കുതിച്ചും കിതച്ചും നിന്നിരുന്ന സ്വര്‍ണം വീണ്ടും തന്റെ അശ്വമേധം തുടരുന്നു. സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് വില 5,945 രൂപയായി. ന്ന് 47,560 രൂപയാണ് പവന്‍ വില. സ്വര്‍ണത്തിനു കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. അതിനു ശേഷം ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തി.
എന്താണ് സ്വര്‍ണത്തിനു വില വര്ധിക്കുന്നതിനുള്ള കാരണം ? ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ ഇപ്പോള്‍ പണപ്പെരുപ്പം താഴ്ന്നു. ഇതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കിയേക്കും. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡും കുറയുകയുകാണ്. ഈ ഒരവസ്ഥയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിമാന്‍ഡ് വര്ധിക്കുന്നതിനാലാണ് സ്വര്‍ണവില കൂടുന്നത്.
കേരളത്തില്‍ ഇത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പവന്‍വില 50,000 രൂപ കടക്കും എന്നാണു വിദഗ്ദര്‍ പറയുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് പണിക്കൂലി നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ വില വീണ്ടും വര്‍ധിക്കുന്നു. 51,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 6,440 രൂപ കൊടുത്താല്‍ മാത്രമേ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങിക്കാനാകൂ.അതിനാല്‍ നിക്ഷേപം എന്ന നിലക്ക് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കോയിനുകളെ ആശ്രയിക്കുന്നതാകും നല്ലത്.

