2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ 23 ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 12 വരെയായിരിക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് അവതരിപ്പിക്കുക. നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ച് ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനൊരുങ്ങുകയാണ് നിര്‍മല. ആറ് ബജറ്റുകളവതരിപ്പിച്ച മൊറാര്‍ജി ദേശായിയെയാണ് ഇക്കാര്യത്തില്‍ നിര്‍മല പിന്തള്ളുക.
മോദി 3.0 സര്‍ക്കാരിന് കീഴില്‍ ധനമന്ത്രി നികുതിദായകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

