പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഇന്ത്യയുടേതെന്നും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീത ഗോപിനാഥ്.
‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ മികച്ച വളര്‍ച്ചയായിരുന്നു ഇന്ത്യയുടേത്. അതിന്റെ പിന്‍തുടര്‍ച്ചകളാണ് ഞങ്ങളുടെ ഈ വര്‍ഷത്തെ പ്രവചനത്തെ സ്വാധീനിക്കുന്നത്. സ്വകാര്യ ഉപഭോഗം മെച്ചപ്പെടുന്നതും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു,’ ഗീത ഗോപിനാഥ് പറഞ്ഞു. ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി എംഡിയാണ് മലയാളിയായ ഗീത.
എഫ്എംസിജി, ഇരുചക്ര വാഹന വില്‍പ്പന എന്നീ മേഖലകളിലെ കണക്കുകളും അനുകൂലമായ മണ്‍സൂണും കണക്കിലെടുത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഐഎംഎഫ് % ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക സര്‍വേയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവചിച്ചിരിക്കുന്നത് 6.5% വളര്‍ച്ച മാത്രമാണ്.
കഴിഞ്ഞ വര്‍ഷം സ്വകാര്യ ഉപഭോഗ വളര്‍ച്ച 4 ശതമാനമായിരുന്നെന്ന് ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലെ ഉപഭോഗ വളര്‍ച്ചയുടെ പിന്തുണയില്‍ ഇത് മുന്നേറും. എഫ്എംസിജി, ഇരുചക്ര വാഹന വിപണികളും തിരിച്ചു വരുന്നു. മികച്ച മണ്‍സൂണിന്റെ പിന്‍ബലത്തില്‍ മെച്ചപ്പെട്ട വിളവും ലഭിക്കും. ഇതോടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനവും വര്‍ധിക്കും. ഇതാണ് ഗ്രാമീണ ഉപഭോഗത്തിന് കരുത്താവുകയെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.

