ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ 5,000 പോയിന്റ് റാലിക്കാണ് സെന്‍സെക്‌സ് സാക്ഷ്യം വഹിക്കുന്നത്. അവസാന 5,000 പോയിന്റുകള്‍ നേടുന്നതിന് സൂചിക വെറും 57 ദിവസം മാത്രമാണ് എടുത്തത്. 75,000 ല്‍ നിന്ന് 80,000 വരെയുള്ള സൂചികയുടെ മുന്നേറ്റം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയായി. 2024 ഏപ്രില്‍ 9-നാണ് സെന്‍സെക്സ് 75,000-ല്‍ എത്തിയത്. ജൂലൈ മൂന്നിന് സെന്‍സെക്സ് 80000 ന് മുകളില്‍ ക്ളോസ് ചെയ്തു. കേന്ദ്ര ഭരണത്തിലെ സ്ഥിരതയാണ് ഈ റാലിക്ക് കരുത്തേകിയത്. പ്രീ-ഇലക്ഷന്‍ റാലിയും, പോസ്റ്റ്-ഇലക്ഷന്‍ റാലിയും സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു.
സെന്‍സെക്‌സിന്റെ ഏറ്റവും വേഗതയേറിയ 5,000 പോയിന്റ് റാലി ഏകദേശം മൂന്ന് വര്‍ഷം മുമ്പ് (സെപ്റ്റംബര്‍ 24, 2021) വെറും 28 ട്രേഡിംഗ് ദിവസങ്ങള്‍ക്കുള്ളില്‍ 55,000 മാര്‍ക്കില്‍ നിന്ന് ഉയര്‍ന്ന് 60,333 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ്. സെന്‍സെക്‌സ് ആദ്യമായി 5,000 എന്ന നിലയിലെത്താന്‍ 4,357 ട്രേഡിംഗ് ദിവസമെടുത്തെന്ന ചരിത്രപരമായ ഡാറ്റ കാണിക്കുന്നു.
സെന്‍സെക്സ് 75000 ല്‍ നിന്ന് 80000 ല്‍ എത്തിയ കാലയളവിനെ നയിച്ച ഓഹരികളിലൊന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) ആണ്. ഈ കാലയളവില്‍ 37 ശതമാനത്തിലധികം ഉയര്‍ന്ന് 2900 രൂപ നിലവാരത്തിലേക്ക് മഹീന്ദ്ര ഓഹരി എത്തി. അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍), ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും വന്‍ നേട്ടമാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയത്.
മറുവശത്ത്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ കമ്പനി, ബജാജ് ഫിന്‍സെര്‍വ്, മാരുതി സുസുക്കി, സണ്‍ ഫാര്‍മ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ ഈ കാലയളവില്‍ 8 ശതമാനത്തോളം ഇടിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു.
ആഭ്യന്തര ഉല്‍പ്പാദനം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള പരിഷ്‌കാരങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതിനാല്‍ വിപണികള്‍ ക്രമാനുഗതമായി പുതിയ ഉയരങ്ങള്‍ കൈവരിക്കുകയാണെന്ന് ജൂലിയസ് ബെയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിലിന്ദ് മുച്ചാല പറഞ്ഞു.

