ബജറ്റിന് മുന്നോടിയായി കുതികുതിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍. വെള്ളിയാഴ്ചത്തെ വ്യാപാര സെഷനില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില സര്‍വകാല റെക്കോഡായ 2924 ല്‍ തൊട്ടു. ഇതോടെ വിപണി മൂല്യം 76,250 കോടി രൂപയിലേക്ക് കുതിച്ചു. വ്യാപാരം അവസാനിക്കുമ്പോള്‍ 2837 ലേക്ക് താഴ്ന്നെങ്കിലും വിപണി മൂല്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്പനിയെന്ന പട്ടം മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പിടിച്ചെടുത്തു.
നിലവില്‍ 74,651 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വിപണി മൂലധനം. വ്യാഴാഴ്ച 6.45രൂപ ഉയര്‍ന്ന് 1810 ലെത്തിയ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 72,689 കോടി രൂപയാണ്. 65,823 കോടി രൂപയുമായി എഫ്എസിടിയാണ് വിപണി മൂല്യത്തില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ കമ്പനി. രൂപയാണ് ഫാക്ടിന്റെ വിപണി മൂല്യം. നാലാം സ്ഥാനത്തുള്ള കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിപണി മൂലധനം 51,046 കോടി രൂപയാണ്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്.
കപ്പല്‍ ഓഹരികളിലെല്ലാം സമാനമായ മുന്നേറ്റം ദൃശ്യമാണ്. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ഓഹരികള്‍ ഒരു മാസത്തിനിടെ 103.89% റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസങ്ങളില്‍ 152.29% വര്‍ധനയും ഓഹരി വിലയിലുണ്ടായി. ഒരു വര്‍ഷത്തിനിടെ 338% വളര്‍ച്ചയും കണ്ടു.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് കഴിഞ്ഞ ഒരു മാസത്തിനിടെ 131.07% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 215.88% വളര്‍ച്ചയും ഗാര്‍ഡന് റീച്ച് ഓഹരികള്‍ നേടി.
വിദേശത്തു നിന്നടക്കം വന്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതാണ് ഇന്ത്യയിലെ കപ്പല്‍ശാലകളുടെ തകര്‍പ്പന്‍ കുതിപ്പിന് ആക്കമാകുന്നത്. നിലവില്‍ മസഗോണ്‍ ഡോക്കിന് 38,000 കോടി രൂപയിലധികം ഓര്‍ഡര്‍ ബുക്ക് ഉണ്ട്. ഗാര്‍ഡന്‍ റീച്ചിലും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലും 22,000 കോടിയിലധികം രൂപയുടെ ഓര്‍ഡര്‍ ബുക്കുകളുമുണ്ട്.

