കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-ലെ സുസ്ഥിരതാ അവാര്‍ഡുകളില്‍ മൂന്ന് അഭിമാനകരമായ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി. ബൃഹത് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് യുഎസ്ടിയ്ക്കു ലഭിച്ചത്. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഉദ്യമങ്ങള്‍ ശക്തമായി പിന്തുടരുന്ന യുഎസ്ടി, വര്‍ഷാവര്‍ഷം നിരവധി സംരംഭങ്ങള്‍ ഈ മേഖലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധനേടിയ ഒരു പരിപാടിയാണ് അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി. ഈ മുന്‍നിര പദ്ധതിയിലൂടെ യുഎസ്ടി കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. നാളിതുവരെ അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി കേരളത്തിലെ 34 വിദ്യാലയങ്ങളിലായി 13,500 കുട്ടികള്‍ക്ക് ഉപകാരപ്രദമായിട്ടുണ്ട്. ഈ സ്‌കൂളുകളെ 200-ലധികം യുഎസ്ടി സന്നദ്ധസേവകര്‍ സഹായിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ യുഎസ്ടിയുടെ സിഎസ്ആര്‍ ടീം നടപ്പിലാക്കുന്നുണ്ട്. അതിലൊന്നാണ് ഉന്നതവിദ്യാഭ്യാസത്തിനായി യുഎസ്ടി നല്‍കുന്ന സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി. ഈ പദ്ധതി പ്രകാരം നഴ്സിംഗ് പഠനം നടത്തുന്ന അഞ്ച് യുവതികള്‍ക്ക് രാജ്യമെമ്പാടുമുള്ള നഴ്സിംഗ് കോളേജുകളില്‍ പഠനസഹായം ലഭിക്കുന്നു. കൂടാതെ, യുഎസ്ടിയുടെ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങളിലുള്ള 25 വിദ്യാര്‍ഥികള്‍ക്ക് ജി എ മേനോന്‍ സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു. ജി എ മേനോന്‍ സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി പ്രത്യേക ശ്രദ്ധ നല്‍കുന്നു.
യു എസ് ടി നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ ഇഗ്‌നൈറ്റ് പദ്ധതിയിലൂടെ 17 സ്‌കൂളുകളിലെ 1617 വിദ്യാര്‍ഥികളെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. 2500 കുട്ടികളിലേക്ക് പദ്ധതി എത്തിക്കാനാണ് ഇഗ്‌നൈറ്റ് ലക്ഷ്യമിടുന്നത്. ഡിജിറ്റലൈസേഷന്‍ പ്രക്രിയയിലൂന്നി അടിസ്ഥാന പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സ്ഥാപനത്തിന്റെ പരിശ്രമത്താല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ഡിജിറ്റല്‍ പഠന കേന്ദ്രം തുടങ്ങാനുള്ള സഹായം നല്‍കാന്‍ സാധിച്ചു. ഈ പദ്ധതിയിലൂടെ 600 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ 40 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകള്‍, യു പി എസ് സിസ്റ്റംസ്, അവശ്യ ഫര്‍ണ്ണീച്ചറുകള്‍ എന്നിവ സംഭാവന ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമവും ആരോഗ്യവും പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ ജിഎ മേനോന്‍ സ്പോര്‍ട്സ് ഹബ്ബും യുഎസ്ടി യാഥാര്‍ഥ്യമാക്കി. കമ്പനിയുടെ ശ്രമഫലത്താല്‍ ഒരു ഫുട്ബോള്‍ കോര്‍ട്ട്, 100, 200 മീറ്റര്‍ അത്ലറ്റിക്ക് ട്രാക്കുകള്‍, വോളീബോള്‍ കോര്‍ട്ട് എന്നിവ ഈ പദ്ധതിയിലൂടെ വടക്കന്‍ പറവൂരിലെ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കി.
യു എസ് ടി യുടെ പരിശ്രമഫലത്താല്‍ 600-ലധികം പേരുടെ ജീവിത പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായത് കെഎംഎ അവാര്‍ഡുകളില്‍ സാമൂഹിക ഉള്‍പ്പെടുത്തല്‍ വിഭാഗത്തില്‍ രണ്ടാമത്തെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കി. കമ്പനിയുടെ വിവിധ പദ്ധതികളില്‍ ഒന്നായ ‘സ്നേഹിത’യിലൂടെ സ്ത്രീകളെ നൈപുണ്യ വികസനത്തിലൂടെയും, കായിക പരിശീലനത്തിലൂടെയും, മത്സരങ്ങളിലൂടെയും ശാക്തീകരിക്കുന്നു. കാലാവസ്ഥാ പ്രതിരോധത്തിലൂന്നിയ കാര്‍ഷിക-പാരിസ്ഥിതിക ഇടപെടലുകളില്‍ മുന്‍കൈ എടുത്തുകൊണ്ട് സ്ഥാപനത്തിന് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വീ ഏബിള്‍ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും കമ്പനിക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞു.
സുസ്ഥിരതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള മികച്ച സജ്ജീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും മികച്ച സുസ്ഥിര സ്ഥാപനം എന്ന പദവി യുഎസ്ടി ക്ക് നേടാന്‍ സാധിച്ചത്.
‘യു എസ് ടി കൈക്കൊണ്ടിട്ടുള്ള സിഎസ്ആര്‍, സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കമ്പനിയിലെ വെറുമൊരു ചെറിയ സംഘം അല്ല. പകരം, ആയിരങ്ങള്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ വലിയൊരു കൂട്ടായ്മയുടെ സേവനങ്ങളുടെ ശ്രമഫലമാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നത്. മികച്ച നിലവാരം പുലര്‍ത്തി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന യുഎസ്ടി ടീമിനെ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു,’ യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

