തമിഴ്നാട് കേന്ദ്രീകരിച്ച് വമ്പന്‍ പദ്ധതികളുമായി ടെക് ഭീമനായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. സ്മാര്‍ട്ട്ഫോണുകളും ഡ്രോണുകളും തമിഴ്നാട്ടില്‍ നിര്‍മിക്കാനാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണ് ഗൂഗിള്‍. പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണുകളാണ് ഗൂഗിള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നത്.
നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാന്‍ ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ ചെന്നൈ സന്ദര്‍ശിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് എഫ്ഐഎച്ചിനു കീഴില്‍ പുതുതായി രൂപീകരിച്ച കമ്പനി മുഖേന ഫോക്‌സ്‌കോണ്‍ ഗൂഗിളിനായി പിക്‌സല്‍ ഫോണുകള്‍ നിര്‍മ്മിക്കും. ചെന്നൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശ്രീപെരുമ്പത്തൂരിലെ ഒരു യൂണിറ്റിലാവും ഉല്‍പ്പാദനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പറന്നുയരും ഗൂഗിള്‍ ഡ്രോണുകള്‍
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ, യുഎസ് ടെക് ഭീമന്‍ ഉപകമ്പനിയായ ‘വിംഗ് എല്‍എല്‍സി’ വഴി സംസ്ഥാനത്ത് ഡ്രോണുകളുടെ നിര്‍മ്മാണവും ആരംഭിക്കും. വിംഗ് എല്‍എല്‍സി ഡ്രോണുകള്‍ക്കായി തമിഴ്‌നാട്ടില്‍ ഒരു അസംബ്ലി ലൈന്‍ സ്ഥാപിക്കും. ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന വ്യവസായ മന്ത്രി ടിആര്‍ബി രാജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അടുത്തിടെ യുഎസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് എഫ്ഐഎച്ചിനു കീഴില്‍ പുതുതായി രൂപീകരിച്ച കമ്പനി മുഖേന ഫോക്‌സ്‌കോണ്‍ ഗൂഗിളിനായി പിക്‌സല്‍ ഫോണുകള്‍ നിര്‍മ്മിക്കും
ഡ്രോണ്‍ കയറ്റുമതി കേന്ദ്രമായി സ്വയം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് വിംഗ് എല്‍എല്‍സിയുടെ ഡ്രോണ്‍ നിര്‍മ്മാണം സഹായകമായേക്കാം. ഇന്ത്യയിലെ ഡ്രോണ്‍ വിപണി 2022 ല്‍ ഏകദേശം 2.71 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 13 ബില്യണ്‍ ഡോളറിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇലക്ട്രോണിക്സ് ഹബ്ബായി തമിഴ്നാട്
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഹബ്ബായി തമിഴ്‌നാട് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഗൂഗിളിന്റെ നീക്കം. ആപ്പിളിന്റെ വമ്പന്‍ മുന്നേറ്റം ഏറ്റവുമധികം കരുത്തായിരിക്കുന്നത് തമിഴ്നാടിനാണ്. 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടകയ്ക്കും ഉത്തര്‍പ്രദേശിനും മുന്നില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍ കയറ്റുമതി ചെയ്ത സംസ്ഥാനമായി തമിഴ്നാട് മാറി. 2023 സാമ്പത്തിക വര്‍ഷത്തിലെ 5.37 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 9.56 ബില്യണ്‍ ഡോളറായി കയറ്റുമതിയില്‍ 78 ശതമാനം വര്‍ദ്ധനവ് സംസ്ഥാനം രേഖപ്പെടുത്തി. ഇത് രാജ്യത്തെ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 33 ശതമാനമായിരുന്നു.

