ഇന്ത്യന്‍ ഐടി രംഗത്തെ വിജയഗാഥകളിലൊന്നാണ് ഇന്‍ഫോസിസ്. വെറും 250 ഡോളര്‍ മൂലധനത്തില്‍ 1981 ല്‍ ആരംഭിച്ച കമ്പനി ഇന്ന് 6,65,000 കോടി രൂപ വിപണി മൂലധനവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ്. സഹസ്ഥാപകരെയും നിക്ഷേപകരെയുമെല്ലാം കോടാനുകോടിയുടെ ആസ്തിയിലേക്ക് നയിക്കാന്‍ കഴിഞ്ഞ സ്ഥാപനം കുട്ടിക്കോടീശ്വരന്‍മാരെയും കോടിശ്വരികളെയും സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലുണ്ട്.
77 കാരനായ സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ഇന്‍ഫോസിസിന്റെ 0.04% ഓഹരികള്‍ തന്റെ നാല് മാസം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്രയ്ക്ക് സമ്മാനിച്ചത് കഴിഞ്ഞ ദിവസമാണ്. നാരായണ മൂര്‍ത്തിയുടെയും ഭാര്യയും എഴുത്തുകാരിയുമായ സുധ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രോഹന്‍ മൂര്‍ത്തിയുടെയും അപര്‍ണ കൃഷ്ണന്റെയും മകനായി ഏകാഗ്ര ജനിച്ചത്. 240 കോടിയിലധികം രൂപ മൂല്യമുള്ള ഇന്‍ഫോസിസ് ഓഹരികള്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിയെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാക്കി.
തനുഷ് നിലേക്കനി
എന്നാല്‍ ഇന്‍ഫോസിസ് ഓഹരികള്‍ കൊച്ചുമക്കള്‍ക്ക് കൈമാറിയത് നാരായണ മൂര്‍ത്തി മാത്രമല്ല. രണ്ട് വര്‍ഷം മുമ്പ്, നന്ദന്‍ നിലേകനിയുടെ ചെറുമകന്‍ തനുഷ് നിലേകനി ചന്ദ്രയും ഇത്തരത്തില്‍ ഇന്‍ഫോസിസ് ഓഹരികള്‍ കൈമാറിക്കിട്ടി കുട്ടിക്കോടീശ്വരനായിരുന്നു. നിലേകനിയുടെ മകള്‍ ജാന്‍ഹവി കൈമാറിയ 7.7 ലക്ഷം ഓഹരികളാണ് തനുഷിനെ ശതകോടീശ്വരനാക്കിയത്. കൈമാറ്റം ചെയ്ത സമയത്ത് 106 കോടി രൂപ മൂല്യമുണ്ടായിരുന്ന ഈ ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 124 കോടി രൂപയാണ്. തനുഷിന് നിലവില്‍ ഇന്‍ഫോസിസില്‍ 33.5 ലക്ഷം ഓഹരികളാണുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 530 കോടി രൂപയാണ്.
മിലനും നികിതയും
ഇന്‍ഫോസിസ് സഹസ്ഥാപകനും മലയാളിയുമായ എസ് ഡി ഷിബുലാലും മകള്‍ ശ്രുതി ഷിബുലാലും ചേര്‍ന്ന് ഷിബുലാലിന്റെ ചെറുമകന്‍ മിലന്‍ ഷിബുലാല്‍ മഞ്ചന്ദയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി 2,327 കോടി രൂപയുടെ ഓഹരികളും കൈമാറിയിരുന്നു. ഇന്‍ഫോസിസിന്റെ 1,100 കോടിയിലധികം മൂല്യമുള്ള 69 ലക്ഷത്തിലധികം ഓഹരികള്‍ മിലന് ഇപ്പോള്‍ സ്വന്തമാണ്. ശ്രുതി ഷിബുലാലിന്റെ മകള്‍ നികിത ഷിബുലാല്‍ മഞ്ചന്ദയ്ക്കും ഇന്‍ഫോസിസിന്റെ 69 ലക്ഷത്തിലധികം ഓഹരികള്‍ സ്വന്തമായുണ്ട്.
മൂര്‍ത്തി കുടുംബം
നാരായണ മൂര്‍ത്തിയുടെ മകളും യുകെ പ്രധാനമന്ത്രിയായ ഋഷി സുനാകിന്റെ ഭാര്യയുമായ അക്ഷത മൂര്‍ത്തിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും. മൂര്‍ത്തി കുടുംബത്തില്‍, അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ 1.05% ഓഹരികള്‍ സ്വന്തമായുണ്ട്. അക്ഷതയുടെ സഹോദരന്‍ രോഹന് 1.64% ഓഹരികളാണുള്ളത്. സുധ മൂര്‍ത്തിക്ക് 0.93% ഓഹരികള്‍ സ്വന്തം.

