അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലിലൂടെ ഓഹരി വിപണിയില്‍ ഞെട്ടലുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വീണ്ടും. ‘വലിയതൊന്ന്…ഉടന്‍…ഇന്ത്യയില്‍’ എന്നാണ് യുഎസ് ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം എക്സ് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. ഇന്ത്യയിലെ ഏതെങ്കിലും വലിയ കോര്‍പ്പറേറ്റിനെ സംബന്ധിച്ച വെളിപ്പെടുത്തലാണ് ഇനി സ്ഥാപനം പുറത്തു വിടാനൊരുങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റ്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ക്രമക്കേടുകളും മറ്റും പുറത്തുവിടുന്നതാണ് 2017 ല്‍ നേഥന്‍ ആന്‍ഡേഴ്സണ്‍ സ്ഥാപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രീതി. എന്നാല്‍ വിസ്ഫോടകാത്മകമായ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും ചോര്‍ത്തിക്കൊടുക്കുകയും ഇതിലൂടെ കമ്പനിയ ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി വന്‍ ലാഭമുണ്ടാക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്ന സ്ഥാപനമാണിതെന്ന് ആരോപണവുമുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ആരോപണം അന്വേഷിച്ച ശേഷം സെബി ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നു. എന്നാന്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം നിഷേധിച്ചു.
നിക്കോള, ക്ലോവര്‍ ഹെല്‍ത്ത്, ബ്ലോക്ക് ഇന്‍ക്, കാന്‍ഡി, ലോര്‍ഡ്സ്ടൗണ്‍ മോട്ടേഴ്സ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ ഇതിനകം ഹിന്‍ഡണ്‍ബര്‍ഗ് റിസര്‍ച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ലക്ഷ്യമിട്ട കമ്പനികള്‍ക്ക് ഗണ്യമായ സാമ്പത്തിക നഷ്ടം ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഉണ്ടാവാറുണ്ട്.
2023 ല്‍ അദാനി ഗ്രൂപ്പിനെതിരായി ഹിന്‍ഡണ്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 86 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. സെബിയും മറ്റും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നിരുന്നാലും സുപ്രീം കോടതിയിലെത്തിയ കേസില്‍ അദാനി ഗ്രൂപ്പ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇതിനിടയില്‍ ഷോര്‍ട്ട് സെല്ലിംഗിലൂടെ ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധപ്പെട്ട ന്യൂയോര്‍ക്കിലെ ഹെഡ്ജ് ഫണ്ട് മാനേജറായ മാര്‍ക്ക് കിംഗ്ഡണ്‍ വന്‍ ലാഭമുണ്ടാക്കിയെന്ന് സെബി കണ്ടെത്തി.

