ഏഷ്യയിലെ ബില്യണയര്‍ കാപ്പിറ്റലായി മുംബൈ. ചൈനയിലെ ബെയ്ജിംഗിനെ മറികടന്നാണ് ശതകോടീശ്വരന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയത്. ഏറ്റവും പുതിയ ഹുറണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ചാണിത്. 92 ബില്യണയര്‍മാരാണ് മുംബൈയിലുള്ളത്.
ഒരു വര്‍ഷം പുതുതായി കൂട്ടിച്ചേര്‍ത്ത ബില്യണയര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയില്‍ ഈ വര്‍ഷം 94 പുതിയ ശതകോടീശ്വരന്മാരുണ്ടായപ്പോള്‍ ചൈനയില്‍ 55 പേരാണ് പുതുതായി പട്ടികയിലെത്തിയത്. 2024ലെ ആഗോള ടോപ് 10 സമ്പന്നപട്ടികയിലെത്തിയ ഏക ഇന്ത്യക്കാരന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അധിപന്‍ മുകേഷ് അംബാനിയാണ്. 115 ബില്യണ്‍ ഡോളറാണ് മുകേഷിന്റെ ആസ്തി.
മുംബൈയില്‍ 27 പുതിയ ബില്യണയര്‍മാര്‍ ഉയര്‍ന്നുവന്നപ്പോള്‍ ബെയ്ജിംഗില്‍ ആറ് പേര്‍ മാത്രമാണ് പുതുതായി വന്നത്. മുംബൈ നഗരത്തിന്റെ സമ്പത്തില്‍ 47 ശതമാനം വര്‍ധനയാണുണ്ടായത്, ബെയ്ജിംഗിന്റെ സമ്പത്തില്‍ 28 ശതമാനം ഇടിവുമുണ്ടായി.
ഏറ്റവും സമ്പന്നനായ വ്യക്തി ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സാരഥി ഇലോണ്‍ മസ്‌ക്കാണ്. 231 ബില്യണ്‍ ഡോളറാണ് മസ്‌ക്കിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയാണ്. ഏഴ് ബില്യണ്‍ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനത്ത് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാരഥി ജോയ് ആലുക്കാസുണ്ട്, ആസ്തി 5 ബില്യണ്‍ ഡോളര്‍.

