സംസ്ഥാനത്തെ എല്ലാ കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യാനുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനത്തില്‍ ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്റിനറി ആംബുലന്‍സ് കൊണ്ടു വരും. കന്നുകുട്ടി പരിപാലനത്തിന് 22 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമാണ്. വേനല്‍ കാരണം 550 പശുക്കള്‍ കേരളത്തില്‍ മരണപ്പെട്ടു. പശുവൊന്നിന് 37500 രൂപ വീതം സര്‍ക്കാര്‍ കര്‍ഷകന് നല്‍കി വരികയാണ്. കാലിത്തീറ്റ ഉത്പാദനച്ചെലവ് കൂടുന്നത് കര്‍ഷകര്‍ക്കെന്ന പോലെ മില്‍മയ്ക്കും കേരള ഫീഡ്‌സിനും ഒരു പോലെ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കിടാരികളെ മികച്ച കറവയുള്ള പശുക്കളാക്കി മാറ്റുന്നതിനുള്ള അരുണോദയം പദ്ധതി, മില്‍മ മലബാര്‍ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്ക് പത്തു രൂപ പ്രീമിയത്തില്‍ നടപ്പാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ സ്‌നേഹമിത്രം എന്നിവയുടെ ഉദ്ഘാടനവും ജെ ചിഞ്ചുറാണി നിര്‍വഹിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് രാജ്യമാകെ മാതൃകയാണ് മില്‍മയെന്ന് ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തിയ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. എല്ലാം സ്വകാര്യവത്കരിക്കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നതാണ് ഇന്ന് പ്രചരിപ്പിക്കുന്ന രീതി. ആധുനിക ഭാരതത്തിന്റെ സൃഷ്ടാവായ നെഹ്‌റുവിന്റെ സാമ്പത്തികനയം തെറ്റാണെന്ന് പറയുന്ന കാലമാണിത്. സാധാരണക്കാരന് ആനുകൂല്യം നല്‍കുന്നത് തെറ്റാണെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്.

