Connect with us

Hi, what are you looking for?

News

പുതിയ ‘ഡിസ്‌റപ്റ്ററാ’കുമോ ജിയോബ്രെയിന്‍?

എട്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു

2016 സെപ്റ്റംബറില്‍ ജിയോ ബ്രാന്‍ഡിന് കീഴില്‍ ടെലികോം സേവനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോഞ്ച് ചെയ്തു. വലിയൊരു തച്ചുടയ്ക്കലായിരുന്നു അന്ന് നടന്നത്. സൗജന്യ വോയ്‌സ് കോളും ഡാറ്റ സേവനങ്ങളും നല്‍കി മുകേഷ് അംബാനി രംഗപ്രവേശം ചെയ്തപ്പോള്‍, എതിരാളികളായ ഭാരതി എയര്‍ടെലും വോഡഫോണും ഐഡിയയും പകച്ചുനിന്നു. നിലനില്‍ക്കാന്‍ സാധിക്കാതെ വോഡഫോണും ഐഡിയയും ലയിച്ചു. എട്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. മാത്രമല്ല, പുതിയ ഒരു ഡിസ്‌റപ്ഷനും പ്രഖ്യാപിച്ചിരിക്കുന്നു അംബാനി, ജിയോബ്രെയിന്‍. സമഗ്ര എഐ പ്ലാറ്റ്‌ഫോമാണ് ജിയോബ്രെയിന്‍. ഏതെല്ലാം മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളാകും ഇതുവരുത്തുക…പ്രോഫിറ്റ് അന്വേഷിക്കുന്നു…

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. രാജ്യത്ത് ആദ്യമായി 20 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം നേടിയ കമ്പനിയായ റിലയന്‍സ്, പെട്രോകെമിക്കല്‍സ് മുതല്‍ ടെലികോം വരെ നീളുന്ന വമ്പന്‍ ബിസിനസ് ശൃംഖലയാണ് കൈയാളുന്നത്. ഫോബ്‌സ് പട്ടിക അനുസരിച്ച് 11.8 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഹുറണ്‍ സമ്പന്ന പട്ടിക അനുസരിച്ചാകട്ടെ ഏകദേശം 10 ലക്ഷം കോടി രൂപയോളം വരുമിത്.

മുകേഷ് അംബാനി

2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകളാണെന്നാണ് അടുത്തിടെ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി വ്യക്തമാക്കിയത്. പരമ്പരാഗത, പുതുതലമുറ തൊഴില്‍ മേഖലകളിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായി ജോലിയെടുക്കുന്നത് 6.5 ലക്ഷം പേരാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് നടത്തിയത് 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. കമ്പനിയുടെ 47ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. വലിയ മൂല്യവര്‍ധനയാത്രയാണ് റിലയന്‍സ് നടത്തിയതെന്ന് അദ്ദേഹം പറയുകയുണ്ടായി.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഖജനാവിന് നല്‍കിയ നികുതി 5.5 ലക്ഷം കോടി രൂപയോളം വരുമെന്നും അംബാനി വ്യക്തമാക്കുകയുണ്ടായി. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ നികുതി തുകയാണിത്. ഒറ്റ കമ്പനിയെന്ന നിലയില്‍ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം നികുതിയിനങ്ങളില്‍ റിലയന്‍സ് നല്‍കിയത് 1,86,440 കോടി രൂപയാണ്. വ്യവസായ മേഖലകളില്‍ മുകേഷ് അംബാനിയുടെ ഡിസ്‌റപ്റ്റീവ് സ്ട്രാറ്റജിയാണ് ഈ തോതിലുള്ള വളര്‍ച്ചയിലേക്ക് റിലയന്‍സിനെ എത്തിച്ചത്. ഇനിയും പുതിയ സങ്കേതങ്ങളിലേക്ക് ചുവട് മാറുകയാണ് റിലയന്‍സ്.

ജിയോയുടെ മാസ് എന്‍ട്രി

2016 സെപ്റ്റംബര്‍ മാസത്തിലാണ് ജിയോ ബ്രാന്‍ഡിന് കീഴില്‍ ടെലികോം സേവനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോഞ്ച് ചെയ്തത്. വലിയൊരു തച്ചുടയ്ക്കലായിരുന്നു അന്ന് വിപണിയില്‍ നടന്നത്. സൗജന്യ വോയ്‌സ് കോളും ഡാറ്റ സേവനങ്ങളും നല്‍കി മുകേഷ് അംബാനി രംഗപ്രവേശം ചെയ്തപ്പോള്‍, എതിരാളികളായ ഭാരതി എയര്‍ടെലും വോഡഫോണും ഐഡിയയും പകച്ചുനിന്നു. നിലനില്‍ക്കാന്‍ സാധിക്കാതെ വോഡഫോണും ഐഡിയയും ലയിച്ചു.

എട്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇന്ന് മുന്‍നിരയിലാണ്. അതിനാലാണ് രാജ്യത്തെ കണക്റ്റിവിറ്റി വിപണിയില്‍ പരിവര്‍ത്തനാത്മകമായ പങ്കുവഹിക്കുകയാണ് ജിയോയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി അടുത്തിടെ പറഞ്ഞത്.

മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യയുടെ റാങ്കിംഗ് 155ല്‍ നിന്ന് ഒന്നാം സ്ഥാനത്തേക്കാണ് കുതിച്ചത്. ഇതിന് പ്രധാന കാരണം റിലയന്‍സ് ജിയോ വിപണിയില്‍ വരുത്തിയ ഉടച്ചുവാര്‍ക്കലാണ്. കേവലം എട്ട് വര്‍ഷത്തിനുള്ളില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനിയായി മാറിയെന്നാണ് അംബാനി വ്യക്തമാക്കിയത്.

ആഗോള ഗ്ലോബല്‍ ഡാറ്റ ട്രാഫിക്കിന്റെ എട്ട് ശതമാനത്തോളം കൈയാളുന്നത് ജിയോയാണ്. ഇന്ത്യയുടെ മൊത്തം ഡാറ്റ ട്രാഫിക്കിന്റെ 60 ശതമാനമെന്ന മൃഗീയ വിപണിവിഹിതമാണ് ജിയോയ്ക്കുള്ളത്. മൊത്തത്തില്‍ 490 ദശലക്ഷം വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഇതില്‍ 130 മില്യണ്‍ 5ജി വരിക്കാരാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ 5ജി വരിക്കാര്‍ ജിയോയ്ക്കാണെന്ന് പറയാം.

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് അതിവേഗമെത്താനുള്ള പദ്ധതിയുമായി റിലയന്‍സ് ജിയോഎയര്‍ഫൈബര്‍ പോലുള്ള സേവനങ്ങളും ഇപ്പോള്‍ സജീവമാണ്. ഓരോ മാസത്തിലും പുതിയ ഒരു മില്യണ്‍ ഉപയോക്താക്കളെ നേടുകയാണ് ജിയോഎയര്‍ഫൈബറിന്റെ ലക്ഷ്യമെന്ന് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു. 2023 ഒക്റ്റോബറിലാണ് ജിയോഎയര്‍ഫൈബര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജിയോയുടെ 5ജി അധിഷ്ഠിത ഹോം ബ്രോഡ്ബാന്‍ഡ് സര്‍വീസാണ് ജിയോഎയര്‍ഫൈബര്‍.

കേവലം ആറ് മാസത്തിനുള്ളിലാണ് ജിയോഎയര്‍ഫൈബര്‍ ആദ്യ ഒരു മില്യണ്‍ ഉപയോക്താക്കളെ നേടിയത്. ഈ നാഴികക്കല്ല് ശ്രദ്ധേയവും ആഗോളതലത്തില്‍ ഏറ്റവും വേഗതയേറിയ ഉപഭോക്തൃ സ്വാംശീകരണവുമാണെന്ന് അംബാനി ചൂണ്ടിക്കാട്ടി. ‘എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങളുടെ ഡീപ്-ടെക് ശേഷി പ്രയോജനപ്പെടുത്തുകയും എല്ലാ പ്രക്രിയകളും തുടര്‍ച്ചയായി ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തുകൊണ്ട്, വെറും 100 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ അടുത്ത 1 ദശലക്ഷം എയര്‍ ഫൈബര്‍ ഉപഭോക്താക്കളെ സ്വന്തമാക്കി,” മുകേഷ് അംബാനി പറഞ്ഞു.

‘ഓരോ 30 ദിവസത്തിലും ഒരു ദശലക്ഷം വീടുകളിലേക്ക് ജിയോഎയര്‍ഫൈബര്‍ സേവനം എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതൊരു വെല്ലുവിളിയുയമാണ്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍, 100 മില്യണ്‍ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ റെക്കോര്‍ഡ് വേഗതയില്‍ നേടാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,” അംബാനി കൂട്ടിച്ചേര്‍ക്കുന്നു.

20 ദശലക്ഷത്തിലധികം ചെറുകിട ഇടത്തരം ബിസിനസുകളെയും 1.5 ദശലക്ഷം സ്‌കൂളുകളെയും കോളേജുകളെയും 70,000ത്തിലധികം ആശുപത്രികളെയും 1.2 ദശലക്ഷത്തിലധികം ഡോക്ടര്‍മാരെയുമാണ് ജിയോ ലക്ഷ്യമിടുന്നത്. ഈ സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്, അവയെ ബന്ധിപ്പിച്ച് ഞങ്ങള്‍ കൂടുതല്‍ ശക്തവും കൂടുതല്‍ കരുത്തുറ്റതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്-അംബാനി പറഞ്ഞു. ടെലികോം വിപണിയിലെ ഡിസ്‌റപ്ഷന് ശേഷം ജിയോ ബ്രെയിനിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ വിപ്ലവത്തിന് ഒരുങ്ങുകയാണ് ജിയോ.

എന്താണ് ജിയോബ്രെയിന്‍?

ലോകം മുഴുവന്‍ എഐ കേന്ദ്രീകൃതമായി മാറുമോ? ഈ ചോദ്യം ഇന്ന് സജീവമാണെങ്കിലും സാധാരണക്കാരിലേക്ക് എഐ എത്തുന്ന തരത്തിലേക്ക് നമ്മുടെ സംവിധാനങ്ങള്‍ ജനകീയമായിട്ടില്ല ഇതുവരെ. കൃത്രിമ ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ജനാധിപത്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എത്തുന്നത്. ‘എഐ എല്ലായിടത്തും എല്ലാവര്‍ക്കു വേണ്ടിയും’ (AI everywhere for everyone) എന്ന സന്ദേശത്തോടെയാണ് പുതിയ പദ്ധതിക്ക് റിലയന്‍സ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കുവച്ചിരുന്നു.

എഐ ലൈഫ്സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നത്. ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര് നല്‍കിയരിക്കുന്നത്. റിലയന്‍സിനുള്ളില്‍ ജിയോ ബ്രെയിന്‍ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയില്‍ രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും അത് ലഭ്യമാക്കാനാണ് അംബാനിയുടെ പദ്ധതി.

ഇന്ത്യയിലെ എല്ലാവര്‍ക്കും ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ശക്തമായ എഐ മോഡലുകളും സേവനങ്ങളും വികസിപ്പിക്കുന്നതിന്, യഥാര്‍ത്ഥ ദേശീയ എഐ ഇന്‍ഫ്രാസ്ട്രക്ചറിനുള്ള അടിത്തറ പാകുകയാണ് ജിയോ. ‘ജിഗാവാട്ട് തലത്തിലുള്ള എഐ-റെഡി ഡാറ്റാ സെന്ററുകള്‍ ജാംനഗറില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുകയാണ്. പൂര്‍ണ്ണമായും റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാ
യിരിക്കുമിത്. അതിനാല്‍ സുസ്ഥിര വികസനത്തോടും ഹരിത ഭാവിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണത്,’ അംബാനി പറഞ്ഞു.

‘ഇന്‍ഫ്രാസ്ട്രക്ചര്‍, നെറ്റ് വര്‍ക്കിംഗ്, ഓപ്പറേഷന്‍സ്, സോഫ്റ്റ് വെയര്‍, ഡാറ്റ എന്നിവയില്‍ റിലയന്‍സിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും ഞങ്ങളുടെ ആഗോള പങ്കാളികളുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും കുറഞ്ഞ എഐ
അനുമാന ചെലവ് ഇവിടെ ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഇന്ത്യയിലെ എഐ ആപ്ലിക്കേഷനുകള്‍ മറ്റെവിടെയെക്കാളും ചെലവ് കുറഞ്ഞതാക്കി മാറ്റും, എഐ എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയും,’ അംബാനി വിശദീകരിച്ചു.
കണക്റ്റഡ് ഇന്റലിജന്‍സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.

2023 മുതല്‍ ഇതുമായി ബന്ധപ്പെട്ട് അംബാനി കൃത്യമായ നിലപാടുകള്‍ കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഷെയര്‍ഹോള്‍ഡര്‍മാരുടെ വാര്‍ഷിക പൊതുയോഗത്തില്‍, ‘എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡിന് ശേഷം, ഞങ്ങള്‍ എല്ലാവര്‍ക്കും എഐ എത്തിക്കും’ എന്ന് അംബാനി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം, എഐ ഒടുവില്‍ എല്ലാവരിലേക്കും എത്തുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്.

സംശുദ്ധ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഡാറ്റ സെന്ററുകള്‍ ജാംനഗറില്‍ റിലയന്‍സ് വികസിപ്പിക്കുന്നത് എഐ ജനകീയവല്‍ക്കരണത്തിന്റെ ഭാഗമാണ്. സമയം ലാഭിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ട്രാന്‍സ്‌ക്രൈബ് ചെയ്യാനും വിവര്‍ത്തനം ചെയ്യാനുമുള്ള പുതിയ ഫീച്ചറായ ഫോണ്‍ കോള്‍ എഐ ഇതിന്റെ ഭാഗമായിരിക്കും. ഡാറ്റ അധിഷ്ഠിത വര്‍ക്ക് ഫ്‌ളോ സൃഷ്ടിക്കുന്നതിനും തല്‍സമയം ഉള്‍ക്കാഴ്ച്ചകള്‍ പകരുന്നതിനുമെല്ലാമായുള്ള എഐ ടൂള്‍കിറ്റും റിലയന്‍സസ് അവതരിപ്പിക്കുന്നുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ ജിയോ ഡിജിറ്റല്‍ സര്‍വീസസിന്റെ പങ്ക് കാര്യമായി വര്‍ധിക്കുകയാണ്. നിലവില്‍ 8648 ബില്യണ്‍ രൂപയാണ് ജിയോയുടെ മൂല്യം. കമ്പനിയുടെ പരമ്പരാഗത റീട്ടെയ്ല്‍ ബിസിനസോട് കിടപിടിക്കുന്ന വിപണി മൂല്യമാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജിയോ സൃഷ്ടിച്ചെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും