2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് 7നും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. തെരഞ്ഞെടുപ്പില്‍ 97 കോടി ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.
കേരളത്തില്‍ ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തില്‍ ഒറ്റത്തവണയായാണ് വോട്ടെടുപ്പ്.
സിക്കിം, ഒഡീഷ, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടക്കും. 2018 മുതല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ജമ്മു കശ്മീര്‍ പട്ടികയിലില്ല. ആന്ധ്രാപ്രദേശില്‍ മെയ് 13 നും സിക്കിം ഏപ്രില്‍ 19 നും അരുണാചല്‍ പ്രദേശ് ഏപ്രില്‍ 19 നും ഒഡീഷയില്‍ മെയ് 13 നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലായി 26 നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 സമയക്രമം:
ഒന്നാം ഘട്ടം – ഏപ്രില്‍ 19, 2024
രണ്ടാം ഘട്ടം – 26 ഏപ്രില്‍ 2024
മൂന്നാം ഘട്ടം – 7 മേയ് 2024
നാലാം ഘട്ടം – 13 മേയ് 2024
അഞ്ചാം ഘട്ടം – 20 മേയ് 2024
ആറാം ഘട്ടം – 25 മേയ് 2024
ഏഴാം ഘട്ടം – 1 ജൂണ്‍ 2024
വോട്ടെണ്ണല്‍ ജൂണ്‍ 4ന്

