍ധനയാണ് പ്രതിരോധ ചെലവിടലില്‍ ചൈന വരുത്തിയിരിക്കുന്നത്. 232 ബില്യണ്‍ ഡോളറാണ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ചൈനയുടെ ബജറ്റ് വിഹിതം. യുഎസ് സൈനിക ബജറ്റിനേക്കാള്‍ വളരെ കുറവാണെങ്കിലും ഇന്ത്യയുടെ പ്രതിരോധ ചെലവിടലിന്റെ മൂന്നിരട്ടിയാണ് ചൈനീസ് പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 74.8 ബില്യണ്‍ ഡോളറാണ് (6.21 ലക്ഷം കോടി രൂപ). അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷത്തിലുള്ള ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണിത്.
കോവിഡിന് ശേഷം ചൈനയുടെ സമ്പദ് വ്യവസ്ഥ പഴയ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തളര്‍ച്ചയും ഉപഭോഗത്തിലെ മാന്ദ്യവും തിരിച്ചടിയായി. 5 ശതമാനം വളര്‍ച്ചാ ലക്ഷ്യം മാത്രമാണ് ചൈനക്ക് 2024 ല്‍ ഉള്ളത്. എന്നാല്‍ മറുവശത്ത് ആഗോള നിക്ഷേപക കേന്ദ്രമായി ഉയരുകയാണ് ഇന്ത്യ. 8 ശതമാനത്തിന് മുകളില്‍ വളര്‍ച്ച സ്ഥിരമായി നിലനിര്‍ത്താനാവുന്നു. 2024 ലും 8 ശതമാനത്തില്‍ കവിഞ്ഞ വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധ ചെലവിടലിന്റെ മൂന്നിരട്ടിയാണ് ചൈനീസ് പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 74.8 ബില്യണ്‍ ഡോളറാണ്
ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 100 ാം വാര്‍ഷികം ആഘോഷിക്കുന്ന 2027 ല്‍ ലോകക്രമത്തെ കൂടുതല്‍ അനുകൂലമാക്കുകയെന്ന വലിയ ലക്ഷ്യം മുന്നില്‍വെച്ചാണ് സൈനികമായി കൂടുതല്‍ കരുത്താര്‍ജിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. സൈനിക ശക്തിയിലൂടെ തായ്വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുകയെന്ന ലക്ഷ്യം പ്രസിഡന്റ് ഷി ജിന്‍പിംഗിനുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഇന്തോ-പസഫിക്കിലേക്കും കൂടുതല്‍ കടന്നുകയറി അപ്രമാദിത്യം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

