അടുത്ത വര്‍ഷം ടെസ്ല കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ധാരണയില്‍ കേന്ദ്ര സര്‍ക്കാരും ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയും എത്തിയതായാണ് സൂചന. ഇന്ത്യയിലേക്ക് ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും.
2 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടെസ്ല നിര്‍മ്മാണ പ്ലാന്റ് തുടങ്ങാനാണ് പദ്ധതി. ജനുവരിയില്‍ നടക്കുന്ന ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇന്ത്യയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി തുടക്കത്തില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ടെസ്ല പദ്ധതിയിടുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്ന് 15 ബില്യണ്‍ ഡോളര്‍ വില വരുന്ന വാഹന ഘടകങ്ങള്‍ വാങ്ങാനും ടെസ്ല പദ്ധതിയിടുന്നുണ്ട്. ചെലവ് ചുരുക്കുന്നതിനായി കമ്പനി ഇന്ത്യയില്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്.
ഇന്ത്യയില്‍ പ്രധാനപ്പെട്ട നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ജൂണില്‍ പറഞ്ഞിരുന്നു. 2024 ല്‍ ഇന്ത്യ സന്ദര്‍ശിക്കാനായി തനിക്ക് പദ്ധതിയുള്ളതായും മസ്‌ക് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞ പാസഞ്ചര്‍ വാഹനങ്ങളില്‍, ഇലക്ട്രിക് കാറുകളുടെ വില്‍പന 1.3 % മാത്രമാണ്. ഇലക്ട്രിക കാറുകളുടെ ഉയര്‍ന്ന വിലയും ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവവുമാണ് കാരണം.
ഉയര്‍ന്ന നികുതി കാരണം നിലവില്‍ ടെസ്ല ഇന്ത്യയിലേക്ക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നില്ല. എന്നാല്‍ ടെസ്ലയുടെ പ്രാദേശിക നിര്‍മ്മിത കാറുകള്‍ വില്‍പനക്ക് എത്തുമ്പോള്‍ 20,000 ഡോളര്‍ വിലയില്‍ ലഭ്യമായേക്കും. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഫ്രീമണ്‍ട്ടിലെ ടെസ്ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു.

