ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ടെക്നോളജിയുടെ ചൈനയിലെ പ്ലാന്റുകളില്‍ നികുതി വിഭാഗത്തിന്റെ പരിശോധന. കമ്പനി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പരിശോധനയെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ പ്രകൃതിവിഭവ വകുപ്പും ഹെനാന്‍, ഹുബെ പ്രവിശ്യകളിലെയും മറ്റ് സ്ഥലങ്ങളിലെയും ഫോക്‌സ്‌കോണിന്റെ സംരംഭങ്ങളുടെ ഭൂവിനിയോഗത്തെക്കുറിച്ച് സ്ഥലത്തെത്തി അന്വേഷണങ്ങള്‍ നടത്തി. അന്വേഷണത്തെക്കുറിട്ടുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന നികുതി ഓഡിറ്റും ഭൂവിനിയോഗ അന്വേഷണങ്ങളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സംശയ നിഴലിലുള്ള ഏതൊരു സംരംഭത്തിനെതിരെയും ഉണ്ടാവുന്നതാണെന്നും ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും ഷിയാമെന്‍ യൂണിവേഴ്‌സിറ്റിയിലെ തായ്വാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡീന്‍ ഷാങ് വെന്‍ഷെങ് പറഞ്ഞു.
ഫോക്സ്‌കോണിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ ഓഡിറ്റുകളോടും അന്വേഷണങ്ങളോടും സജീവമായി സഹകരിക്കാന്‍ ബാധ്യസ്ഥരാണ്, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, അവര്‍ തെറ്റുകള്‍ സമ്മതിക്കുകയും പിഴകള്‍ സ്വീകരിക്കുകയും തിരുത്തല്‍ വേഗത്തിലാക്കുകയും വേണമെന്നും ഷാങ് പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കുമെന്ന് ഫോക്സ്‌കോണ്‍ പ്രതികരിച്ചു. ലോകമെങ്ങും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ജനുവരിയില്‍ നടക്കുന്ന തായ്വാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫോക്‌സ്‌കോണ്‍ സ്ഥാപകന്‍ ടെറി ഗൗ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ മത്സരം ചൈന-തായ്വാന്‍ ബന്ധത്തിലും തായ്വാന്‍ കടലിടുക്കിലെ പിരിമുറുക്കത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാല് വര്‍ഷം മുമ്പ് ഫോക്‌സ്‌കോണിന്റെ ചുമതല ഗൗ തന്റെ പിന്‍ഗാമിക്ക് കൈമാറിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സെപ്റ്റംബര്‍ ആദ്യം ബോര്‍ഡിലെ തന്റെ സ്ഥാനവും രാജിവച്ചു. പക്ഷേ കമ്പനിയില്‍ അദ്ദേഹം 12.5 ശതമാനം ഓഹരി നിലനിര്‍ത്തി.
തായ്വാന്‍ ആസ്ഥാനമായ കമ്പനികളുടെ യൂണിറ്റുകളെ ബെയ്ജിംഗ് മുമ്പ്, അന്വേഷണങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദവും ഉപയോഗിച്ച് വിരട്ടാന്‍ നോക്കിയിട്ടുണ്ട്.
തായ്വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. തായ്വാനെ ചെനയിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയെ ചെറുക്കുകയാണെങ്കില്‍ ദ്വീപ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള പദ്ധതി ചൈനയ്ക്കുണ്ട്.
തായ്വാനിലെ പ്രമുഖ അഭിപ്രായ സര്‍വേ ഗ്രൂപ്പായ ഫോര്‍മോസ ഈ ആഴ്ച നടത്തിയ സര്‍വേ പ്രകാരം ഗൗ മറ്റ് മൂന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ പിന്നിലാണ്. 7 ശതമാനം പിന്തുണ മാത്രമാണ് അദ്ദേഹത്തിന് സമാഹരിക്കാനായത്.
ഫോക്‌സ്‌കോണിനെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ദാതാവും കയറ്റുമതിക്കാരനുമാക്കി മാറ്റിയ ഗൗ താന്‍ ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയത്.
‘പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍, അതെ, ദയവായി അത് ചെയ്യൂ എന്ന് ഞാന്‍ പറയും,’ എന്നാണ് ഗൗ പ്രഖ്യാപിച്ചത്.

