ടെലികോം സംരംഭവുമായി ആഫ്രിക്കയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി. അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ യൂണിറ്റായ റാഡിസിസ് കോര്‍പ്പറേഷന്‍, ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെന്‍ ഇന്‍ഫ്രാകോയ്ക്ക് പ്രധാന നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ നല്‍കുമെന്ന് എന്‍ജിഐസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍കിരിത് സിംഗ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുന്ന എന്‍ജിഐസി, ഘാനയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും 5 ജി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കും.
‘വളര്‍ന്നുവരുന്ന വിപണികളില്‍ താങ്ങാനാവുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കമ്പനി,” സിംഗ് പറഞ്ഞു. നോക്കിയ ഓയ്ജ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവ എന്‍ജിഐസിയിലെ മറ്റ് തന്ത്രപ്രധാന പങ്കാളികളില്‍ ഉള്‍പ്പെടുന്നു.
33 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയ്ക്ക് മൂന്ന് പ്രധാന ഓപ്പറേറ്റര്‍മാരുണ്ട്: എംടിഎന്‍ ഘാന, വോഡഫോണ്‍ ഘാന, സര്‍ക്കാര്‍ നടത്തുന്ന എയര്‍ടെല്‍ ടിഗോ. തന്ത്രപ്രധാന പങ്കാളികള്‍, സാങ്കേതിക വൈദഗ്ധ്യം, ഘാനയിലെ ഒരേയൊരു 5 ജി ലൈസന്‍സ് കമ്പനി എന്നിവ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിക്കാന്‍ എന്‍ജിഐസിയെ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ആഫ്രിക്കന്‍ ടെലികോം സ്ഥാപനങ്ങളായ അസെന്‍ഡ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, കെ-നെറ്റ് എന്നിവ പുതിയ കമ്പനിയില്‍ 55 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുന്നു. ഘാന സര്‍ക്കാരിന് എന്‍ജിഐസിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമേ ഉടമസ്ഥതയുള്ളൂ. പ്രാദേശിക മൊബൈല്‍ ഓപ്പറേറ്റര്‍മാരും സ്വകാര്യ നിക്ഷേപകരും സ്ഥാപനത്തിലെ ശേഷിക്കുന്ന ഓഹരികള്‍ നിലനിര്‍ത്തും.
ഒരു ദശാബ്ദത്തേക്ക് ഘാനയില്‍ 5ജി സേവനങ്ങള്‍ നല്‍കാനുള്ള പ്രത്യേക അവകാശം എന്‍ജിഐസിക്കുണ്ട്. മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുടെ മൂലധന ചെലവ് 145 മില്യണ്‍ ഡോളറാണെന്ന് സിംഗ് പറഞ്ഞു.
അംബാനിയുടെ ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഇന്ത്യയിലെ വിജയം ആഫ്രിക്കയില്‍ അനുകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും സൗജന്യ വോയ്‌സ് കോളിംഗും സഹിതം 2016 അവസാനത്തോടെ ജിയോ ഇന്ത്യയില്‍ ടെലികോം സേവനങ്ങള്‍ ആരംഭിച്ചു. ഇത് എതിരാളികളെയൊന്നാകെ പ്രതിസന്ധിയിലാക്കി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഡാറ്റ താങ്ങാനാവുന്നതാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ജിയോക്കാണ്. നിലവില്‍ 470 ദശലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററാണ് ജിയോ.

