വമ്പന്‍ ഇ-കൊമേഴ്സ് കമ്പനികളുടെ ഇരപിടിത്ത മനോഭാവത്തോടെയുള്ള വിലയിടീല്‍ ആശങ്കാജനകമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. പരമ്പരാഗത റീട്ടെയ്ല്‍ മേഖലയില്‍ തൊഴില്‍ നഷ്ടത്തിന് ഇത് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇ-കൊമേഴ്സിന് നിര്‍ണായക പ്രാധാന്യമുണ്ടെങ്കിലും കൂടുതല്‍ സംഘടിതമായ രൂപത്തില്‍ എന്താണ് അതിന് ചെയ്യാന്‍ സാധിക്കുകയെന്ന് ജാഗ്രതയോടെ ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്ന് ആമസോണ്‍ പറയുമ്പോള്‍ നമ്മളെല്ലാവരും അത് ആഘോഷിക്കും പക്ഷേ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അത് എന്തെങ്കിലും സഹായമോ പിന്തുണയോ ആകില്ലെന്ന വലിയകാര്യം നാം മറന്നുപോകും. അവരുടെ ബാലന്‍സ് ഷീറ്റില്‍ ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം കാണിച്ചിരിക്കുന്നത്. അവര്‍ക്ക് അത് തിരികെ പിടിക്കേണ്ടതുണ്ട്,’ ഗോയല്‍ ചൂണ്ടിക്കാട്ടി.
1000 കോടി രൂപ പ്രൊഫഷണലുകള്‍ക്ക് നല്‍കിയതോടെയാണ് അവര്‍ക്ക് ഈ നഷ്ടം സംഭവിച്ചത്. കേസ് വാദിക്കാതിരിക്കാന്‍ മുന്‍നിര അഭിഭാഷകര്‍ക്കെല്ലാം പണം നല്‍കിയതിനാലാണ് ഈ നഷ്ടം സംഭവിച്ചതെന്നും മന്ത്രി ആരോപിച്ചു.
അതേസമയം പെഹലേ ഇന്ത്യ ഫൗണ്ടേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ഈ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്. ഇ-കൊമേഴ്സ് ബിസിനസുകള്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നെന്നും 54% അധികം ആളുകള്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്ത്രീകള്‍ക്ക് ഓഫ്ലൈന്‍ സ്റ്റോറുകളെ അപേക്ഷിച്ച് ഇരട്ടി തൊഴില്‍ ഇ-കൊമേഴ്സ് രംഗം നല്‍കുന്നുണ്ട്. ഇ-കൊമേഴ്സ് രംഗത്ത് കുതിപ്പ് ദൃശ്യമായ 2020 ന് ശേഷം അഞ്ചിലൊന്ന് കടകള്‍ മാത്രമാണ് പൂട്ടിപ്പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

