കൊച്ചി: കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടില്‍ റണ്ണേഴ്‌സ് അപ്പായ എറണാകുളം പ്രസ് ക്ലബ് ടീമായ ഡിഎന്‍എഫ്ടി കൊച്ചിന്‍ ഹീറോസിന് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പാലക്കാടിനെ 86 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ പ്രസ് ക്ലബ്ബ് ടീം തിരുവനന്തപുരത്തോട് പരാജയപ്പെടുകയായിരുന്നു.
ടീം ക്യാപ്റ്റന്‍ അനില്‍ സച്ചു ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്‌സ്മാന്‍ പുരസ്‌കാരവും അനില്‍ നേടി. പ്രസ് ക്ലബ്ബില്‍ നടന്ന സ്വീകരണച്ചടങ്ങ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടീം അംഗങ്ങളെ ആദരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍ ആശംസ നേര്‍ന്നു. ക്യാപ്റ്റന്‍ അനില്‍ സച്ചു, ടീം മാനേജര്‍ അഷ്‌റഫ് തൈവളപ്പ്, അസി. മാനേജര്‍ പി പി ജുനൂബ്, ടീം അംഗങ്ങളായ ജയിംസ് പുഞ്ചല്‍, ജെറി എം തോമസ്, അച്ചു എസ് പി, അഭിജിത്ത് ഡി കെ, വിഷ്ണു പി. രമേഷ്, ശ്രീകാന്ത് മണിമല, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബൈജു ഭാസി, ശ്രീജിത്ത് വി ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിഎന്‍എഫ്ടിക്ക് പുറമെ ടെക് ബാങ്ക്, സിംഗിള്‍ ഐ.ഡി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ടീം പരിശീലനം. പ്രസ് ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മനു ഷെല്ലി നന്ദിയും പറഞ്ഞു.

