Connect with us

Hi, what are you looking for?

News

യുഎസിന് പുറത്ത് ട്രംപിന്റെ വലിയ ബിസിനസ് സാമ്രാജ്യമായി ഇന്ത്യ; ഒരുങ്ങുന്നത്‌ 6 ട്രംപ് ടവറുകള്‍ കൂടി

പുനെയിലാണ് നാലാം ട്രംപ് ടവര്‍ പ്രൊജക്റ്റ്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറടക്കമുള്ളവര്‍ ഇവിടെ ലക്ഷ്വറി ഫ്ളാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. രണ്‍ബീറിന്റെ ആഡംബര ഫ്ളാറ്റ് 2023 സെപ്റ്റംബര്‍ മാസം മുതല്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്

അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് ചുമതയേറ്റിരിക്കുന്നു. ട്രംപിന്റെ വിജയത്തില്‍ ലോകരാജ്യങ്ങളില്‍ സമ്മിശ്ര വികാരമാണ് ഉടലെടുത്തിരിക്കുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ട്രംപിനെ ഭീഷണിയായും ശല്യക്കാരനായും കാണുന്നു. എന്നാല്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റും അടുത്ത ബന്ധമാണ് ട്രംപിനുള്ളത്.

യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഇന്ത്യ അമിത ചുങ്കം ഈടാക്കുന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ട്രംപിന്റെ പ്രധാന പരാതി. ചുങ്ക രാജാവെന്ന് ഇന്ത്യയെ ഒരിക്കല്‍ ട്രംപ് വിശേഷിപ്പിച്ചിരുന്നു. എന്നിരുന്നാലും ട്രംപ് ഒട്ടേറെക്കാര്യങ്ങളില്‍ ഉറ്റ സുഹൃത്താണെന്ന വിലയിരുത്തലാണ് ഇന്ത്യന്‍ സര്‍ക്കാരിനുള്ളത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ചൈനയെ ഒതുക്കുന്നതിലും ട്രംപിന്റെ പിന്തുണ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.

ഇതിനെല്ലാമുപരി ഇന്ത്യയെ ട്രംപിനെ സംബന്ധിച്ച് സുപ്രധാനമായി മാറ്റുന്ന മറ്റൊരു ഘടകമുണ്ട്. ട്രംപെന്ന പ്രസിഡന്റിനോളം തന്നെ പ്രധാനമാണ് ട്രംപ് എന്ന വ്യവസായിയെ സംബന്ധിച്ച് ഇന്ത്യ. മുംബൈ, പുനെ, ഗുരുഗ്രാം, കൊല്‍ക്കത്ത നഗരങ്ങളിലെല്ലാം പടര്‍ന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടയോന്‍ കൂടിയാണ് അമേരിക്കയുടെ പ്രസിഡന്റ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രധാനമായും ട്രംപ് കുടുംബം നിക്ഷേപം നടത്തിയിരിക്കുന്നത്. ലോധ ഗ്രൂപ്പ്, പഞ്ച്ശീല്‍ റിയല്‍റ്റി, എം3എം, ട്രിബേക്ക, യൂണിമാര്‍ക്ക്, ഐറിയോ എന്നീ റിയല്‍റ്റി കമ്പനികളുമായി ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയില്‍ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. ട്രംപ് ടവറെന്ന ബ്രാന്‍ഡില്‍ പ്രീമിയം റിയല്‍റ്റി പ്രൊജക്റ്റുകളാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ നടപ്പാക്കുന്നതെങ്കിലും അവ ഡിമാന്‍ഡില്‍ ഒട്ടും പിന്നോട്ടല്ല. പ്രീമിയം പ്രൊജക്റ്റുകളെന്ന നിലയില്‍ ട്രംപ് ടവറുകളുടെ ഡിമാന്‍ഡ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കണ്ണായ ഭൂമിയില്‍ കണ്ണ്

2013 ലാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലേക്ക് ബിസിനസുമായി കടന്നു വരുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. നിലവില്‍ നാല് ആഡംബര ഹൗസിംഗ് പ്രൊജക്റ്റുകളാണ് ഇന്ത്യയിലെ പങ്കാളികളുമായി ചേര്‍ന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ഗുരുഗ്രാമിലെ ട്രൈബേക്ക ട്രംപ് ടവേഴ്സില്‍ വന്‍ നിക്ഷേപമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരിക്കുന്നത്. ഗുരുഗ്രാം സെക്റ്റര്‍ 65 ല്‍ 50 നിലകളുള്ള രണ്ട് ട്രംപ് ടവറുകളാണുള്ളത്. ഇവ കൂടുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ടവറിലെ ഒരു ഫ്ളാറ്റിന്റെ പ്രാരംഭവില 4 കോടി രൂപയ്ക്ക് മുകളിലായിരുന്നു. നിലവില്‍ ഇവിടത്തെ ഫ്ളാറ്റുകളുടെ വില നിലവാരം 11-24 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ട്രംപ് ടവേഴ്സിന്റെ ലൈസന്‍സ് അവകാശങ്ങള്‍ ട്രൈബേക്ക ഗ്രൂപ്പിനാണ്.

യൂണിമാര്‍ക്ക് ഗ്രൂപ്പ്, ആര്‍ഡിബി ഗ്രൂപ്പ്, ട്രൈബേക്ക ഡെവലപ്പേഴ്സ് എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് കൊല്‍ക്കത്തയില്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ റിയല്‍റ്റി ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. കൊല്‍ക്കത്തയിലെ ട്രംപ് ടവറിന് 39 നിലകളുണ്ട്. ഈ ടവറിലെ ഫ്ളാറ്റുകളുടെ പ്രാരംഭവില 3.75 കോടി രൂപയാണ്.

മുംബൈ നഗരത്തില്‍ 700 ഏക്കറിലാണ് ട്രംപ് ടവര്‍ പണിതിരിക്കുന്നത്. ലോധ ഗ്രൂപ്പുമായുണ്ടാക്കിയ കൂട്ടുകെട്ടില്‍ പണിത 78 നിലയുള്ള ട്രംപ് ടവറുകള്‍ വര്‍ളിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സ്വകാര്യ ജെറ്റ് വിമാന സര്‍വീസും പ്രത്യേക ആനുകൂല്യങ്ങളുള്ള ട്രംപ് കാര്‍ഡും ഇവിടുത്തെ സേവനങ്ങളില്‍ പെടുന്നു. ഫ്ളാറ്റുകളുടെ പ്രാരംഭവില 10 കോടി രൂപയാണ്.

പുനെയിലാണ് നാലാം ട്രംപ് ടവര്‍ പ്രൊജക്റ്റ്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറടക്കമുള്ളവര്‍ ഇവിടെ ലക്ഷ്വറി ഫ്ളാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. രണ്‍ബീറിന്റെ ആഡംബര ഫ്ളാറ്റ് 2023 സെപ്റ്റംബര്‍ മാസം മുതല്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

വരുന്നു 6 ട്രംപ് ടവറുകള്‍ കൂടി

2025 ല്‍ ഇന്ത്യയില്‍ ഏതാനും വമ്പന്‍ പ്രൊജക്റ്റുകള്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ഉദ്ഘാടനം ചെയ്യും. നിയുക്ത യുഎസ് പ്രസിഡന്റിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ഇതിനായി 2025 ല്‍ ഇന്ത്യയില്‍ എത്തുമെന്ന് ട്രൈബേക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകനായ കല്‍പ്പേഷ് മെഹ്ത്ത അറിയിച്ചിട്ടുണ്ട്. ട്രംപ് ജൂനിയറും എറിക്കുമാണ് ട്രംപ് ഓര്‍ഗനൈസേഷന്റെ ബിസിനസ് നയിക്കുന്നത്. മുംബൈ, പുനെ, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളില്‍ ആറ് ആഡംബര ഭവന പ്രൊജക്റ്റുകളാണ് വരുന്നത്. ഇതോടെ ഇന്ത്യയിലെ ട്രംപ് ടവറുകളുടെ എണ്ണം 10 ആയി ഉയരും. ട്രംപ് ടവറുകളുടെ എണ്ണത്തില്‍ യുഎസിനെ ഇതോടെ ഇന്ത്യ പിന്തള്ളും. എല്ലാ പ്രൊജക്റ്റുകളും ട്രൈബേക്ക ഗ്രൂപ്പ് നേരിട്ടാവും നിര്‍മിക്കുക.

യുഎസിന് പുറത്ത് മൂന്നാം കക്ഷി ബില്‍ഡേഴ്സുമായി നിര്‍മാണ കരാറുണ്ടാക്കി ആഡംബര പ്രൊജക്റ്റുകള്‍ നിര്‍മിക്കുകയാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ ചെയ്യുന്നത്. നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഡിസൈനനുസരിച്ച് ഓരോ പ്രൊജക്റ്റും നിര്‍മിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ട്രംപ് ടവേഴ്സിന്റെ ലക്ഷ്വറി സ്വഭാവത്തെ സൂചിപ്പിക്കുന്ന പൊതുവായ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലുള്ള എക്സ്റ്റീരിയറും ഗ്ലാസ് ഫക്കേഡ്സും മറ്റും ട്രംപ് ടവറുകളുടെ ലക്ഷ്വറി സ്വഭാവത്തെ വിളംബരം ചെയ്യുന്നു.

തിളങ്ങുന്ന വിപണി

ഇന്ത്യയെ ഏറ്റവും തിളങ്ങുന്ന ആഡംബര റിയല്‍റ്റി വിപണിയായാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ കാണുന്നത്. 2022 ല്‍ ഇന്ത്യയിലെ ആകെ റിയല്‍റ്റി പ്രൊജക്റ്റുകളുടെ 2% മാത്രമായിരുന്നു ലക്ഷ്വറി പ്രൊജക്റ്റുകള്‍. 2023 എത്തിയപ്പോള്‍ ഇത് 4% ആയി ഉയര്‍ന്നു. 2023 ല്‍ ലക്ഷ്വറി യൂണിറ്റുകളുടെ വില്‍പ്പന 75 ശതമാനം വര്‍ധിച്ചു. 2024 ന്റെ ആദ്യ അര്‍ദ്ധപാതിയില്‍ ആകെ റിയല്‍റ്റി വില്‍പ്പനയുടെ 41 ശതമാനമായിരുന്നു ലക്ഷ്വറി പ്രൊജക്റ്റുകള്‍. മുന്‍ വര്‍ഷത്തെ 30 ശതമാനത്തില്‍ നിന്ന് ഗണ്യമായ വര്‍ധന. നാല് കോടി രൂപയ്ക്ക് മുകളിലാണ് ഇന്ത്യയിലെ ലക്ഷ്വറി ഫ്ളാറ്റുകളുടെ വില ആരംഭിക്കുന്നത്. ട്രംപിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പലതുണ്ടായെങ്കിലും ട്രംപ് ടവേഴ്സ് എക്കാലവും ഒരു വിശ്വസനീയമായ ബ്രാന്‍ഡായാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെയും എന്‍ആര്‍ഐകളുടെയും ഇടയില്‍ ഏറെ പ്രിയമുള്ള ബ്രാന്‍ഡാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും