ചിത്രരചനയും നൃത്തവും കരാട്ടെ പഠനവുമൊക്കെയായി കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന രൂപ ജോസിന് കൊച്ചിയിലേക്കുള്ള വരവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു പറിച്ചു നടീല്‍ ആയിരുന്നു. തീര്‍ത്തും വ്യത്യസ്തമായ ജീവിത ശൈലി, സംസ്‌കാരം എന്നിവയ്ക്കിടയിലും രൂപയെ ആകര്‍ഷിച്ചത് കൃഷി ചെയ്യാനുള്ള സാഹചര്യങ്ങളായിരുന്നു. അങ്ങനെ കൃഷിയെ അടുത്തറിഞ്ഞ രൂപ എറണാകുളം തേവയ്ക്കലിലെ വീട്ടിലും മട്ടുപ്പാവിലും പറമ്പിലുമൊക്കെയായി അക്വാപോണിക്സും ഹൈഡ്രോപോണിക്സും എല്ലാം ചേര്‍ത്ത് ഒരു കാര്‍ഷിക സ്വര്‍ഗം തന്നെ സൃഷ്ടിച്ചു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രൂപ ജോസ് കൊല്‍ക്കത്തയെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് കേരളത്തിലെത്തുന്നത്. കൊല്‍ക്കത്തയിലെ കോണ്‍ക്രീറ്റ് വനങ്ങള്‍ കണ്ടു മടുത്ത രൂപക്ക് കേരളത്തിലെത്തിയാല്‍ ശുദ്ധവായു ശ്വസിക്കാനും ശുദ്ധമായ പച്ചക്കറികള്‍ കഴിക്കാനും സാധിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു. എന്നാല്‍ ഇവിടെ താമസം തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി, ചിന്തിച്ചിരുന്ന പോലെ ജൈവ പച്ചക്കറികളൊന്നും ഇവിടെ ലഭിക്കുന്നില്ല. വ്യവസായികാടിസ്ഥാനത്തില്‍ രാസവളം ചേര്‍ത്തുണ്ടാക്കുന്ന പച്ചക്കറികളാണ് വിപണിയില്‍ നിന്നും അടുക്കളയിലേക്കെത്തുന്നത്.
എന്നാല്‍ ഇതറിഞ്ഞ രൂപ തളര്‍ന്നില്ല, കിട്ടാത്തകാര്യങ്ങള്‍ പരിശ്രമിച്ചു നേടുന്നതാണ് ശീലം. അതിനാല്‍ തന്നെ ജൈവകൃഷിടയില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. രൂപയുടെ അച്ഛന് കൃഷിയില്‍ താല്‍പര്യമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ പോലും അദ്ദേഹം ചെറിയ തോതില്‍ കൃഷി ചെയ്യുമായിരുന്നു. അതിനാല്‍ രൂപക്കും കൃഷിയോട് താല്പര്യം ഉണ്ടായിരുന്നു. കേരളത്തില്‍ എത്തിയപ്പോള്‍ കൃഷിയെപ്പറ്റി കൂടുതല്‍ പഠിച്ചു. ടെറസ് ഫാര്‍മിംഗ് രീതികള്‍ മഴമറകൃഷി എന്നിവയെപ്പറ്റിയെല്ലാം പഠിച്ച ശേഷം തന്റെ വീടിന്റെ ടെറസിലും സമീപത്തെ പറമ്പിലും ഒക്കെയായി പയ്യെ പച്ചക്കറി കൃഷി തുടങ്ങി. ഗ്രോ ബാഗില്‍ മഴമറകൃഷിരീതിയില്‍ ആയിരുന്നു തുടക്കം.

500 രൂപയ്ക്ക് പഞ്ചായത്ത് 25 ഗ്രോ ബാഗ് പച്ചക്കറി വിതരണം ചെയ്യുന്ന സ്‌കീമുണ്ടായിരുന്നു. അത് വാങ്ങി വ്യത്യസ്ത പച്ചക്കറികള്‍ നട്ടു. പിന്നീട് ഉള്ള സ്ഥലത്ത് ഫലവൃക്ഷങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കൂടി നട്ടു പരിപാലിച്ചു. കൃഷി ഓഫീസില്‍ നിന്നുള്ള പിന്തുണ കൂടി ആയതോടെ കാര്‍ഷിക രംഗത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തുവാന്‍ രൂപക്ക് ധൈര്യം വന്നു. അങ്ങനെയാണ് മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ തുടങ്ങിയ രൂപ ആരംഭിക്കുന്നത്.
ഇന്ന് രൂപയുടെ വീടിനോട് ചേര്‍ന്നുള്ള 12 സെന്റില്‍ മഴമറയും ഗ്രോബാഗും മാത്രമല്ല വലക്കൂട്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷി രീതികളൊക്കെ രൂപ പ്രയോജനപ്പെടുത്തുന്നുണ്ട്. വീടിന്റെ മുകളില്‍ വാട്ടര്‍ബോട്ടില്‍ പ്ലാന്റ്സ് ഉണ്ട്. കുടിവെള്ള കുപ്പിയില്‍ പച്ച നിറം അടിച്ച് പലതും നട്ടിട്ടുണ്ട്. ആറു സെന്റിലാണ് മഴ മറ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ മഴ മറയ്ക്ക് സമീപം കാര്‍ ഷെഡും ഉണ്ട്. കോഴി വളര്‍ത്തലും സമീപത്ത് തന്നെയാണ്. ഇതിനെല്ലാം പുറമേ രണ്ട് മാവുകളും തെങ്ങുമൊക്കെ ഈ പറമ്പിലുണ്ട്. തുടക്കത്തില്‍ പരിചയക്കുറവു കൊണ്ട് അബദ്ധങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. അധികം വൈകാതെ കൃഷി എന്നെക്കൊണ്ട് സാധിക്കുമെന്നൊരു തോന്നിയതോടെ കൃഷിയില്‍ സജീവമാകുകയായിരുന്നുവെന്നും രൂപ വ്യക്തമാക്കി.
പച്ചക്കറികള്‍, സസ്യങ്ങള്‍ എല്ലാം സുലഭം
മത്തന്‍, പടവലം, പീച്ചിങ്ങ, വെണ്ട, കുക്കുംബര്‍, വഴുതന, മുളക്, പയര്‍, ആകാശ വെള്ളരി, പാഷന്‍ ഫ്രൂട്ട്, കരിമ്പ്, പൈനാപ്പിള്‍, വാഴ, പപ്പായ, ചേന, ചേമ്പ്, കാച്ചില്‍, മഞ്ഞള്‍, പൂടപ്പഴം, കാര്‍കൂന്തല്‍ പയര്‍, രാമച്ചം, ഞൊട്ടാഞൊടിയന്‍, വിവിധതരം തുളസികള്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും രൂപ കൃഷി ചെയ്യുന്നുണ്ട്. വെണ്ടയും വഴുതനങ്ങയും മുളക്, ചീരയും പടവലവും പീച്ചിങ്ങയുമൊക്കെ വ്യത്യസ്ത ഇനങ്ങളുണ്ട്്. വരിപ്പല പീച്ചില്‍, രാജസ്ഥാനി പീച്ചില്‍, നീളന്‍ വഴുതനങ്ങ, കറുത്ത വഴുതനങ്ങ, ഉണ്ട വഴുതനങ്ങ, വെള്ള വഴുതന തുടങ്ങി വ്യത്യസ്തമായ വഴുതന ഇനങ്ങളും രൂപയുടെ തോട്ടത്തിലുണ്ട്.

വള്ളിയായി പടരാത്ത ചെടികളൊക്കെയും മട്ടുപ്പാവിലാണ് നട്ടിരിക്കുന്നത്. പടരുന്ന പച്ചക്കറികളാണ് പന്തല്‍ കെട്ടി മഴമറയ്ക്കുള്ളില്‍ കൃഷി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടവര്‍ ഫാമിങ്ങ് ചെയ്യുന്നുണ്ട്. ഈ രീതിയില്‍ ആദ്യമായാണ് ക്യാബേജും ക്വാളിഫ്ലവറും കൃഷി ചെയ്യുന്നുണ്ട്. ഇതിലൂടെ മികച്ച വിളവും ലഭിക്കുന്നുണ്ട്. വ്യത്യസ്ത ഇനങ്ങളിലുള്ള മധുരക്കിഴങ്ങുകള്‍, കൂര്‍ക്ക,ചീര, മുളക് ഇതൊക്കെ വലക്കൂട് കൃഷിയായി ചെയ്തിട്ടുണ്ട്. സണ്‍ ചോക്ക് എന്ന വിദേശ ഇനം കിഴങ്ങ് പ്രധാന ആകര്‍ഷണമാണ്.
അക്വാപോണിക്സും ഹൈഡ്രോപോണിക്സും
സാധാരണ രീതിയിലുള്ള കൃഷിക്കൊപ്പം അക്വാപോണിക്സും ഹൈഡ്രോപോണിക്സും രൂപ ചെയ്യുന്നുണ്ട്. വ്ലാത്തങ്കര ചീര, പൊന്നാനി വീരന്‍, മെക്സിക്കന്‍ ചീര, വേലി ചീര, പിങ്ക് ചീര, അഗതി ചീര തുടങ്ങി വ്യത്യസ്ത ഇനം ചീരകളും തോട്ടത്തിലുണ്ട്. പ്ലാവ്, പേര, ചാമ്പ, തായ്ലന്റ് ചാമ്പ, നാടന്‍ മള്‍ബറി, സ്ട്രോബറി, ഡ്രാഗണ്‍ ഫ്രൂട്ട്, പീനട്ട് ബട്ടര്‍ ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, സപ്പോട്ട, സ്റ്റാര്‍ ഫ്രൂട്ട്, ബുഷ് ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച്, ഒടിച്ചു കുത്തിനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്.

കോവയ്ക്ക, വാഴ, പാഷന്‍ ഫ്രൂട്ട്, പച്ചയും ചുവപ്പും നിറങ്ങളിലുള്ള വള്ളി ചീര ഇതൊക്കെ വീടിന്റെ ഏറ്റവും മുകളിലേക്കെത്തുന്നതിന് മുന്‍പുള്ള ഗോവണിയിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമൊക്കെ സമൃദ്ധമായി വളരുന്നു. മാവിന് താഴെ അക്വപോണിക്സ് ഉണ്ട്. ഗിഫ്റ്റ് തിലാപ്പിയയാണ് വളര്‍ത്തുന്നത്. അക്വാപോണിക്സില്‍ കുക്കുംമ്പറും തക്കാളിയുമാണ് വളര്‍ത്തുന്നത്. താഴെയാണ് മീന്‍ വളര്‍ത്തുന്നത്. മഴമറയില്‍ കുക്കുംമ്പര്‍ കൃഷി ചെയ്തുവെങ്കിലും വലിയ കീടശല്യമുണ്ടായിരുന്നതിനാല്‍ ഒഴിവാക്കി. അക്വാപോണിക്സില്‍ കുക്കുംമ്പര്‍ നന്നായി വളരുന്നുണ്ട്. നല്ല വിളവും ലഭിക്കുന്നുണ്ട്.
തക്കാളിയും എല്ലാ സീസണിലും ലഭ്യമാണ്. സീസണ്‍ വ്യത്യാസമില്ലാതെ എല്ലാത്തരം പച്ചക്കറികളും അക്വാപോണിക്സ് കൃഷി രീതിയിലൂടെ സമൃദ്ധമായി വളരുന്നു. വീടിന്റെ ടെറസിലായി ഹൈഡ്രോപോണിക്സ് കൃഷി കാണാം. വെള്ളത്തില്‍ വളരുന്നവയാണ് ഹൈഡ്രോപോണിക്സ്. ഈ രീതിയില്‍ 48 തരം ഇല പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സെലറി, പാഴ്സ്ലി, ചൈനീസ് ക്യാബേജ്, ഇറ്റാലിയന്‍ ബേസില്‍, തായ് ബേസില്‍, ലെമണ്‍ ബേസില്‍, ബ്രഹ്‌മി, പാലക് ഇതൊക്കെയും ഹൈഡ്രോപോണിക്സ് കൃഷിയിലുണ്ട്.

ഇലകൃഷിയിലൂടെ വരുമാനവും രൂപയെത്തേടിയെത്തുന്നുണ്ട്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നാണ് ഏറെയും ആവശ്യക്കാര്‍ വരുന്നത്. വീട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി തുടങ്ങിയതെങ്കിലും ഇപ്പോള്‍ നാട്ടുകാര്‍ക്കും അതിന്റെ ഗുണം കിട്ടുന്ന സംതൃപ്തിയിലാണ് രൂപ. കാച്ചില്‍, ചേന, ഇഞ്ചി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍ ഇവയുടെ വിളവ് കുറേ ലഭിച്ചാല്‍ കടയില്‍ കൊടുക്കാറുണ്ട്. മുട്ടയും മീനും വില്‍ക്കാറുണ്ട്. തേനീച്ച കൃഷിയും രൂപയ്ക്കുണ്ട്. കൃഷിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന വീട്ടുകാരാണ് രൂപയുടെ വിജയത്തിന് പിന്നില്‍. ജൈവസ്‌ളറി ഉണ്ടാക്കാനും കീട നിയന്ത്രണത്തിനായി ജൈവകീടനാശിനികള്‍ ഉണ്ടാക്കുന്നതിനും ഒക്കെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ജിമ്മി ജോസാണ് ഭര്‍ത്താവ്. മക്കള്‍ റെയ്ന, റിയ.

