Connect with us

Hi, what are you looking for?

Success Story

ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് ഒരു മികച്ച ബിസിനസ്

നെയ്യാറ്റിന്‍കരയിലെ നെല്ലിമൂടാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് മികച്ച ഒരു ഉല്‍പ്പന്നം അതാണ് അരുണിന്റെ ബിസിനസിന്റെ പ്രത്യേകത

സിംപിളാണ് ഈ ബിസിനസ്, വെരി വെരി സിംപിള്‍! അരുണ്‍ എന്ന ചെറുപ്പക്കാരനാണ് സംരംഭത്തിന്റെ ഉടമ. നെയ്യാറ്റിന്‍കരയിലെ നെല്ലിമൂടാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് മികച്ച ഒരു ഉല്‍പ്പന്നം അതാണ് അരുണിന്റെ ബിസിനസിന്റെ പ്രത്യേകത. അരുണിന്റെ പിതാവ് അഗസ്റ്റിനാണ് എല്ലാറ്റിനും മാര്‍ഗദര്‍ശി. അരുണിന്റെ സംരംഭക വിജയകഥ അറിയാം…

ചോളപ്പൊടിയാണ് അരുണ്‍ ഉണ്ടാക്കി വില്‍ക്കുന്നത്. കന്നുകാലികള്‍ക്കായുള്ള തീറ്റയാണ് പ്രധാന ഉല്‍പ്പന്നം. ഒന്നാം ഗ്രേഡ് ചോളം മനുഷ്യന് ഉപയോഗിക്കാവുന്ന ചോളപ്പൊടിയായി നിര്‍മിക്കുന്നു. രണ്ടാം ഗ്രേഡ് ചോളം ലഭിക്കുമ്പോള്‍ അവ പൂര്‍ണമായും കന്നുകാലികള്‍ക്കുള്ള തീറ്റയായി മാറ്റുന്നു. കന്നുകാലികള്‍ക്കുള്ള ചോളപ്പൊടിയാണ് കൂടുതലായും നിര്‍മിക്കുന്നത്. 50 കിലോഗ്രാം ചാക്കുകളില്‍ നിറച്ചാണ് ചോളപ്പൊടി വില്‍ക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ചോളം ക്ലീനിംഗ് മെഷീന്റെ സഹായത്തോടെ ക്ലീന്‍ ചെയ്ത് മണ്ണ്, ചെളി, വൈക്കോല്‍, മറ്റ് കരടുകള്‍ എല്ലാം നീക്കം ചെയ്ത് ശുദ്ധമായ ചോളപ്പൊടിയാണ് ഇവിടെ നിര്‍മിച്ച് വില്‍ക്കുന്നത്.

എന്തുകൊണ്ട് ചോളപ്പൊടി

അരുണിന്റെ പിതാവ് അഗസ്റ്റിന് ഡയറി ഫാമുകളുമായി ഏറെ ബന്ധങ്ങളുണ്ട്. അദ്ദേഹം ചെറുപ്പം മുതലേ കന്നുകാലികളുടെ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റ എന്നും വലിയ പ്രശ്നമായിരുന്നു. അക്കാലത്ത് ഗോതമ്പ് പൊടിച്ച് തീറ്റയായി നല്‍കിയിരുന്നു. എന്നാല്‍ ഗോതമ്പിന്റെ വില വര്‍ധിച്ചപ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് റാഗിയിലേക്ക് തിരിഞ്ഞു.
ഗോതമ്പ്, റാഗി എന്നിവയുടെ രണ്ടാം ഗ്രേഡാണ് കാലിത്തീറ്റക്കായി ഉപയോഗിച്ചു വന്നത്. റാഗി എന്ന ചെറുധാന്യത്തിന്റെ വിലയും കൂടിയതോടെയാണ് ചോളത്തിലേക്ക് തിരിഞ്ഞത്.

കാലിത്തീറ്റയില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ് ചോളം. നേരിട്ട് കന്നുകാലികള്‍ക്ക് നല്‍കാവുന്ന ചോളപ്പൊടിയാണ് ഇവിടുത്തെ മുഖ്യ ഉല്‍പ്പന്നം. മറ്റ് ധാന്യപ്പൊടികളുമായി മിക്സ് ചെയ്ത് ഇത് ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകത.

ചോളം തമിഴ്നാട്ടില്‍ നിന്നും

തമിഴ്നാട്ടില്‍ നിന്നുമാണ് ആവശ്യമായ ചോളം വാങ്ങുന്നത്. തമിഴ്നാട്ടിലെ വിരുത് നഗര്‍, കോവല്‍പ്പെട്ടി, തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നും ചോളം ലഭിക്കുന്നു.

അവിടങ്ങളിലുള്ള സ്വകാര്യ ഏജന്റുമാരാണ് ഇത് എത്തിച്ചുതരുന്നത്. പൊതുവെ ക്ഷാമം നേരിടുന്നില്ല എന്നു പറയാം. സുലഭമായിത്തന്നെ ചോളം ലഭിക്കുന്നുണ്ട്. വളരെ അപൂര്‍വമായി മാത്രം ക്ഷാമം അനുഭവപ്പെടാറുമുണ്ട്. നന്നായി ഉണങ്ങിയ ചോളമാണ് ലഭിക്കുന്നത്. ക്ലീന്‍ ചെയ്തശേഷം പൊടിച്ചാല്‍ മാത്രം മതി. ചോളം ക്രെഡിറ്റ് വ്യവസ്ഥയിലും ലഭിക്കുന്നുണ്ട്. ഫ്രഷ് ആയിട്ടുള്ള ചോളം ശേഖരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കാറുള്ളത്. കിലോയ്ക്ക് 20 മുതല്‍ 24 രൂപ വരെയാണ് ചോളത്തിന്റെ വില.

വില്‍പ്പന പാല്‍ സൊസൈറ്റികള്‍ വഴി

വിളപ്പില്‍ശാല, ചെങ്കല്‍, പുതിയാന്‍കോട് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പാല്‍ സൊസൈറ്റികള്‍ വഴിയാണ് പ്രധാന വില്‍പ്പന. സ്വകാര്യ ഫാമുകള്‍ നേരിട്ടെത്തി ചോളപ്പൊടി കൊണ്ടുപോകുന്നു. ആവശ്യപ്പെടുന്നവര്‍ക്ക് സൈറ്റില്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്. ചെറിയ കച്ചവടക്കാരും ഇവിടെ നിന്ന് വാങ്ങി വിതരണം നടത്തുന്നുണ്ട്. കിടമല്‍സരം കുറവാണ് എന്നതാണ് ഈ ബിസിനസിന്റെ പ്രധാന നേട്ടം.

നേട്ടങ്ങള്‍

  • കുറഞ്ഞ വിലയ്ക്ക് ചോളപ്പൊടി ലഭ്യമാക്കുന്നു. കിലോയ്ക്ക് 30 രൂപയില്‍ താഴെ മാത്രമാണ് വില.
  • കന്നുകാലികകളുടെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചു മാത്രമാണ് തീറ്റ നിര്‍മാണം.
  • നന്നായി ഉണങ്ങിയ ചോളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ചോളപ്പൊടി 3 മാസം വരെ കോടുവരാതെയിരിക്കുന്നു.
  • വിശ്വാസ്യത പിടിച്ചു പറ്റിയതിനാല്‍ വിപണിയിലെ ചെറിയ കിടമല്‍സരങ്ങള്‍ ബാധിക്കുന്നില്ല

പ്രതികൂല ഘടകങ്ങള്‍

  • അസംസ്‌കൃത വസ്തുവിന്റെ വിലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ദ്ധന.
  • ക്രെഡിറ്റ് വില്‍പ്പന.
  • ചോളം കേരളത്തില്‍ നിന്നും ലഭിക്കുന്നില്ല എന്ന പോരായ്മ. അതുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തില്‍ വരുന്ന ചെലവ്.
  • പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത.

20 ലക്ഷം രൂപയുടെ കച്ചവടം

ശരാശരി 20 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ നടക്കുന്നത്. കച്ചവടം വര്‍ധിപ്പിക്കുന്നതിന് പ്രത്യേകം പരസ്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. അതിന്റെ ആവശ്യവുമില്ല. എത്ര നിര്‍മിച്ചാലും വിറ്റഴിക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ലാഭം എത്ര കിട്ടുമെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും ഏകദേശം 20% വരെ അറ്റാദായം ലഭിക്കുന്നുണ്ട് എന്ന് കണക്കാക്കാം.
ബ്രാന്‍ഡഡ് അല്ലെന്നതും ഒരു കുറവായി കണക്കാക്കുന്നില്ല. വിശ്വാസ്യതയയാണ് വിപണിയിലെ കൈമുതല്‍ എന്നാണ് അരുണ്‍
പറയുന്നത്. ശരാശരി 4 ലക്ഷം രൂപയോളം ഇതില്‍നിന്നും സമ്പാദിക്കാന്‍ കഴിയുന്നുണ്ട്.

30 ലക്ഷം രൂപയുടെ നിക്ഷേപം

30 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമാണ് സ്ഥാപനത്തില്‍ നടത്തിയിരിക്കുന്നത്. ചോളം ക്ലീന്‍ ചെയ്യുന്ന മെഷിനറി, പാക്കിംഗ് സംവിധാനം (കണ്‍വേയര്‍), പൊടിക്കുന്ന മെഷീന്‍, പാക്കിംഗ് മെഷീന്‍ എന്നിവയാണ് പ്രധാന മെഷിനറികള്‍. എല്ലാം ചേര്‍ന്നാല്‍ ഏകദേശം 30 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപം. കെട്ടിടവും മറ്റ് സൗകര്യങ്ങള്‍ക്കുമായി വേറെയും പണം ചെലവിട്ടിട്ടുണ്ട്. അരുണ്‍, പിതാവ് അഗസ്റ്റിന്‍ കൂടാതെ ഒരു ജോലിക്കാരന്‍ എന്നിങ്ങനെ മൂന്ന് പേരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. കുടുംബത്തിന്റെ പൂര്‍ണമായ സഹകരണവും പിന്തുണയും ബിസിനസില്‍ ലഭിക്കുന്നു.

പപ്പടത്തിന് ഉഴുന്നുപൊടി

പപ്പടം ഉണ്ടാക്കുന്നതിനുള്ള ഉഴുന്നുപൊടി നിര്‍മിക്കുകയെന്നതാണ് അടുത്ത പദ്ധതി. ഇതിനുള്ള മെഷിനറി എത്തിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ പപ്പടം നിര്‍മിക്കുന്നതിനുള്ള ഉഴുന്ന്, അരി പൊടികളും രംഗത്തിറക്കും. കെഎഫ്സിയില്‍ നിന്നാണ് സ്ഥാപനത്തിനായി വായ്പ എടുത്തിട്ടുള്ളത്.

പുതുസംരംഭകര്‍ക്ക് അവസരങ്ങള്‍

കാലിത്തീറ്റ, കോഴിത്തീറ്റ, മീന്‍ തീറ്റ, നായ്ക്കള്‍ക്കുള്ള തീറ്റകള്‍ തുടങ്ങിയ തീറ്റ ഉല്‍പ്പാദന സംരംഭങ്ങളില്‍ വലിയ അവസരങ്ങളാണ് നവസംരംഭകരെ കാത്തിരിക്കുന്നത്. ഇത്തരം തീറ്റ നിര്‍മാണത്തിന്റെ മുഖ്യ അസംസ്‌കൃത വസ്തുവാണ് ചോളം. ഇത്തരം തീറ്റ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ കേരളത്തില്‍ പൊതുവെ കുറവാണ്. അതുകൊണ്ട് വിപണിയില്‍ വളരെയേറെ അവസരങ്ങളുണ്ട്. മികച്ച ലാഭവും ലഭിക്കുന്ന സംരംഭങ്ങളാണിവ. 10 ലക്ഷം രൂപ നിക്ഷേപത്തില്‍ ഒരു കാലിത്തീറ്റ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ കഴിയും. പ്രതിമാസം 5 ലക്ഷം രൂപയുടെ കച്ചവടം നേടിയാല്‍ പോലും ഒരു ലക്ഷം രൂപ അറ്റാദായമായി നേടാം.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും