ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം നടത്താന്‍ ടെക് ഭീമന്‍മാരായ ആമസോണ്‍, എന്‍വിഡിയ, മൈക്രോസോഫ്റ്റ് എന്നിവ ഒരുമിക്കുന്നു. മനുഷ്യസമാനമായ റോബോട്ടുകളെ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരായ സ്റ്റാര്‍ട്ടപ്പായ ഫിഗര്‍ എഐയിലാണ് ഇവര്‍ സംയുക്ത നിക്ഷേപം നടത്തുന്നത്. ഓപ്പണ്‍എഐയുടെയും നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെയും പിന്തുണ നേരത്തെ തന്നെ ഫിഗര്‍ എഐയ്ക്കുണ്ട്.
675 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നേടിയെടുക്കുന്നതിന്റെ വക്കിലാണ് കമ്പനി. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ജെഫ് ബെസോസ് തന്റെ സ്ഥാപനമായ എക്സ്പ്ലോര്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി വഴി 100 മില്യണ്‍ ഡോളറും മൈക്രോസോഫ്റ്റ് 95 മില്യണ്‍ ഡോളറുമാണ് നിക്ഷേപിക്കുന്നത്. എന്‍വിഡിയയും ആമസോണുമായി ബന്ധപ്പെട്ട ഫണ്ടുകളും 50 മില്യണ്‍ ഡോളര്‍ വീതം സംഭാവന ചെയ്തിരിക്കുന്നു.
2022 നവംബറില്‍ ലോഞ്ച് ചെയ്ത ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ വിജയത്തെ തുടര്‍ന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചിരിക്കുന്നത്.
ജെഫ് ബെസോസ് തന്റെ സ്ഥാപനമായ എക്സ്പ്ലോര്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി വഴി 100 മില്യണ്‍ ഡോളറും മൈക്രോസോഫ്റ്റ് 95 മില്യണ്‍ ഡോളറുമാണ് നിക്ഷേപിക്കുന്നത്
ഇന്റലിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ വിഭാഗം, എല്‍ജി ഇന്നോടെക്, സാംസങ്ങിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, വെഞ്ച്വര്‍ സ്ഥാപനങ്ങളായ പാര്‍ക്ക്വേ വെഞ്ച്വര്‍ ക്യാപിറ്റല്‍, അലൈന്‍ വെഞ്ച്വേഴ്‌സ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ പിന്തുണ ഫിഗര്‍ എഐയെ ശക്തിപ്പെടുത്തുന്നു.
കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിഗര്‍ എഐ, വെയര്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ വരെ വിവിധ പരിതസ്ഥിതികളില്‍ വൈവിധ്യമാര്‍ന്ന ജോലികള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏകദേശം 2 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഫിഗര്‍ എഐക്ക് കണക്കാക്കിയിരിക്കുന്നത്.

