മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 33 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 വരെയുള്ള ഒരു വര്‍ഷം 41,054 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് രണ്ട് വരെയുള്ള കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇത് 27,224 ആയി കുറഞ്ഞു.
ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയ്സു മാലദ്വീപില്‍ അധികാരമേറ്റതോടെ ഇന്ത്യയും ദ്വീപ് രാഷ്ട്രവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ മുഖ്യ വരുമാന സ്രോതസായ ടൂറിസം മേഖലയിലാണ് ഇതിനെത്തുടര്‍ന്ന് ഇന്ത്യ കനത്ത പ്രഹരമേല്‍പ്പിച്ചത്. മാലദ്വീപിന് പകരം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരോക്ഷ ആഹ്വാനം ഇന്ത്യക്കാര്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്ന ഇടിവ് ഇതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ, 10 ശതമാനം വിഹിതവുമായി മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉറവിടമായിരുന്നു ഇന്ത്യ
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ, 10 ശതമാനം വിഹിതവുമായി മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉറവിടമായിരുന്നു ഇന്ത്യ. ആറ് ശതമാനം വിഹിതവുമായി ഇന്ത്യ ഇപ്പോള്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ മാസങ്ങളില്‍ കുതിച്ചുയരുകയാണ്. ഈ വര്‍ഷം ഇതുവരെ 54,000-ലധികം വിനോദസഞ്ചാരികള്‍ എത്തിയ ചൈനയാണ് ഇപ്പോള്‍ മുന്‍നിര വിപണി. ഫെബ്രുവരിയില്‍ 217,394 വിനോദസഞ്ചാരികളാണ് മാലിദ്വീപില്‍ എത്തിയത്. ഇതില്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം 34,646 ആയിരുന്നു.

