കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച്, ഒരിക്കല്‍ കൃഷി തന്നെ പിന്തുണക്കില്ലെന്നു മനസിലാക്കി ആ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോയ വ്യക്തിയാണ് ധ്യാനേശ്വര്‍ ബോഡെ. പിന്നീട്, കൃഷിക്കല്ല കൃഷി രീതിക്കാണ് പ്രശ്നമെന്ന് മനസിലാക്കി അദ്ദേഹം നടത്തിയ തിരിച്ചു വരവ് ഗംഭീരമായിരുന്നു. 1999 മുതല്‍ പോളിഹൌസ് ഫാമിംഗ് എന്ന രീതി അദ്ദേഹം പിന്തുടര്‍ന്നപ്പോള്‍ നഷ്ടക്കണക്കുകള്‍ പഴങ്കഥകളായി. ഇന്ന് 400 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പോളിഹൌസ് കര്‍ഷകനാണ് ധ്യാനേശ്വര്‍.

കാര്‍ഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ധ്യാനേശ്വറിന്റെ ജനനം. എന്നാല്‍ കൃഷി കൊണ്ട് മാത്രം ജീവിക്കാനാവില്ലെന്നു മനസിലായ ധ്യാനേശ്വര്‍ ജോലി തേടിയിറങ്ങി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പൂനെയില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. ആ സമയത്താണ് പത്രത്തില്‍ സംഗലിയിലെ ഒരു കര്‍ഷകന്റെ വിജയകരമായ ജീവിതം സംബന്ധിച്ച ലേഖനം വരുന്നത്. ധ്യാനേശ്വര്‍ ആ ലേഖനം മുഴുവന്‍ വായിച്ചു. ആയിരം സക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടുന്ന കര്‍ഷകന്‍. ഇത്ര ചുരുങ്ങിയ സ്ഥലത്ത് നിന്നും ഇത്ര മികച്ച വരുമാനമോ? ആശ്ചര്യം തോന്നിയ ധ്യാനേശ്വര്‍ കൃഷി രീതിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. പോളിഹൌസ് ഫാമിംഗ് എന്ന വ്യത്യസ്തമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
വീട്ടില്‍ തിരിച്ചെത്തിയ ധ്യാനേശ്വര്‍ താന്‍ കൃഷി ചെയ്യാന്‍ പോകുകയാണെന്നും ഭൂമി താമസിയാതെ പാട്ടത്തിനെടുക്കും എന്നും അറിയിച്ചു. തന്റെ പിതാവിന്റെ എതിര്‍പ്പ് പോലും മറികടന്ന് ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററിന്റെ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേശ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൌസ് നിര്‍മാണത്തിനായിരുന്നു ലോണ്‍. പലതരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്യാനായിരുന്നു അദ്ദീഹത്തിന്റെ പദ്ധതി. 1999മുതല്‍ പോളിഹൌസ് ഫാമിംഗില്‍ സജീവമായി. ആദ്യം പ്രാദേശിക വിപണി മാത്രം ലക്ഷ്യമിട്ടായിരുന്നു പൂക്കള്‍ വിറ്റു പോയിരുന്നത്. എന്നാല്‍ പിന്നീട്, ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു.അങ്ങനെ 2004 ആയപ്പോഴേക്കും ധ്യാനേശ്വര്‍ അറിയപ്പെടുന്ന കര്‍ഷകനായി മാറി.
അഭിനവ് ഫാര്‍മേഴ്സ് ക്ലബ്, കാര്‍ഷികലോകം വളരട്ടെ
2004 ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ധ്യാനേശ്വറും മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് ‘അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ്’ എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. പോളിഹൌസ് ഫാമിംഗ് വിപുലപ്പെടുത്തുകയായിരുന്നു ഉദ്ദേശം. അംഗങ്ങളില്‍ കുറച്ചു പേര്‍ മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ ശ്രദ്ധിച്ചു, കുറച്ചുപേര്‍ ട്രാന്‍സ്പോര്‍ട്ട്. അവര്‍ ലാഭം പരസ്പരം പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ 11 പേരില്‍ നിന്നും 305 ആയി അംഗസംഖ്യ ഉയര്‍ന്നു.
ഇന്ന് പൂനെ എന്ന നഗരത്തെ അടക്കി വാഴുന്ന ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ് അഭിനവ് ഫാര്‍മേഴ്സ് ക്ലബ്.മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് താമസിയാതെ വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. സാവധാനം അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 1.5 ലക്ഷം കര്‍ഷകരുണ്ട് അംഗങ്ങളായി. 400 കോടി വരെ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു.

