യാത്രാ സൗഹൃദ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 100 ദിവസത്തെ പരിവര്‍ത്തന പദ്ധതിക്ക് തയാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. 24 മണിക്കൂര്‍ ടിക്കറ്റ് റീഫണ്ട് സ്‌കീം, യാത്രക്കാര്‍ക്കുള്ള സമഗ്രമായ ‘സൂപ്പര്‍ ആപ്പ്’, ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ അവസാന പാദം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പുകള്‍ പണിപ്പുരയിലാണ്.
പക്ഷേ ഇതെല്ലാം നടപ്പാവണമെങ്കില്‍ ചില മാനദണ്ഡങ്ങളുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഈ പദ്ധതികളിലേക്ക് റെയില്‍വേ കടക്കൂ. റെയില്‍വേയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് രണ്ടാം മോദി സര്‍ക്കാര്‍ നല്‍കിയത്. മൂന്നാമതൊരു മോദി സര്‍ക്കാര്‍ എന്ന പ്രതീക്ഷയിലാണ് റെയില്‍വേ ഇത്തരമൊരു വന്‍ പ്രൊജക്റ്റ് തയാറാക്കിയത്. സര്‍ക്കാര്‍ മാറിയാല്‍ പദ്ധതികള്‍ പലതും പെട്ടിക്കുള്ളിലാവും. പിന്നീട് വരുന്ന സര്‍ക്കാര്‍ ഇത്രയധികം ഊന്നല്‍ റെയില്‍വേക്ക് കൊടുക്കണമെന്നില്ല.
പുതിയ സര്‍ക്കാരിനായി 100 ദിവസത്തെ കര്‍മ പദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചത്. അധികാരത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഈ പ്രഖ്യാപനം. ഇതനുസരിച്ച് വിവിധ കര്‍മപദ്ധതികളുമായി മന്ത്രാലയങ്ങള്‍ തയാറെടുത്തു വരികയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ 100 ദിന പദ്ധതി
- നിലവില്‍ 3 ദിവസത്തെ ടിക്കറ്റ് റീഫണ്ടിംഗ് സ്‌കീമാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്. 24 മണിക്കൂര്‍ കൊണ്ട് ടിക്കറ്റ് റീഫണ്ട് ലഭിക്കുന്ന സ്‌കീം ഇതിന് പകരം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു റെയില്‍വേ.
- ടിക്കറ്റിംഗ്, ട്രെയിന്‍ ട്രാക്കിംഗ് എന്നിങ്ങനെ ഒന്നിലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്രമായ ‘സൂപ്പര്‍ ആപ്പ്’ ഇതിനൊപ്പം എത്തും.
- യാത്രക്കാര്‍ക്കായി പ്രധാനമന്ത്രി റെയില്‍ യാത്രി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നു.
- 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരുന്ന 40,900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് സാമ്പത്തിക ഇടനാഴികള്‍.
- ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുല റെയില്‍ ലിങ്ക് പദ്ധതിയുടെ പൂര്‍ത്തീകരണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലവും (ഈഫല്‍ ടവറിനേക്കാള്‍ ഉയരം!) ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യത്തെ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജായ ആന്‍ജി ഖാഡ് പാലവും പദ്ധതിയുടെ ഈ സ്ട്രെച്ചില്‍ ഉള്‍പ്പെടുന്നു.
- വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിലവില്‍ ബെംഗളൂരുവില്‍ ബിഇഎംഎല്‍ നിര്‍മ്മിച്ചു വരികയാണ്. ആറ് മാസത്തിനുള്ളില്‍ ഇത് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ ഏകദേശം 320 കിലോമീറ്റര്‍ 2029 ഏപ്രിലോടെ പ്രവര്‍ത്തനക്ഷമമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

