അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനമായ സെല ടണല്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടക്കുഴല്‍ തുരങ്കമാണിത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സെല പദ്ധതിയില്‍ രണ്ട് ടണലുകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നു. ഒന്നാം ടണലിന് 980 മീറ്റര്‍ നീളവും രണ്ടാം ടണലിന് 1555 മീറ്റര്‍ നീളവുമാണുള്ളത്. രണ്ട് ടണലുകളെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന് 1200 മീറ്റര്‍ നീളമുണ്ട്.
ചൈന അവകാശവാദം ഉന്നയിക്കുന്ന തവാങ് മേഖലയിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കാന്‍ സെല തുരങ്കം ഉപകരിക്കും
825 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തുരങ്ക പദ്ധതി 13,700 അടി ഉയരത്തിലാണുള്ളത്. അരുണാചലിലെ വെസ്റ്റ് കാമെംഗ് ജില്ലയില്‍ തേസ്പൂര്‍-തവാങ്ങ് പാതയിലാണ് തന്ത്രപ്രധാനമായ തുരങ്കം.
ചൈന അവകാശവാദം ഉന്നയിക്കുന്ന തവാങ് മേഖലയിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കാന്‍ ഇത് ഉപകരിക്കും. 1962-ല്‍ ചൈനീസ് സൈന്യം ഈ മേഖലയില്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടി തവാങ് പട്ടണം കീഴടക്കിയിരുന്നു.
തുരങ്കം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികരെയും ആയുധങ്ങളും യന്ത്രങ്ങളും വേഗത്തില്‍ വിന്യസിക്കാന്‍ ഇത് ഉപകരിക്കും.

