ഇന്ത്യയില്‍ മൂന്ന് സെമികണ്ടക്റ്റര്‍ ചിപ്പ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത 100 ദിവസത്തിനുള്ളില്‍ ഈ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
‘രാജ്യത്ത് സെമികണ്ടക്ടര്‍ ഫാബ് സ്ഥാപിക്കാനുള്ള സുപ്രധാന തീരുമാനമാണ് പ്രധാനമന്ത്രി ഇന്ന് എടുത്തിരിക്കുന്നത്. ആദ്യത്തെ വാണിജ്യ സെമികണ്ടക്റ്റര്‍ ഫാബ് ടാറ്റയും പവര്‍ചിപ്പ്-തായ്വാനും ചേര്‍ന്ന് സ്ഥാപിക്കും, അവരുടെ പ്ലാന്റ് ധൊലേരയിലായിരിക്കും,’ മന്ത്രി പറഞ്ഞു.
ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലിയും ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് അസമിലെ മോറിഗാവില്‍ 27,000 കോടി രൂപയുടെ സെമികണ്ടക്റ്റര്‍ യൂണിറ്റ് സ്ഥാപിക്കും. മുംബൈ ആസ്ഥാനമായുള്ള സിജി പവറും ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനും തായ്‌ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോഇലക്ട്രോണിക്‌സും ചേര്‍ന്ന് ഗുജറാത്തിലെ സാനന്ദില്‍ സെമികണ്ടക്റ്റര്‍ യൂണിറ്റ് സ്ഥാപിക്കും.
ഈ മൂന്ന് യൂണിറ്റുകള്‍ നേരിട്ട് 20,000 നൂതന സാങ്കേതിക തൊഴിലവസരങ്ങളും 60,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും. മൂന്ന് അര്‍ദ്ധചാലക യൂണിറ്റുകളിലെ മൊത്തം നിക്ഷേപം 1.26 ലക്ഷം കോടി രൂപയാണെന്ന് വൈഷ്ണവ് പറഞ്ഞു.ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റിന് പ്രതിമാസം 50,000 വേഫറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടാകും. ഒരു വേഫറില്‍ 5,000 ചിപ്പുകള്‍ ഉണ്ട്, അതിനാല്‍ മൊത്തം പ്രതിവര്‍ഷ ഉല്‍പ്പാദനം ഏകദേശം 3 ബില്യണ്‍ ചിപ്പുകള്‍ ആയിരിക്കും.
ടിഎസ്എയുടെ പ്ലാന്റ് പ്രതിദിനം 48 ദശലക്ഷം ചിപ്പുകളും സിജി പവറിന്റെ പ്ലാന്റ് 15 ദശലക്ഷം ചിപ്പുകളും ഉത്പാദിപ്പിക്കും.
ആകെയുള്ളതില്‍ 91,000 കോടി രൂപ ധോലേരയിലും 27,000 കോടി രൂപ അസമിലും 7,600 കോടി രൂപ സാനന്ദിലും നിക്ഷേപിക്കും.
യുഎസ് ആസ്ഥാനമായ മൈക്രോണ്‍ കഴിഞ്ഞ വര്‍ഷം സാനന്ദില്‍ പ്രഖ്യാപിച്ച 22,516 കോടി രൂപയുടെ പ്ലാന്റിന് പുറമെയാണ് ഈ ഫാക്ടറികള്‍. 2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സെമികണ്ടക്റ്റര്‍ നയം പ്രകാരമാണ് നിക്ഷേപങ്ങള്‍.

