ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ സ്ഥാപിച്ചേക്കും. തമിഴ്നാട്ടിലാണ് കമ്പനിയുടെ ആദ്യ രണ്ട് പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നാമത്തെ പ്ലാന്റിലൂടെ അയല്‍ സംസ്ഥാനത്തേക്ക് കടക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാതാക്കളായ കമ്പനി.
ഔറംഗബാദിനടുത്തുള്ള ബിഡ്കിന്‍ ടൗണില്‍ 100 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏഥര്‍ എനര്‍ജിയുടെ പുതിയ ഫാക്ടറി 1,000 കോടി രൂപ മുതല്‍മുടക്കില്‍ ഘട്ടംഘട്ടമായി നിര്‍മിക്കും. അസംബ്ലിംഗിലും ബാറ്ററി ഉല്‍പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി നിലവില്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
കര്‍ണാടകയുടെ നഷ്ടമാണ് മഹാരാഷ്ട്രക്ക് നേട്ടമാകുന്നത്. മൂന്നാമത്തെ ഇവി പ്ലാന്റ് കര്‍ണാടകയില്‍ സ്ഥാപിക്കാനാണ് ഏഥര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സര്‍ക്കാരുമായുള്ള തര്‍ക്കം നീണ്ടതോടെ പ്ലാന്റ് മഹാരാഷ്ട്രക്ക് പോകുകയായിരുന്നു. മുന്‍നിര ഇവി നിര്‍മാണ കേന്ദ്രമാകാനുള്ള കര്‍ണാടകയുടെ സ്വപ്നത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
ഔറംഗബാദിനടുത്തുള്ള ബിഡ്കിന്‍ ടൗണില്‍ 100 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏഥര്‍ എനര്‍ജിയുടെ പുതിയ ഫാക്ടറി 1,000 കോടി രൂപ മുതല്‍മുടക്കില്‍ ഘട്ടംഘട്ടമായി നിര്‍മിക്കും
കര്‍ണാടകയാണ് ആദ്യ ഇവി നയം ഉണ്ടാക്കിയതെങ്കിലും ഇവി വ്യവസായം സജ്ജമാക്കാന്‍ വേണ്ടത്ര പ്രയത്നം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തു നിന്നുള്ള പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ മോഹന്‍ദാസ് പൈ പറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തില്‍ 1,753.8 കോടി രൂപ വരുമാനം റിപ്പോര്‍ട്ട് ചെയ്ത ഏഥര്‍ എനര്‍ജി ഗണ്യമായ വളര്‍ച്ച കൈവരിക്കുന്ന സമയത്താണ് മഹാരാഷ്ട്രയിലേക്കുള്ള നീക്കം. 2.2 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് കമ്പനി അടുത്തിടെ 124 കോടി രൂപയുടെ തന്ത്രപരമായ നിക്ഷേപം നേടിയിരുന്നു.

