റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മെറ്റ് സിറ്റിയില്‍ സ്വീഡനില്‍ നിന്നുള്ള സാബ് കമ്പനി കാള്‍-ഗസ്താഫ് റൈഫിള്‍ ആയുധ സിസ്റ്റത്തിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ പ്ലാന്റ് വരുന്നു. ഹരിയാനയില്‍ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും കരാര്‍ ഒപ്പുവച്ചു.
പ്രതിരോധ നിര്‍മ്മാണമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ 100% എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) പദ്ധതിയാണിത്. പ്രതിരോധ സാങ്കേതികവിദ്യകളില്‍ ഇന്ത്യയുടെ സ്വയം പര്യാപ്ത യാത്രയ്ക്ക് കരുത്തേകുന്നതാണ് പദ്ധതി. സ്വീഡന്‍ കേന്ദ്രീകൃതമായ പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണ കമ്പനിയാണ് സാബ്.
റിലയന്‍സ് മെറ്റ് സിറ്റിയില്‍ 9 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് ഹബ്ബുകളിലൊന്നാണ് മെറ്റ് സിറ്റി. പ്രതിരോധം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോ കമ്പോണന്റ്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, എഫ്എംസിജി, പാദരക്ഷകള്‍, പ്ലാസ്റ്റിക്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങി നിരവധി വ്യവസായങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐജിബിസി പ്ലാറ്റിനം റേറ്റഡ് ഇന്റഗ്രേറ്റഡ് സ്മാര്‍ട്ട് സിറ്റികളിലൊന്നാണിത്.
ഇലക്ട്രോണിക്‌സ് മുതല്‍ ഓട്ടോ-കമ്പോണന്റ്‌സ്, മെഡിക്കല്‍ ഉപകരണ മേഖലകള്‍ വരെ 6 ജാപ്പനീസ് കമ്പനികളെ ഉള്‍ക്കൊള്ളുന്ന മെറ്റ്, ഹരിയാനയിലെ ഏക ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് (ജെഐടി) കൂടിയാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള 6 കമ്പനികളും സ്വീഡന്‍ ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നുള്ള ഒന്നിലധികം കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

