സ്വദേശി ഉല്‍പ്പന്നങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ യോഗ ഗുരു ബാബ രാം ദേവ് പതഞ്ജലിയുമായി ഇറങ്ങിയിട്ട് വര്‍ഷം 18 പിന്നിടുന്നു. അടുത്തിടെ സുപ്രീം കോടതിയില്‍ ഐഎംഎയും മറ്റും കൊടുത്ത കേസുകളില്‍ നേരിട്ട് ഹാജരായി മാപ്പപേക്ഷിക്കേണ്ടി വന്നു അദ്ദേഹത്തിന്. പരിഹസിച്ചവരെയൊക്കെ അത്ഭുതപ്പെടുത്തി തന്റെ ബിസിനസ് സാമ്രാജ്യത്തെ 2024 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപ വരുമാനത്തിലെക്കെത്തിച്ചു നിര്‍ത്തിയിരിക്കുന്നു രാം ദേവ്. ഇനി ലക്ഷ്യമിടുന്നതാവട്ടെ 1 ലക്ഷം കോടി രൂപ വരുമാനവും. തളരുകയല്ല, ഒന്നു പതുങ്ങിയ ശേഷം കുതിക്കുകയാണ് രാം ദേവും പതഞ്ജലിയുമെന്ന് നിസംശയം പറയാം…
ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ കുറെ മാസങ്ങളായി യോഗ ഗുരു ബാബ രാം ദേവ് എയറിലാണ്. രാം ദേവ് മാത്രമല്ല അദ്ദേഹം സ്ഥാപിച്ച പതഞ്ജലിയുടെ എംഡിയായ ആചാര്യ ബാല്‍കൃഷ്ണയും. അടുത്തകാലത്തെങ്ങും ഇരുവരെയും നിലം തൊടാന്‍ സമ്മതിച്ചിട്ടില്ല സുപ്രീം കോടതി. 2022 ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊടുത്ത കേസാണ് പതഞ്ജലി സ്ഥാപകര്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്. വ്യാജവാഗ്ദാനങ്ങളുമായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ നല്‍കിയെന്നാണ് പതഞ്ജലി ആയുര്‍വേദിനെതിരായ കേസ്.

പ്രാഥമികമായി തന്നെ പതഞ്ജലി ആയുര്‍വേദ് കുറ്റം ചെയ്തെന്ന് സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് കണ്ടെത്തി. തെറ്റായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിക്കാന്‍ കോടതിയുടെ കര്‍ശന നിര്‍ദേശം. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന വിലക്ക് കമ്പനി വീണ്ടും ലംഘിച്ചതോടെ രാം ദേവിനെയും ബാല്‍കൃഷ്ണയെയും കോടതിയില്‍ വിളിച്ചു വരുത്തി ശാസിച്ചു. ഇരുവരും നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കേസ് കോടതി തീര്‍പ്പാക്കിയത്.
കോടതിയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം പതഞ്ജലിക്കും ബാബ രാം ദേവിനും കനത്ത പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. ആസൂത്രണം ചെയ്തിരുന്ന പദ്ധതികള്‍ പലതും കമ്പനിക്ക് മാറ്റിവെക്കേണ്ടി വന്നു. ഗ്രൂപ്പിന്റെ കീഴിലുള്ള ഏതാനും കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.

പതഞ്ജലിയുടെ പ്രമേഹ സംഹാരി മരുന്നുകളെ സംബന്ധിച്ചാണ് ഐഎംഎ വലിയ എതിര്‍പ്പുമായി രംഗത്തെത്തിയത്. ടൈപ്പ് 1 പ്രമേഹത്തെ ഇന്‍സുലിനില്ലാതെ മാറ്റാമെന്ന അവകാശവാദമാണ് പലതവണ കമ്പനി ആവര്‍ത്തിച്ച് പരസ്യം ചെയ്തത്. ഈ പ്രചാരണത്തിനെതിരെ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ശക്തമായി രംഗത്തു വരികയും ചെയ്്തു. മതിയായ ഗവേഷണമോ ക്ലിനിക്കല്‍ ട്രയലുകളോ കൂടാതെയാണ് ഇത്തരമൊരു അവകാശവാദവുമായി പതഞ്ജലി ഇറങ്ങിയിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
ഈ പ്രതിസന്ധികളൊന്നും എന്നാല്‍ രാം ദേവിനെ തളര്‍ത്തിയിട്ടില്ലെന്ന് വേണം കരുതാന്‍. പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗവേഷണ സംവിധാനങ്ങള്‍ ഒന്നാന്തരമാണെന്നും അന്താരാഷ്ട്ര ജേണലുകളില്‍ നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും രാം ദേവ് പറയുന്നു. യോഗ, ആയുര്‍വേദ, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് തന്റേതെന്നും രാം ദേവ് പറഞ്ഞു. കോര്‍പ്പറേറ്റ് മാഫിയ, രാഷ്ട്രീയ മാഫിയ, ബുദ്ധിജീവി മാഫിയ, ഡ്രഗ് മാഫിയ എന്നിവയുടെ ഇരയാണ് തന്റെ സ്ഥാപനമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കോള്‍ഗേറ്റ്, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കെതിരെയും രാം ദേവ് ആഞ്ഞടിക്കുന്നു.

ച്യവനപ്രാശത്തില്‍ തുടക്കം
2006 ല്‍ ച്യവനപ്രാശവും ആയുര്‍വേദ ഉല്‍പ്പന്നങ്ങളും നിര്‍മിച്ചുകൊണ്ടാണ് പതഞ്ജലി ആയുര്‍വേദിന്റെ തുടക്കം. യോഗ ഗുരു എന്ന ബാബ രാം ദേവിന്റെ പ്രതിച്ഛായ പരമാവധി ഉപയോഗിച്ചായിരുന്നു വളര്‍ച്ച. 2013 ല്‍ ഏതാനും കോടികള്‍ മാത്രമായിരുന്നു പതഞ്ജലിയുടെ വരുമാനം. 2015 ആയപ്പോഴേക്കും വരുമാനം 2000 കോടി രൂപയിലേക്ക് ഉയര്‍ന്നു. എഫ്എംസിജി മേഖലയിലേക്കു കൂടി കമ്പനി കടന്നതോടെ വരുമാനം 5000 കോടിയിലേക്ക് കുതിച്ചു. ഫ്രാഞ്ചൈസി മോഡലാണ് കമ്പനി പ്രയോജനപ്പെടുത്തിയത്. വൈകാതെ കോര്‍പ്പറേറ്റ് പുനസംഘടനയിലൂടെ കമ്പനി മൂന്നായി.
പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി ഫുഡ്സ്, പതഞ്ജലി ഗ്രാമോദ്യോഗ് എന്നിവ നിലവില്‍ വന്നു. പൂജാ ദ്രവ്യങ്ങള്‍ മുതല്‍ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വരെ, നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പ്രോട്ടീന്‍ പൗഡര്‍ വരെ, ചുരുക്കത്തില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ
പതഞ്ജലി മെഗാ സ്റ്റോറുകളില്‍ ലഭ്യമാകാന്‍ തുടങ്ങി. ഒപ്പം ആയുര്‍വേദ മരുന്നുകളും. 2017 ല്‍ 9,187 കോടി രൂപ വരുമാനത്തിലേക്ക് കമ്പനി വളര്‍ന്നു.
ഏറ്റെടുത്ത് വളരുന്നു
2021 ല്‍ രുചി സോയയുടെ ഏറ്റെടുപ്പ് പതഞ്ജലിയെ സംബന്ധിച്ച് നിര്‍ണായകമായി. പാപ്പരത്ത കോടതിയില്‍ നിന്ന് 4,350 കോടി രൂപയ്ക്കാണ് 16,383 കോടി രൂപയുടെ വിറ്റുവരവുള്ള രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത്. ഫുഡ് ബിസിനസ് രുചി സോയക്ക് കൈമാറിയ ശേഷം കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്സ് എന്ന് മാറ്റുകയും ചെയ്തു. 2024 സാമ്പത്തിക വര്‍ഷമെത്തിയപ്പോഴേക്കും പതഞ്ജലി ഫുഡ്സ് 31,962 കോടി രൂപ വരുമാനത്തിലേക്ക് വളര്‍ന്നു. 2018 ലെ 8,176 കോടി രൂപ വരുമാനത്തില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. 2024 ല്‍ പതഞ്ജലി ഗ്രൂപ്പ് 45000 കോടി രൂപ വരുമാനം നേടി വിമര്‍ശകരെ ഞെട്ടിച്ചു. ‘10000 കോടി രൂപയും 20000 കോടി രൂപയും ഞങ്ങള്‍ വരുമാന ലക്ഷ്യമായി വെച്ചപ്പോള്‍ പലര്‍ക്കുമത് ദഹിച്ചില്ല. അവര്‍ക്കത് അവിശ്വസനീയമായി തോന്നി,’ ബാബ രാം ദേവ് പറയുന്നു.

ലക്ഷ്യം 1 ലക്ഷം കോടി
ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി വളരുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് രാം ദേവ് തുടക്കത്തില്‍ തന്നെ മുന്നോട്ടു നീങ്ങിയത്. ഈ ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ലെങ്കിലും 1 ലക്ഷം കോടി രൂപ വരുമാനമുള്ള കമ്പനിയായി വളരുകയെന്ന പുതിയ ലക്ഷ്യം അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു. അതിന് നാലു വര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനം ഇരട്ടിയാക്കണം. 62,707 കോടി രൂപയുമായി ഹിന്ദുസ്ഥാന്‍ യൂണിലിവറാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനി. രണ്ടാം സ്ഥാനത്ത് 51,261 കോടി രൂപ വരുമാനവുമായി അദാനി വില്‍മര്‍ ഗ്രൂപ്പ്. 31,721 കോടി രൂപയുമായി മൂന്നാം സ്ഥാനമാണ് നിലവില്‍ പതഞ്ജലി
ഫുഡ്സിനുള്ളത്.

പതഞ്ജലി ഫുഡ്സില്‍ നിന്ന് മാത്രം 50000 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. കയറ്റുമതിയിലും കമ്പനി വിശ്വാസമര്‍പ്പിക്കുന്നു. ന്യൂട്രെല സോയ ചങ്ക്സ്, സ്‌കിന്‍-ഹെയര്‍ കെയര്‍ പ്രൊഡക്റ്റ്സ് എന്നിവയെല്ലാം വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. ദന്ത കാന്തി ബ്രാന്‍ഡിലുള്ള ടൂത്ത് പെയിസ്റ്റും മറ്റും 50 രാജ്യങ്ങളിലേക്കാണ് പോകുന്നത്. 19% വാര്‍ഷിക വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ 2028 ല്‍ 1 ലക്ഷം കോടിയെന്ന ലക്ഷ്യം പ്രാപ്യമാകൂ. ഇത് ഏറെക്കുറെ അസാധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടുതല്‍ ഏറ്റെടുക്കലുകള്‍ തന്നെയാണ്
ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം.
കൂടുതല്‍ ഏറ്റെടുക്കലുകള്‍
വ്യവസായ ലോകത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇത്തരം ചില ഏറ്റെടുക്കലും മറ്റും ബാബ രാം ദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സൂചനയുണ്ട്. കൃഷി, എഫ്എംസിജി തുടങ്ങിയ വന്‍ മേഖലകളിലാണ് രാം ദേവിന്റെ കണ്ണ്. ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലും. പ്രൊഫഷണലുകളെ കൂടുതലായി ഉള്‍പ്പെടുത്തി വ്യവസായ സാമ്രാജ്യം മുന്നോട്ടു കൊണ്ടുപോകാനാണ് രാം ദേവ് ശ്രമിക്കുന്നത്. കോര്‍പ്പറേറ്റ് ഭരണവും സുതാര്യതയും ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നു.

വൈവിധ്യം
700 ദശലക്ഷം ഉപഭോക്താക്കളുമായി ഇന്ത്യയിലെ ബഹുജനങ്ങളുടെ ബ്രാന്‍ഡായി പതഞ്ജലി ഉയര്‍ന്നു കഴിഞ്ഞെന്ന് രാം ദേവ് പറയുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് എത്തിപ്പെടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഉദാഹരണത്തിന് ന്യൂട്രെല എന്ന പേരില്‍ ന്യൂട്രാസ്യൂട്ടിക്കല്‍
പ്രൊഡക്റ്റുകളും സ്പോര്‍ട്സ് ന്യൂട്രീഷന്‍ പ്രൊഡക്റ്റുകളുമായി പ്രീമിയം എഫ്എംസിജി മാര്‍ക്കറ്റിലേക്കിറങ്ങിക്കഴിഞ്ഞു പതഞ്ജലി. ഡ്രൈ ഫ്രൂട്ട്സ് മുതല്‍ ഷവര്‍ ജെല്‍ വരെ പ്രീമിയം പ്രൊഡക്റ്റുകളുമായാണ് വരവ്. എഫ്എംസിജി ബിസിനസില്‍ നിന്നുള്ള ലാഭം വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
കോള്‍ഗേറ്റിനും ഡാബര്‍ റെഡിനും പിന്നില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നാമതുണ്ട് പതഞ്ജലിയുടെ ദന്ത കാന്തി ബ്രാന്‍ഡ്. അടുത്തിടെ ദന്ത കാന്തി ജെല്‍ എന്ന ടൂത്ത് പെയിസ്റ്റ് പതഞ്ജലി വിപണിയിലിറക്കി. യുവജനതയെ ആകര്‍ഷിക്കാനായി ടൈഗര്‍ ഷ്രോഫിനെയും തമന്ന ഭാട്ടിയയെയുമാണ് ഇതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കിയിരിക്കുന്നത്. വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനായി പതഞ്ജലി മെഗാസ്റ്റോറുകളുടെ എണ്ണം 400 ലേക്ക് വര്‍ധിപ്പിച്ചിട്ടുമുണ്ട്.

