കച്ചവടത്തിനായി 1000 കപ്പലുകള്‍ കൂടി നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ. അടുത്ത 10 വര്‍ഷം കൊണ്ട് ചരക്ക് കപ്പലുകളുടെ നിരയിലേക്ക് 1000 കപ്പലുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഒരു ഷിപ്പിംഗ് കമ്പനി സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2047 ഓടെ വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയിലെ പ്രധാന പദ്ധതികളിലൊന്നാവും ഇത്.
ഓയില്‍, ഗ്യാസ്, വളം വ്യവസായ മേഖലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സംയുക്ത ഉടമസ്ഥതയിലായിരിക്കും ഈ ഷിപ്പിംഗ് കമ്പനി. ഈ കമ്പനികള്‍ തന്നെ കമ്പനിക്ക് ബിസിനസും നല്‍കും. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും വിദേശ കമ്പനികളും കമ്പനി രൂപീകരിക്കുന്നതില്‍ പങ്കുവഹിക്കും.
2047 ഓടെ വിദേശ കമ്പനികളെ ആശ്രയിച്ചുള്ള ചരക്ക് കയറ്റുമതി മൂന്നിലൊന്നായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
”2047 ഓടെ ഞങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ചരക്ക് കൂലി ചെലവ് 400 ബില്യണ്‍ ഡോളറായി ഉയരുമെന്ന് നിലവിലെ കണക്കുകള്‍ കാണിക്കുന്നു,” വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 85 ബില്യണ്‍ ഡോളര്‍ ചരക്ക് കൂലി ചെലവ് നല്‍കി. അതില്‍ 75 ബില്യണ്‍ ഡോളര്‍ വിദേശ കപ്പലുകള്‍ ഉപയോഗിച്ചതിനായിരുന്നു.
2047 ഓടെ വിദേശ കമ്പനികളെ ആശ്രയിച്ചുള്ള ചരക്ക് കയറ്റുമതി മൂന്നിലൊന്നായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു
ഊര്‍ജ ഇറക്കുമതിയും ശുദ്ധീകരിച്ച എണ്ണ ഉല്‍പന്നങ്ങളുടെ കയറ്റുമതിയും ഉള്‍പ്പെടെയുള്ള വ്യാപാരത്തിലെ കുതിച്ചുചാട്ടത്തിനൊപ്പം ആവശ്യകത നിറവേറ്റാന്‍ ഇന്ത്യയുടെ കപ്പലുകള്‍ പോരാതെ വന്നതോടെയാണ് വിദേശ കപ്പലുകളെ ആശ്രയിക്കേണ്ടി വന്നത്.
ടാങ്കറുകള്‍, ഗ്യാസ് കാരിയറുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍, ഡ്രൈ ബള്‍ക്ക് കാരിയറുകള്‍ എന്നിവയുള്‍പ്പെടെ 1,500 ഓളം വലിയ കപ്പലുകളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

