ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയായ സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശം ചെയ്തു. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലേക്കുള്ള സുധാ മൂര്‍ത്തിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യസഭയിലെ അവരുടെ സാന്നിധ്യം ‘നാരി ശക്തി’യുടെ ശക്തമായ സാക്ഷ്യമാണെന്നും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ ശക്തിയും കഴിവും പ്രതിഫലിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
”ഇത് എനിക്ക് ഒരു വലിയ വനിതാ ദിന സമ്മാനമാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഒരു പുതിയ ഉത്തരവാദിത്തമാണ്,’ സുധ മൂര്‍ത്തി പ്രതികരിച്ചു.
1950 ഓഗസ്റ്റ് 19 ന് കര്‍ണാടകയിലെ ഷിഗ്ഗാവില്‍ ജനിച്ച സുധ മൂര്‍ത്തി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയായും എഞ്ചിനീയറായുമാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ എഞ്ചിനീയറായിരുന്നു സുധ. 1978 ലാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയെ വിവാഹം കഴിച്ചത്.
അദ്ധ്യാപനം എഴുത്ത് എന്നീ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. കന്നഡയിലും ഇംഗ്ലീഷിലും ശ്രദ്ധേയമായ പുസ്തകങ്ങള്‍ രചിച്ചു. 2006-ല്‍ ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം സുധ മൂര്‍ത്തിയെ ആദരിച്ചു.
ഗേറ്റ്സ് ഫൗണ്ടേഷന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളിലും സുധ മൂര്‍ത്തി അംഗമാണ്. ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിരവധി അനാഥാലയങ്ങള്‍ സ്ഥാപിച്ചു. ഗ്രാമീണ മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. കര്‍ണാടകയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കമ്പ്യൂട്ടര്‍, ലൈബ്രറി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മുന്നേറ്റത്തെ പിന്തുണച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ സ്ഥാപിക്കാനും മുന്‍കൈ എടുത്തു.

