ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് തന്റെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണെന്ന് മോദി പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം രാജ്യം വ്യക്തമായും മധുരതരമായ സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിലവില്‍ ഒരു സുപ്രധാന പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഇന്ത്യ സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണ്. ഇന്ന്, ഇന്ത്യ മുകളില്‍ എത്താന്‍ മാത്രമല്ല, അവിടെ തുടരാനുള്ള തീവ്രമായ ശ്രമങ്ങളും നടത്തുന്നു. ലോകം ഇന്ന് എല്ലാ മേഖലയിലും വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,” കൗടില്യ സാമ്പത്തിക കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ലോകബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), മൂഡീസ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങളിലുള്ള ആത്മവിശ്വാസവും ഇന്ത്യ നീങ്ങുന്ന ദിശയെ കാണിക്കുന്നുവെന്ന് മോദി പറഞ്ഞു. ”കഴിഞ്ഞ വര്‍ഷം നമ്മുടെ സമ്പദ്വ്യവസ്ഥ ഏതൊരു പ്രവചനത്തേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7 ശതമാനത്തിന് മുകളിലുള്ള നിരക്കില്‍ വളര്‍ച്ച തുടരുമെന്ന് ഈ സ്ഥാപനങ്ങളെല്ലാം പറയുന്നു. അതിനേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉല്‍പ്പാദന മേഖലയിലായാലും സേവന മേഖലയിലായാലും നിക്ഷേപത്തിന്റെ ഇഷ്ടകേന്ദ്രമായാണ് ലോകം ഇന്ന് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ഇത് യാദൃശ്ചികമല്ല, കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പ്രധാന പരിഷ്‌കാരങ്ങളുടെ ഫലമാണ്. ഈ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളെ മാറ്റിമറിച്ചു,” അദ്ദേഹം പറഞ്ഞു.

