2029-30 സാമ്പത്തിക വര്‍ഷമെത്തുമ്പോള്‍ ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകളുടെ പ്രതിനിധികളുടെ യോഗത്തിലാണ് വിവിധ മേഖലകളുടെ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്. ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു.
ഇലക്ട്രോണിക്സില്‍, 2024 സാമ്പത്തിക വര്‍ഷത്തിലെ 29.1 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ 100 ബില്യണ്‍ യുഎസ് ഡോളറിലേക്ക് കയറ്റുമതി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിലെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ സിംഹഭാഗവും മൊബൈല്‍ ഉപകരണങ്ങളാണ്. 2030 സാമ്പത്തിക വര്‍ഷത്തോടെ 60 ബില്യണ്‍ യുഎസ് ഡോളറിന്റെ മൊബൈല്‍ ഫോണ്‍ ഉപകരണ കയറ്റുമതി മന്ത്രാലയം ലക്ഷ്യമിടുന്നു. അതേസമയം 2030 സാമ്പത്തിക വര്‍ഷത്തില്‍ 150 ബില്യണ്‍ യുഎസ് ഡോളറിന്റെ കുത്തനെയുള്ള ലക്ഷ്യം മുന്നില്‍വെച്ചാണ് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2026-ഓടെ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 25% ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരിക്കുന്നു. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ലക്ഷ്യം മറികടക്കാനാകുമെന്ന ആത്മവിശ്വാസം ഇത് മേഖലയ്ക്ക് നല്‍കുന്നുണ്ട്.
2026-ഓടെ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 25% ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരിക്കുന്നു. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ലക്ഷ്യം മറികടക്കാനാകുമെന്ന ആത്മവിശ്വാസം ഇത് മേഖലയ്ക്ക് നല്‍കുന്നുണ്ട്
ടെക്‌സ്‌റ്റൈല്‍ മേഖലയും കയറ്റുമതിയില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 34.43 ബില്യണ്‍ ഡോളറിന്റെ ടെക്സ്‌റ്റൈല്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 2030-ഓടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതിയാണ് മേഖല ലക്ഷ്യമിടുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കോട്ടണ്‍, നൂലുകള്‍, തുണിത്തരങ്ങള്‍ എന്നിവ ഈ വളര്‍ച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 2030 സാമ്പത്തിക വര്‍ഷത്തില്‍ 55 ബില്യണ്‍ ഡോളറായി ഇരട്ടിപ്പിക്കാനും ലക്ഷ്യമിടുന്നു. അതേസമയം ജൈവ, അജൈവ രാസ കയറ്റുമതിയില്‍ 65 ബില്യണ്‍ യുഎസ് ഡോളറാണ് ലക്ഷ്യം. കൃഷിയും അനുബന്ധ മേഖലകളും 2024 സാമ്പത്തിക വര്‍ഷത്തിലെ 50 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ നിന്ന് 2030-ഓടെ 85 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

