മല പോലെ വന്നത് എലി പോലെ പോയോ? യുഎസ് ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ രണ്ടാം അദാനി റിപ്പോര്‍ട്ട് ഇന്ത്യന്‍ വിപണിക്ക് പരിക്കേല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. സെബി ചീഫ് മാധബി പുരി ബുച്ചിനെ കൂടി ഉള്‍പ്പെടുത്തി ഹിന്‍ഡന്‍ബര്‍ഗ് പൊട്ടിച്ച ബോംബ് ചീറ്റിയെന്നാണ് ദലാള്‍ സ്ട്രീറ്റിലെ മുന്നേറ്റം സൂചിപ്പിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ മാത്രം നേരിയ നഷ്ടം ദൃശ്യമായി. എങ്കിലും ഇത് അഞ്ച് ശതമാനത്തിന് താഴെ ഒതുങ്ങി.
തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ 17 ശതമാനം വരെ വീണെങ്കിലും അദാനി ഓഹരികള്‍ വലിയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. 619 വരെ വീണ അദാനി പവര്‍ പിന്നീട് 682 ലേക്ക് കുതിച്ചു. 17 ശതമാനം വീണ അദാനി എനര്‍ജി സൊലൂഷനിലും 13 ശതമാനം വീണ അദാനി ടോട്ടല്‍ ഗ്യാസിലും നിക്ഷേപകര്‍ അവസരം മണത്തതോടെ ഓഹരികള്‍ തിരിച്ചു കയറി. എന്‍ഡിടിവി, അദാനി പോര്‍ട്സ്, അദാനി വില്‍മര്‍, എസിസി, അംബുജ സിമന്റ്സ് എന്നിവയിലും സമാന സാഹചര്യം ദൃശ്യമായി.
ആദ്യ മണിക്കൂറിലെ സംഘര്‍ഷത്തില്‍ 24224 ലേക്ക് വീണ നിഫ്റ്റി50 പിന്നീട് 24460 ലേക്ക് തിരികെ കയറി. രണ്ടു മണിയോടെ 24420 ലെവലിലെത്തി. 79330 ല്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സില്‍ തുടക്കത്തില്‍ തന്നെ മുന്നേറ്റം ദൃശ്യമായി. 11.30 ഓടെ സെന്‍സെക്സ് 80000 കടന്ന് മുന്നേറി.
ഇന്ത്യന്‍ ബുള്‍ മാര്‍ക്കറ്റിനെ സ്വാധീനിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് പോലെ വിദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ലെന്ന നിരീക്ഷണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നിലവിലെ സാഹചര്യം. താല്‍ക്കാലികമായ തിരുത്തലുകള്‍ ഉണ്ടാവാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയെയും ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയെയും സ്വാധീനിക്കാനുള്ള കരുത്ത് ഇത്തരം കേട്ടുകേള്‍വികള്‍ക്കും ആരോപണങ്ങള്‍ക്കുമില്ലെന്ന് വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി ഡയറക്ടറായ ക്രാന്തി ബഥിനി പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇന്ത്യന്‍ യുവതയ്ക്കിടയിലും ഓഹരികളില്‍ നിക്ഷേപിക്കുന്ന സംസ്‌കാരം വളര്‍ന്നു വരികയാണെന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് ദീര്‍ഘകാല നിക്ഷേപം നടത്താന്‍ അവര്‍ തയാറാണെന്നും ബഥിനി ചൂണ്ടിക്കാട്ടി.

