ഉപഭോക്തൃ ചെലവിടല്‍ മെച്ചപ്പെട്ടതും നിക്ഷേപം വര്‍ധിച്ചതും ചൂണ്ടിക്കാട്ടി ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി. മാര്‍ച്ചില്‍ പ്രവചിച്ച 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് വളര്‍ച്ചാ പ്രവചനം ഏജന്‍സി ഉയര്‍ത്തിയത്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനവും 2026-27ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്ക് ഇന്ത്യയുടെ ജിഡിപിക്കുണ്ടാവുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്.
നിക്ഷേപത്തിലെ വര്‍ധന തുടരുമെന്നും എന്നാല്‍ സമീപകാല പാദങ്ങളേക്കാള്‍ സാവധാനത്തിലായിരിക്കുമെന്നും ഫിച്ച് പ്രവചിച്ചു. വരാനിരിക്കുന്ന മണ്‍സൂണ്‍ സീസണ്‍ സാധാരണമായതിനാല്‍ വളര്‍ച്ചയെ പിന്തുണയ്ക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, ഉഷ്ണ തരംഗത്തെക്കുറിച്ച് ഫിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു.
ആര്‍ബിഐ ഈ വര്‍ഷം പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കുമെന്നും ഫിച്ച് പ്രതീക്ഷിക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2024-25 ലെ ജിഡിപി വളര്‍ച്ചാ പ്രവചനവും 7.2 ശതമാനമാണ്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2024-25 ഒന്നാം പാദത്തിലെ യഥാര്‍ത്ഥ ജിഡിപി 7.3 ശതമാനമെന്നാണ് പ്രവചിച്ചത്. രണ്ടാം പാദത്തില്‍ 7.2 ശതമാനം, മൂന്നാം പാദത്തില്‍ 7.3 ശതമാനം, നാലാം പാദത്തില്‍ 7.2 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ പ്രവചനം.
ആര്‍ബിഐ ഈ വര്‍ഷം പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കുമെന്നും ഫിച്ച് പ്രതീക്ഷിക്കുന്നു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8.2 ശതമാനമാണ് വളര്‍ന്നത്. മാര്‍ച്ച് പാദത്തില്‍ 7.8 ശതമാനം വളര്‍ച്ചയുണ്ടായി.
2024 മാര്‍ച്ചിലെ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്കില്‍ സൂചിപ്പിച്ചതുപോലെ, 2024 ലെ ലോക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം 2.4 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി ഫിച്ച് ഉയര്‍ത്തി. ചൈനയുടെ വളര്‍ച്ചാ വീക്ഷണവും 4.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ത്തി. എന്നിരുന്നാലും, 2025-ല്‍, യുഎസിന്റെ വളര്‍ച്ച 1.5 ശതമാനത്തിന് താഴെയാണ് പ്രവചിക്കപ്പെടുന്നത്. യൂറോസോണിലെ വളര്‍ച്ച 1.5 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

