പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ടെക് സംരംഭകന്‍ ഇലോണ്‍ മസ്‌ക്. തന്റെ കമ്പനികള്‍ ഇന്ത്യയില്‍ ‘ആവേശകരമായ പ്രവര്‍ത്തനങ്ങള്‍’ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍! ഇന്ത്യയില്‍ എന്റെ കമ്പനികള്‍ ആവേശകരമായ ജോലികള്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്,’ സാമൂഹ്യ മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍ മസ്‌ക് പറഞ്ഞു.
ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം എക്‌സിന്റെയും സിഇഒ ഏപ്രിലില്‍ ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശനം മാറ്റിവെച്ചിരുന്നു. വര്‍ഷാവസാനം ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. സ്റ്റാര്‍ലിങ്ക്, ടെസ്ല എന്നിവയെ സംബന്ധിച്ച വലിയ പ്രഖ്യാപനങ്ങളാണ് ഈ സന്ദര്‍ശനത്തിനിടെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സന്ദര്‍ശനം മാറ്റിയത് കേന്ദ്ര സര്‍ക്കാരിന് നിരാശ നല്‍കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍! ഇന്ത്യയില്‍ എന്റെ കമ്പനികള്‍ ആവേശകരമായ ജോലികള്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്: ഇലോണ്‍ മസ്‌ക്
കഴിഞ്ഞ വര്‍ഷം ജൂണില്‍, മസ്‌ക് മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി, ടെസ്ല ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇലക്ട്രിക് കാറുകള്‍ മാത്രമല്ല, തന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ബിസിനസ്സ് സ്റ്റാര്‍ലിങ്കിനായി അദ്ദേഹം ഇന്ത്യന്‍ വിപണിയെ ഉറ്റുനോക്കുന്നു. സര്‍ക്കാരില്‍ നിന്ന് നിയമപരമായ അനുമതികള്‍ കാത്തിരിക്കുകയാണ് സംരംഭകന്‍. രാജ്യത്ത് ടെസ്ല കാറുകള്‍ വില്‍ക്കാന്‍ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് മസ്‌ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പുതിയ ഇലക്ട്രിക് വാഹന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള മസ്‌കിന്റെ പദ്ധതി വന്നത്, കുറഞ്ഞത് 500 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ രാജ്യത്ത് ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇളവുകള്‍ നല്‍കുന്നതാണ് നയം.

