ഏഴ് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സമീപ വര്‍ഷങ്ങളിലാണ് യുഎസ് ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അപഹാരം ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടുകളുമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിടിച്ചു കുലുക്കാന്‍ നോക്കിയത്. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞ് താഴെയെത്തി. എന്നാല്‍ നിഫ്റ്റിയെയും സെന്‍സെക്സിനെയും ഇത് കാര്യമായി ബാധിച്ചുമില്ല.
അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നും അദാനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷണം കിട്ടിന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗം കൊഴുപ്പിച്ചു. എന്നാല്‍ വിപണി നിയന്ത്രാതാവായ സെബിയുടെ അന്വേഷണത്തില്‍ അദാനി ഗ്രൂപ്പ് കുറ്റവിമുക്തമാക്കപ്പെട്ടു. സുപ്രീം കോടതി വിധി അനുകൂലമായതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ നഷ്ടമെല്ലാം തിരികെ പിടിച്ചു.
ബുച്ചിനെതിരെ
2024 ഓഗസ്റ്റില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ പ്രതീക്ഷിച്ച ശ്രദ്ധയോ ആഘാതമോ ഈ റിപ്പോര്‍ട്ടിനും ഉണ്ടായില്ല. ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി റിപ്പോര്‍ട്ടിന്റെ ഫലം കണ്ട ഇന്ത്യന്‍ നിക്ഷേപകര്‍ ബുച്ചിനെതിരായ റിപ്പോര്‍ട്ടിനെ നിര്‍വികാരമായാണ് നോക്കിക്കണ്ടത്. അദാനി റിപ്പോര്‍ട്ടിന്റെ സമയത്ത് ഷോര്‍ട്ട്സെല്‍ ചെയ്ത് അത്യാവശ്യം നേട്ടമുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗിന് ബുച്ചിനെതിരായ നീക്കം ഒട്ടും ഗുണം ചെയ്തില്ല. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പ്രതീക്ഷിച്ച ഇടിവ് സംഭവിച്ചില്ല.
യുഎസ് വിപണിയില്‍
യുഎസ് വിപണിയിലെ വമ്പന്‍മാരെയാണ് ഇതിനുമുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് നോട്ടമിട്ടത്, പ്രധാനമായും ടെക്, ഇലക്ട്രിക് വെഹിക്കിള്‍ മേഖലകളിലെ കമ്പനികളെ. 2020 ല്‍ ഹൈഡ്രജന്‍-ഇലക്ട്രിക് ട്രക്ക് ഉല്‍പ്പാദകരായ ടെസ്ലക്ക് മേല്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചു. ഇതിന്റെ മേല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി. 2021 ല്‍ ലോര്‍ഡ്സ്ടൗണ്‍ മോട്ടോഴ്സിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇലക്ട്രിക് ട്രക്കുകളുടെ വ്യാജ പ്രീ-ഓര്‍ഡറുകള്‍ സൃഷ്ടിച്ചെന്നായിരുന്നു ആരോപണം. 25 ദശലക്ഷം ഡോളറിന്റെ പിഴ, കമ്പനി ഉടമകള്‍ക്ക് നേരിടേണ്ടി വന്നു. 2024 ല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സിനെതിരെയാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണവുമായി രംഗത്തെത്തിയത്.
വ്യക്തിപരമായ കാരണങ്ങള്‍
അപ്രതീക്ഷിതമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കാരണമായി ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്സണ്‍ ചൂണ്ടിക്കാണിക്കുന്നത് വ്യക്തിപരമായ കാരണങ്ങളാണ്. പ്രതീക്ഷിച്ചതിലും ഏറെ നേട്ടങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉണ്ടാക്കിയെന്ന് ആന്‍ഡേഴ്സണ്‍ പറയുന്നു. തന്റെ ആരോഗ്യത്തെയും സ്വകാര്യ ജീവിതത്തെയും ഈ ജോലിഭാരം ഏറെ ബാധിച്ചെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി സമയം മാറ്റിവെക്കാനാണ് ഇനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് വരുന്നു
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്നതും ഹിന്‍ഡന്‍ബര്‍ഗിന്റെ പൊടുന്നനെയുള്ള അടച്ചുപൂട്ടലുമായി ബന്ധമുണ്ടെന്ന് വ്യവസായലോകം സംശയിക്കുന്നുണ്ട്. ട്രംപ് വിരുദ്ധ ചേരിയിലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ സ്ഥാനം. അദ്ദേഹം അധികാരത്തിലെത്തുന്നതോടെ ഷോര്‍ട്ട് സെല്ലിംഗിലൂടെ നേട്ടമുണ്ടാക്കാമെന്ന കമ്പനിയുടെ മോഹങ്ങള്‍ വ്യാമോഹങ്ങളാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

