1981 ല്‍ നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസ് തുടങ്ങാന്‍ 10,000 രൂപ വായ്പ നല്‍കുമ്പോള്‍ അദ്ദേഹം ബിസിനസില്‍ വിജയിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലായിരുന്നെന്ന് ഭാര്യ സുധാ മൂര്‍ത്തി. തന്റെ പക്കലുണ്ടായിരുന്ന 10,250 രൂപയില്‍ നിന്ന് 10,000 രൂപയാണ് സുധാ മൂര്‍ത്തി ഭര്‍ത്താവിന് നല്‍കിയത്. 250 രൂപ സമ്പാദ്യമായി മാറ്റിവെച്ചു.
‘എനിക്ക് സാമ്പത്തികശാസ്ത്രത്തില്‍ അത്ര പിടുത്തമില്ല, ഞാന്‍ ഒരു എന്‍ജിനീയറാണ്. ഞാന്‍ കുറച്ച് റിസ്‌ക് എടുത്തു. അദ്ദേഹം വിജയിച്ചാലും ഇല്ലെങ്കിലും ആ പണം എഴുതിത്തള്ളുമെന്ന് ഞാന്‍ കരുതി,’ സുധാ മൂര്‍ത്തി പറഞ്ഞു.
ഇന്‍ഫോസിസ് സ്ഥാപക സംഘത്തിന്റെ ഭാഗമായി തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ഭര്‍ത്താവിന്റെ തീരുമാനം വേദനിപ്പിച്ചെന്ന് സുധാ മൂര്‍ത്തി പറഞ്ഞു.
ഇന്‍ഫോസിസ് സ്ഥാപക സംഘത്തിന്റെ ഭാഗമായി തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ഭര്‍ത്താവിന്റെ തീരുമാനം വേദനിപ്പിച്ചെന്ന് സുധാ മൂര്‍ത്തി
‘കുറച്ച് വര്‍ഷങ്ങള്‍ അത് എന്നെ വേദനിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ അതിന്റെ ഭാഗമാകാതിരുന്നത് നല്ലതായെന്ന് കരുതുന്നു. കാരണം ഇന്‍ഫോസിസിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി വിരമിക്കുമായിരുന്നു ഞാന്‍. പക്ഷേ നിരവധി ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ എനിക്കായി, ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ. മറ്റേതൊരു സ്ഥാനത്തേക്കാളും ഞാന്‍ അതിനെ വിലമതിക്കുന്നു,” സുധ മൂര്‍ത്തി പറഞ്ഞു.
‘ഏതു സ്ഥാനത്തേക്കാളും മറ്റുള്ളവരോട് അനുകമ്പയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. ഒരു പക്ഷേ ദൈവം എനിക്കായി ഒരു ജാലകം അടച്ചിരിക്കാം, പക്ഷേ അദ്ദേഹം നിരവധി വാതിലുകള്‍ തുറന്നു,’ സുധ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

