എതിരാളിയായ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ഭാരതി എയര്‍ടെലും. മൊബൈല്‍ താരിഫുകളില്‍ 10-21 ശതമാനം വര്‍ദ്ധനയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ജൂലൈ 3 മുതല്‍ താരിഫ് വര്‍ദ്ധന നിലവില്‍ വരും. എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ നാമമാത്ര വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ബജറ്റ് ഉപഭോക്താക്കളുടെ മേല്‍ അധികഭാരം ഉണ്ടാവാത്ത രീതിയിലാണ് ഇതെന്നും കമ്പനി പറയുന്നു.
ശരാശരി ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന വരുമാനം (എആര്‍പിയു) 300 രൂപയെങ്കിലും എത്തിയാലേ ആരോഗ്യകരമായ ഒരു ബിസിനസ് മോഡല്‍ മുന്നോട്ടു കൊണ്ടുപോകാനും സ്പെക്ട്രത്തിലും നെറ്റ്വര്‍ക്ക് ടെക്നോളജിയിലും മറ്റും ആവശ്യമായ നിക്ഷേപം നടത്താനാവുകയുള്ളെന്നും ഭാരതി എയര്‍ടെല്‍ പറയുന്നു.
അണ്‍ലിമിറ്റഡ് വോയിസ്, ഡാറ്റ പ്ലാനുകളുടെ നിരക്കുകളില്‍ ആനുപാതിക മാറ്റം എയര്‍ടെല്‍ വരുത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് പ്ലാനുകളില്‍ 11% നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 179 ല്‍ 199 രൂപയിലേക്കും 455 ല്‍ നിന്ന 509 ലേക്കും 1799 ല്‍ നിന്ന് 1999 ലേക്കും വോയിസ് കാള്‍ നിരക്കുകള്‍ ഉയര്‍ത്തി. ഡാറ്റ പ്ലാനില്‍ 479 ല്‍ നിന്ന് 579 ലേക്ക് 20.8 ശതമാനമാണ് വര്‍ധന.
എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ നാമമാത്ര വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ബജറ്റ് ഉപഭോക്താക്കളുടെ മേല്‍ അധികഭാരം ഉണ്ടാവാത്ത രീതിയിലാണ് ഇതെന്നും കമ്പനി പറയുന്നു
30 മാസത്തിനിടയിലെ ആദ്യത്തെ താരിഫ് വര്‍ധനയാണിത്. 12-25% വര്‍ധനയാണ് റിലയന്‍സ് ജിയോ താരിഫുകളില്‍ വരുത്തിയിരിക്കുന്നത്. എആര്‍പിയു 181.7 രൂപയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എയര്‍ടെലിന് പിന്നാലെ വിപണിയിലെ മൂന്നാമനായ വോഡഫോണ്‍ ഐഡിയയും ഉടനെതന്നെ സമാനരീതിയില്‍ താരിഫ് ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

