ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് ചൈനയില്‍ നിന്ന് കാര്‍ ഇറക്കുമതി ചെയ്യാനുള്ള ടെസ്ലയുടെ പദ്ധതി കേന്ദ്രം മുളയിലേ നുള്ളിയത്. ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം.
ഇന്ത്യയിലേക്ക് കടന്നുവരാനുള്ള പദ്ധതി പ്രഖ്യാപിച്ചെങ്കിലും എപ്പോഴെത്തുമെന്നത് സംബന്ധിച്ച് കൃത്യമായ തിയതി യുഎസ് ആസ്ഥാനമാക്കിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും തങ്ങളുടെ ജര്‍മന്‍ ഗിഗാഫാക്ടറിയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തനത്തിന് ശുഭാരംഭം കുറിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി. ചൈനയിലെ ഷാങ്ഹായില്‍ ടെസ്ലക്ക് ഒരു ഗിഗാഫാക്ടറിയുണ്ട്. ഇവിടെനിന്ന് ഒരു കാറും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയോട് പറഞ്ഞിരിക്കുന്നത്.
ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് ചൈനയില്‍ നിന്ന് കാര്‍ ഇറക്കുമതി ചെയ്യാനുള്ള ടെസ്ലയുടെ പദ്ധതി കേന്ദ്രം മുളയിലേ നുള്ളിയത്. ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം. ഇന്ത്യയും ജര്‍മനിയും തമ്മില്‍ നിരവധി കരാറുകള്‍ വിവിധ വിഷയങ്ങളില്‍ അടുത്തിടെ ഒപ്പിട്ടതും സര്‍ക്കാര്‍ എടുത്തുപറയുന്നു.
ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ 5 ബില്യണ്‍ യൂറോ നിക്ഷേപത്തിലാണ് ടെസ്ല ഗിഗാഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ യൂറോപ്പിലെ ആദ്യ ഫാക്ടറിയാണിത്. ഈ പ്ലാന്റില്‍ നിന്ന് മോഡല്‍ വൈ ക്രോസ്ഓവറാണ് ടെസ്ല പുറത്തിറക്കുന്നത്. പ്രതിവര്‍ഷം 1 ദശലക്ഷം യൂണിറ്റുകള്‍ കൂടി ഇവിടെനിന്ന് പുറത്തിറക്കാനാണ് മസ്കിന്റെ പദ്ധതി. ഇന്ത്യന്‍, യൂറോപ്യന്‍ വിപണികളില്‍ ആഡംബര ഇലക്ട്രിക് എസ്യുവികള്‍ക്ക് പ്രിയമേറുന്നത് ടെസ്ല കാണുന്നുണ്ട്. ചൈനയിലും യുഎസിലും നിര്‍മിക്കുന്ന മോഡല്‍ 3 സെഡാന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് മോഡല്‍ വൈ എത്തിക്കാന്‍ അതുകൊണ്ട് മസ്കിനും താല്‍പ്പര്യമാണ്. ഏകദേശം 34 ലക്ഷം രൂപയിലാണ് ചൈനയില്‍ മോഡല്‍ വൈയുടെ വില ആരംഭിക്കുന്നത്.
25,000 യൂറോയുടെ അഥവാ ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ഒരു കാര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഈ മോഡല്‍ അവതരിപ്പിക്കും. 20 ലക്ഷം രൂപ വിലവരുന്ന കാര്‍ പുറത്തിറക്കുമെന്ന മസ്കിന്റെ പ്രഖ്യാപനം തന്നെ ഇന്ത്യന്‍ വിപണിയില്‍ കണ്ണെറിഞ്ഞാണ്. ടെസ്ലയുടെ ഏറ്റവും വിലകുറഞ്ഞ ഈ കാറിന്റെ കിറ്റുകള്‍ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കൂട്ടിച്ചേര്ക്കുകയാവും ചെയ്യുക.
ജര്‍മനിയില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് ടെസ്ല നികുതി ഇളവ് തേടുന്നുണ്ട്. സര്‍ക്കാര്‍ ഈ ഇളവ് അനുവദിക്കുന്നത് അത്ര പ്രശ്നമാക്കില്ലെന്നാണ് സൂചന. ബിഎംഡബ്ല്യു, മെഴ്സിഡസ്, ഓഡി തുടങ്ങിയ ആഡംബര കാര്‍ കമ്പനികളെല്ലാം മറ്റ് രാഷ്ട്രങ്ങളിലാണുള്ളത്. ജര്‍മനിക്ക് നല്കുന്ന ഇളവ് സര്‍ക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കില്ല. നിലവില്‍ സിഐഎഫ് 40000 ഡോളറിന് മുകളിലുള്ള, ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മേല്‍ ഇന്ത്യ 100 ശതമാനം കസ്റ്റംസ് നികുതി ചുമത്തുന്നുണ്ട്. 40,000 ഡോളറില്‍ താഴെ സിഐഎഫ് ഉള്ള വാഹനങ്ങള്‍ക്ക്, 60 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്.

