പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാന്‍ ഓഹരിയുടമകള്‍ തീരുമാനമെടുത്തെന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ കത്ത്.
കമ്പനിയുടെ സി.ഇ.ഒ എന്ന നിലയിലാണ് കത്തെഴുതുന്നത് എന്നും മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ വിവരങ്ങള്‍ക്ക് വിരുദ്ധമായി സി.ഇ.ഒ സ്ഥാനത്ത് താന്‍ തന്നെ തുടരും, മാനേജ്മെന്റിലും ബോര്‍ഡിലും മാറ്റങ്ങളുണ്ടാകില്ല. ഓഹരിയുടമകളില്‍ ചെറിയൊരു ഭാഗം യോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയെന്ന അവകാശവാദങ്ങള്‍ ശരിയല്ല എന്നുമാണ് ബൈജു രവീന്ദ്രന്‍ കത്തില്‍ പറയുന്നത്.
170 ഓഹരിയുടമകളില്‍ വെറും 35 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇതു തന്നെ ഈ മീറ്റിംഗിന്റെ അപ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ലാതെ കമ്പനിയുടെ നടത്തിപ്പില്‍ മാറ്റം വരുത്താനാകില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൈജൂസിന്റെ നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്നാരോപിച്ചാണ് ഓഹരിയുടമകളില്‍ ഒരു വിഭാഗം ചേര്‍ന്ന് ബോര്‍ഡില്‍ നിന്ന് അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടി ബൈജു രവീന്ദ്രനെയും ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരെയും നീക്കുന്നതിനായി വോട്ട് എടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഒരു വിഭാഗം ഓഹരിയുടമകള്‍ മാത്രം പങ്കെടുക്കുന്ന മീറ്റിംഗ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രനും കുടുംബാംഗങ്ങളും മീറ്റിംഗ് ബഹിഷ്‌കരിച്ചിരുന്നു.
ഓഹരിയുടമകളുടെ നീക്കത്തിനെതിരെ ബൈജൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 13നാണ് അടുത്ത വാദം കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അതുവരെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാകില്ല.

