ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന 2024 പാരീസ് ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ് ലോകം മുഴുവനും. ഇതിന് മുന്നോടിയായി പ്രമുഖ ഫിലാന്ത്രോപിസ്റ്റും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ നിത എം അംബാനി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ പാരീസില്‍ നടക്കുന്ന 142-ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി, 100% വോട്ടോടെ നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്.
‘അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്. വലിയ ആദരമാണത്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് ബാച്ചിനും ഐഒസിയിലെ എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. വീണ്ടും എന്നിലേക്കെത്തിയ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും,’ നിത എം അംബാനി പറഞ്ഞു.
2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഐഒസിയില്‍ എത്തുന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന നിലയില്‍, അതിനുശേഷം, നിത അംബാനി മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ കായിക അഭിലാഷങ്ങളും ഒളിമ്പിക് വീക്ഷണവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം അസോസിയേഷനുവേണ്ടി കഠിന പ്രയത്നം ചെയ്യുന്നു അവര്‍. 2023 ഒക്ടോബറില്‍, 40 വര്‍ഷത്തിന് ശേഷം മുംബൈയില്‍ ആദ്യമായി ഐഒസി സെഷന് ആതിഥേയത്വം വഹിക്കാനും ഇന്ത്യക്കായി.
റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ആവശ്യമായ വിഭവങ്ങളും അവസരങ്ങളും നല്‍കി നിത അംബാനി ശാക്തീകരിക്കുന്നത്. വിദ്യാഭ്യാസം, കായികം, ഹെല്‍ത്ത്, ആര്‍ട്ട്, കള്‍ച്ചര്‍ തുടങ്ങി നിരവധി മേഖലകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു.
ഇന്ത്യയുടെ സമീപകാല കായികവളര്‍ച്ചയില്‍ വലിയ പങ്കാണ് റിലയന്‍സ് ഫൗണ്ടേഷന്‍ വഹിക്കുന്നത്. താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. എല്ലാ തലങ്ങളിലുമുള്ള 22.9 മില്യണ്‍ കുട്ടികളിലേക്കും യുവജനങ്ങളിലേക്കുമാണ് ഇതിന്റെ ഗുണങ്ങളെത്തിയത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.

