ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള നൈപുണ്യ പരിശീലന കേന്ദ്രമായ ഇറാം സ്‌കില്‍സ് അക്കാദമി പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുമായി ചേര്‍ന്ന് സമഗ്ര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തെ ഓട്ടോ ഇന്‍ഡസ്ട്രിയില്‍ നിലവില്‍ അഞ്ച് ലക്ഷം നൈപുണ്യമുള്ള ജോലിക്കാരുടെ അഭാവമുണ്ട്. കേരളത്തില്‍ മാത്രം 15000 ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്.

ഇതിനായുള്ള നൈപുണ്യ വികസ കേന്ദ്രം, കുന്നംകുളം അസാപ് കമ്യൂണിറ്റി പാര്‍ക്കില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് പവന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മുഖ്യാതിഥിയായി. ഇറാം ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ടെക്നിക്കല്‍ ഹെഡ് കെ രവി, സോണല്‍ കസ്റ്റമര്‍ കെയര്‍ ഹെഡ് പ്രത്യുഷ് ബോസ്, അസാപ് സ്‌കില്‍ പാര്‍ക്ക് ഹെഡ് റിട്ട. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഇ വി സജിത്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പരമ്പരാഗതമായി പുരുഷന്‍മാര്‍ക്ക് പ്രാധാന്യമുള്ള ഓട്ടോ ഇന്‍ഡസ്ട്രിയിലേക്ക് വനിതകളെ കൂടുതലായി എത്തിക്കാനുള്ള ഇറാം ഗ്രൂപ്പിന്റെ പ്രതിബദ്ധത ചെയര്‍മാനും എംഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് എടുത്തുപറഞ്ഞു. ഇറാം മോട്ടോഴ്സിന്റെ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും 50% വനിതകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ വൈകാതെ 200 പേര്‍ക്ക് തൊഴിലവസരം ഒരുക്കും. ഐടിഐ, പോളിടെക്നിക്ക് ബിരുദമുള്ളവര്‍ക്ക് പരിശീലനം നല്‍കി ഇവര്‍ക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കേരളത്തിലെ സര്‍വീസ് സെന്ററുകളില്‍ ജോലി നല്‍കും. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുന്ന എല്ലാവര്‍ക്കും മുന്‍നിര വാഹന കമ്പനികളുടെ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും പ്ലേസ്മെന്റ് ഉറപ്പ് നല്‍കുന്നുണ്ട്. ഒരു മാസത്തെ പഠനവും പിന്നീട് മഹീന്ദ്രയുടെ സര്‍വീസ് സെന്ററുകളില്‍ 15 ദിവസത്തെ പരിശീലനവുമാണ് ഐടിഐ, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ലഭിക്കുക. ഓട്ടോ ഇന്‍ഡസ്ട്രിയിലെ മാറിവരുന്ന ടെക്നോളജികളില്‍ പ്രാവീണ്യമുള്ള തൊഴില്‍ ശക്തിയെയാകും ഇപ്രകാരം തയാറാക്കുക.

