1988 ല്‍ പട്രീഷ്യ നാരായണന്‍ എന്ന യുവതി നിലനില്‍പ്പിനായി മറീന ബീച്ചില്‍ ഒരു ചായക്കട തുടങ്ങി. ദിവസം മുഴുവന്‍ പണിയെടുത്ത ശേഷം ആദ്യദിവസത്തെ വരുമാനമായി കിട്ടിയത് 50 പൈസ. താന്‍ ഒരിക്കലും ബിസിനസിലൂടെ രക്ഷപ്പെടില്ലെന്ന് തോന്നിയ നിമിഷം, എന്നാല്‍ തളര്‍ന്നു പോയാല്‍ പറക്കമുറ്റാത്ത തന്റെ രണ്ട് കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും. ആ ഒരൊറ്റ ചിന്തയില്‍ നിന്നുമാണ് സംരംഭകലോകം ഇന്ന് ആദരവോടെ നോക്കിക്കാണുന്ന, കോടിക്കണക്കിന് വരുമാനമുള്ള സന്ദീപ ഹോട്ടല്‍സ് ആന്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്റ്ററുമായ പട്രീഷ്യ നാരായണന്റെ വിജയത്തുടക്കം.

സംരംഭകത്വമെന്നാല്‍ ഒരു പാഷനാണ്, കേവലം വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി അതിനെ കണ്ടാല്‍ വിജയം കയ്യെത്തിപ്പിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രസന്‍ ഹോട്ടല്‍സ് ആന്റ്‌ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്റ്ററുമായ പട്രീഷ്യ നാരായണന്റെ ജീവിതം. എന്താണ് ഒരു മികച്ച സംരംഭകന് വേണ്ട ഗുണം ? ഈ ചോദ്യം പട്രീഷ്യ നാരായണനോടാണ് എങ്കില്‍ ഉത്തരം ഒന്നേയുണ്ടാകൂ, വിട്ടുകൊടുക്കാന്‍ മനസുണ്ടാകാതിരിക്കുക. അതേ, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റം എന്നതില്‍ നിന്നുമാണ് എന്നും മികച്ച സംരംഭകര്‍ ഉണ്ടായിട്ടുള്ളത്. ഇതേ രീതിയില്‍ സഞ്ചരിച്ചാണ് ചെന്നൈ സ്വദേശിനിയായ പട്രീഷ്യയും സംരംഭകത്വത്തില്‍ വിജയം നേടിയത്.
പ്രതികൂല സാഹചര്യങ്ങളോടുള്ള പോരാട്ടമാണ് ഏ
തൊരാളെയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്നത് എന്ന് തെളിയിക്കുന്ന പട്രീഷ്യയുടെ തുടക്കം മറീന ബീച്ചിലെ ഒരു ചായക്കടയില്‍ നിന്നുമായിരുന്നു. ആരുടെയും സഹായമില്ലാതെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ പട്രീഷ്യ ഇന്ന് ചെന്നൈയിലെ സന്ദീപ ഹോട്ടല്‍സ് എന്ന ചെയിന്‍ റെസ്റ്റോറന്റുകളുടെ ഉടമയാണ്.
സമ്പത്തിന്റെ കയറ്റിറക്കങ്ങള്‍ കണ്ടറിഞ്ഞ പട്രീഷ്യ
അറിയപ്പെടുന്ന ഹോട്ടല്‍ സംരംഭക, കോടികളുടെ സമ്പാദ്യം ഇവയെല്ലാം കയ്യെത്തിപ്പിടിക്കുന്നതിന് മുന്‍പ് ചില എടുത്തുചാട്ടങ്ങള്‍കൊണ്ട് ജീവിതം കൈവിട്ടുപോയ ഒരു കാലം പട്രീഷ്യക്ക് ഉണ്ടായിരുന്നു. നാഗര്‍കോവിലിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു പാട്രീഷ്യയുടെ ജനനം. അച്ചനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. അച്ഛനമ്മമാരുടെ എല്ലാവിധ സ്‌നേഹവും ലാളനയും അനുഭവിച്ചാണ് പട്രീഷ്യ വളര്‍ന്നത്. മകളെ പഠിപ്പിച്ച് മികച്ച ജോലി വാങ്ങി നല്‍കണം എന്നതായിരുന്നു ആ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. പട്രീഷ്യയും ആ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് ഉപരിപഠനത്തിന് ചേര്‍ന്നത്. ചെന്നൈ ക്വീന്‍ മേരീസ് കോളേജിലയിരുന്നു പഠനം.

എന്നാല്‍ കോളേജ് കാലഘട്ടത്തില്‍ ഉണ്ടായ ഒരു പ്രണയബന്ധം പട്രീഷ്യയുടെയും മാതാപിതാക്കളുടെയും ആഗ്രഹങ്ങള്‍ അസ്ഥാനത്താക്കി. പഠനകാലയളവില്‍ പരിചയപ്പെട്ട നാരായണന്‍ എന്ന ബ്രാഹ്‌മണ യുവാവുമായി പട്രീഷ്യ പ്രണയത്തിലായി. പട്രീഷ്യയെക്കാള്‍ 13 വയസ്സ് കൂടുതലായിരുന്നു അദ്ദേഹത്തിന്. തീര്‍ത്തും യാഥാസ്ഥിതിക ചിന്തയുള്ള ഒരു കുടുംബമായിരുന്നു പട്രീഷ്യയുടേത്. അതിനാല്‍ ഈ ബന്ധം തന്റെ വീട്ടില്‍ അംഗീകരിക്കുകയില്ല എന്ന് പട്രീഷ്യക്ക് ഉറപ്പായിരുന്നു. എന്നാല്‍ സ്‌നേഹിച്ച പുരുഷനുമായി ഒരുമിച്ചു ജീവിക്കണം എന്ന ആഗ്രഹത്തിന് മുന്നില്‍ വീട്ടുകാരുടെ എതിര്‍പ്പ് പട്രീഷ്യ മുഖവിലക്കെടുത്തില്ല. കോളേജ് പഠനം പാതിവഴിയില്‍ നില്‍ക്കെ പട്രീഷ്യ നാരായണനെ രജിസ്റ്റര്‍ വിവാഹം ചെയ്തു.
ജീവിതം മാറ്റിയെഴുതിയ ആ തീരുമാനം
പഠനം പൂര്‍ത്തിയാകും മുന്‍പ് നടപ്പിലാക്കിയ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട തീരുമാനമായിരുന്നു എന്ന് തിരിച്ചറിയാന്‍ പട്രീഷ്യക്ക് അധികകാലം വേണ്ടി വന്നില്ല. രജിസ്റ്റര്‍ വിവാഹം നടന്ന വിവരം വീട്ടില്‍ അറിയിക്കാതെ വീട്ടില്‍ തന്നെ താമസിച്ച് പഠനം തുടരുവാനായിരുന്നു ഇരുവരുടെയും പദ്ധതി. അതിനാല്‍ അക്കാര്യം രഹസ്യമാക്കി വച്ചു. പഠനം പൂര്‍ത്തിയാകുമ്പോള്‍ വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു പട്രീഷ്യയുടെ തീരുമാനം. എന്നാല്‍ ഭര്‍ത്താവിന് ഇക്കാര്യം സമ്മതമല്ലായിരുന്നു. വീട്ടില്‍ വിവാഹക്കാര്യം പറയുവാന്‍ അദ്ദേഹം പട്രീഷ്യയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

വിവാഹം കഴിഞ്ഞു കൃത്യം മൂന്ന് മാസം തികഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പട്രീഷ്യ വിവാഹക്കാര്യം വീട്ടില്‍ അറിയിച്ചു. ഏറെ പ്രതീക്ഷിച്ച അനുഭവങ്ങള്‍ തന്നെയാണ് പിന്നീട് ഉണ്ടായത്. വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ വീട്ടുകാര്‍ പട്രീഷ്യയെ വീട്ടില്‍ നിന്നും പുറത്താക്കി. ഭര്‍ത്താവ് കൂടെയുണ്ടല്ലോ എന്ന പ്രതീക്ഷയില്‍ പുതിയൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പട്രീഷ്യ ഭര്‍ത്താവിനൊപ്പം അണ്ണാനഗറിലെ ഒരു വാടകവീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ കാര്യങ്ങള്‍ ഒന്നും തന്നെ പട്രീഷ്യ വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല. തന്റെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയാണെന്ന് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പട്രീഷ്യക്ക് ബോധ്യമായി.
അതിനാല്‍ തന്നെ ദാരിദ്ര്യത്തിന്റെ നിറവില്‍ ഏറെ യാതനകള്‍ നിറഞ്ഞ ജീവിതമായിരുന്നു പട്രീഷ്യയുടേത്. ഭര്‍ത്താവ് വീട്ടുകാര്യങ്ങള്‍ ഒന്നും നോക്കിയിരുന്നില്ല. ക്രമേണ അദ്ദേഹത്തിന്റെ ശ്രദ്ധ ലഹരി പദാര്‍ഥങ്ങളിലേക്ക് തിരിഞ്ഞതോടെ ജോലിക്ക് പോലും പോവാത്ത സ്ഥിതിയായി. വീട്ടു ജോലിയും കുഞ്ഞുങ്ങളെ നോക്കലും വരുമാനം ലഭിക്കുന്നതിനായി ചെറുകിട ജോലികളും ചെയ്ത് പട്രീഷ്യ ആകെ തളര്‍ന്നു.
ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ അപ്പോഴും പറയത്തക്ക മാറ്റം ഒന്നുമുണ്ടായില്ല. ഒടുവില്‍ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ ഒരു ദിവസം പട്രീഷ്യ തന്റെ മക്കളെയുമെടുത്ത് വീട് വിട്ടിറങ്ങി. അച്ഛനില്ലാത്ത സമയം നോക്കി, തന്റെ വീട്ടിലെത്തി അമ്മയെ കണ്ട് അവസ്ഥ വിവരിച്ചു. ഏറെ ലാളിച്ചു വളര്‍ത്തിയ മകളുടെയും കൊച്ചുമക്കളുടെയും അവസ്ഥ ആ അമ്മയുടെ മനസ്സ് നോവിച്ചു. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ പട്രീഷ്യയെ വീട്ടിലേക്ക് മടക്കി വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ, തന്നെയും കുട്ടികളെയും സ്വീകരിക്കാന്‍ അച്ഛനും അമ്മയും മനസ്സ് കാണിച്ചതോടെ പട്രീഷ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയിരുന്നു.

സ്വന്തം കാലില്‍ നില്‍ക്കണമെന്ന തീരുമാനം
തന്നെയും മക്കളെയും സ്വീകരിച്ചു എങ്കിലും താനും മക്കളും അച്ഛനമ്മമാര്‍ക്ക് ഒരിക്കലുമൊരു ബാധ്യതയാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു പട്രീഷ്യക്ക്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തന്നെ ജോലി സാധ്യതയും കുറവായിരുന്നു. എന്നാല്‍ നിലനില്‍പ്പിനായി എന്തും ചെയ്യാനുള്ള മനസ്സ് അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് അമ്മ നല്‍കിയ 200 രൂപയില്‍ നിന്നും അച്ചാറുകള്‍, ജാമുകള്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കുന്നത്. പാചകത്തില്‍ പട്രീഷ്യക്കുള്ള താല്‍പര്യം അറിയാമായിരുന്ന അമ്മ ഇത് പ്രോത്സാഹിപ്പിച്ചു.
പട്രീഷ്യ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ തന്റെ ഓഫീസിലെ ആളുകള്‍ക്ക് പരിചയപ്പെടുത്തി മകള്‍ക്ക് കച്ചവടം ഉണ്ടാക്കിക്കൊടുത്തു. ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും പെട്ടന്ന് വിറ്റു പോയതോടെ പട്രീഷ്യയുടെ ആത്മവിശവസം വര്‍ധിച്ചു. തന്റെ സംരംഭത്തെ എങ്ങനെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ രണ്ടു പേരെ ജോലിക്കെടുക്കുന്നവര്‍ക്ക് ഉന്തുവണ്ടി സൗജന്യമായി നല്‍കുന്ന പദ്ധതിയെ കുറിച്ച് അവര്‍ അറിഞ്ഞത്. പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ രണ്ട് ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കിക്കൊണ്ട് പട്രീഷ്യ ഒരു ഉന്തുവണ്ടിയുടെ ഉടമയായി.
മറീന ബീച്ചില്‍ ഒരു ചായക്കട തുടങ്ങുക എന്നതായിരുന്നു പട്രീഷ്യയുടെ ലക്ഷ്യം. 1982 ജൂണ്‍ 21നായിരുന്നു പുതിയ ചായവണ്ടിയുടെ ഉദ്ഘാനം നടന്നത്. ചായയും കാപ്പിയും ചെറു പലഹാരങ്ങളും ആയിരുന്നു വില്‍പ്പന. തന്റെ പാചകത്തില്‍ ഏറെ വിശ്വാസം ഉള്ളതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആദ്യദിനം ആരംഭിച്ചത്. എന്നാല്‍ ആ ദിവസം അവസാനിച്ചതാകട്ടെ തികഞ്ഞ നിരാശയോട് കൂടിയും. അന്നത്തെ ദിവസത്തെ വില്‍പനയില്‍ നിന്നും ആകെക്കിട്ടിയ ലാഭം 50 പൈസ മാത്രമായിരുന്നു. മക്കളെ നല്ലരീതിയില്‍ വളര്‍ത്തുന്നതിനായി തനിക്ക് വരുമാനം നേടിയേ പറ്റൂ എന്ന ചിന്തയില്‍ മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പട്രീഷ്യയുടെ തീരുമാനം.
കരഞ്ഞു കലങ്ങിയ കണ്ണുകളും പാറിപ്പറക്കുന്ന തലമുടിയുമായി വെയില്‍ വകവയ്ക്കാതെ ചുട്ടുപൊള്ളുന്ന മറീന ബീച്ചില്‍ ജോലി ചെയ്യുന്ന പട്രീഷ്യയെ ഏറെ സഹതാപത്തോടെയാണ് ബീച്ചിലെത്തുന്നവര്‍ നോക്കിയത്. എന്നാല്‍ പിന്തിരിയാന്‍ പട്രീഷ്യ തയ്യാറാല്ലയിരുന്നു.
ചായയും കാപ്പിയും മാത്രം വില്‍ക്കുന്നത്‌കൊണ്ടാണ് തന്റെ കടയിലേക്ക് ആരും വരാത്തത് എന്ന് മനസിലാക്കിയ പട്രീഷ്യ അടുത്ത ദിവസം മുതല്‍ ചായക്കും കാപ്പിക്കുമൊപ്പം ജ്യൂസും സമൂസ, ബജ്ജി തുടങ്ങിയ സ്‌നാക്‌സും കൂടി വില്‍പ്പനക്ക് വച്ചു. 2003 വരെ ഇതേ രീതിയില്‍ പട്രീഷ്യ കച്ചവടം നടത്തി. ആ കാലമായപ്പോഴേക്കും ഈ ഉന്തുവണ്ടിക്കടയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചു തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം മൂന്നു മുതല്‍ രാത്രി 11 വരെ ഈ കാര്‍ട്ട് തുറന്നുവച്ചു.

ഉന്തുവണ്ടിയിലെ ചായക്കടയില്‍ നിന്നും കാന്റീനിലേക്ക്
ബീച്ചിലെ ചായക്കടയിലെ സ്ഥിരം ഉപഭോക്താവായിരുന്നു ചെന്നൈ സ്ലം ക്ലിയറന്‍സ് ബോര്‍ഡ് ചെയര്‍മാന്‍. പട്രീഷ്യയുടെ കൈപുണ്യത്തിന്റെ രുചി അനുഭവിച്ചറിഞ്ഞിട്ടുള്ള അദ്ദേഹം, ഉന്തുവണ്ടിയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് സ്ഥാപനം വളര്‍ത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട് വച്ചു. ചെന്നൈയില്‍ തന്നെയുള്ള ബോര്‍ഡ് ഓഫീസ് പരിസരത്ത് ഒരു കാന്റീന്‍ തുടങ്ങാനുള്ള അവസരം അദ്ദേഹം പട്രീഷ്യക്ക് മുന്നില്‍ വച്ചതോടെ പട്രീഷ്യയുടെ ജീവിതത്തിന്റെ നിലവാരം തന്നെ മാറുകയായിരുന്നു.
അദ്ദേഹം നല്‍കിയ അവസരം നല്ല മനസോടെ സ്വീകരിച്ച പട്രീഷ്യ, ഉന്തുവണ്ടിക്കടയിലെ ജീവനക്കാര്‍ക്ക് പുറമേ, മറ്റു ചിലരെക്കൂടി ജോലിക്കെടുത്ത് കാന്റീന്‍ നടത്തിപ്പ് ഏറ്റെടുത്തു. ഒമ്പതു മുതല്‍ ബോര്‍ഡിന്റെ കാന്റീനില്‍ പാചകം. വൈകുന്നേരം മുതല്‍ രാത്രി 11 വരെ മൊബൈല്‍ കാര്‍ട്ടില്‍ വില്‍പ്പന. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പട്രീഷ്യയുടെ കാന്റീന്‍ ചെന്നൈ നഗരത്തില്‍ ഹിറ്റായി മാറിയത്. അതോടെ, മറ്റു പല ഓഫീസുകളില്‍ നിന്നും കാന്റീന്‍ ആരംഭിക്കുന്നതിനുള്ള അവസരം പട്രീഷ്യയെത്തേടിയെത്തി.
ഇതേത്തുടര്‍ന്ന്, നാഷനല്‍ പോര്‍ട്ട് മാനേജ്‌മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ 700 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാനുള്ള കരാര്‍ ഏറ്റെടുത്തു. അതോടെ വരുമാനത്തിലും നാലിരട്ടി വര്‍ധനവുണ്ടായി. പ്രതിദിന വരുമാനം ഒരുലക്ഷം രൂപ കടന്നത്തോടെ സംരംഭക എന്ന നിലയില്‍ പട്രീഷ്യ അംഗീകരിക്കപ്പെട്ടു. 1998ല്‍ സംഗീത റസ്റ്ററന്റ് ഗ്രൂപ്പിന്റെ ഒരു യൂണിറ്റില്‍ പട്രീഷ്യക്ക് പാര്‍ട്ണര്‍ഷിപ് ഓഫര്‍ ലഭിച്ചു. ഇതിനിടക്ക് മക്കള്‍ വളര്‍ന്നു. മകളെ മികച്ച രീതിയില്‍ വിവാഹം ചെയ്തു നല്‍കി.
വിധിയുടെ പരീക്ഷണങ്ങള്‍ വീണ്ടും
ജീവിതം മെച്ചപ്പെട്ടു തുടങ്ങിയ അവസ്ഥയിലാണ് വിധി പട്രീഷ്യയോട് വീണ്ടും ക്രൂരത കാണിക്കുന്നത്. 2004 ല്‍ നവദമ്പതികളായ മകള്‍ സന്ദീപയും ഭര്‍ത്താവും ഒരു റോഡപകടത്തില്‍ മരിച്ചതോടെ പട്രീഷ്യ മാനസികമായി തകര്‍ന്നു. ഈ ദുരന്തത്തില്‍ നിന്നും കരകയറുന്നതിനു ഏറെ നാളുകള്‍ എടുത്തു എന്നതാണ് വാസ്തവം. വീട്ടില്‍ കരഞ്ഞു കഴിക്കുന്നതിനേക്കാള്‍ ആ അവസ്ഥ മറികടക്കാന്‍ ബിസിനസില്‍ ആക്റ്റീവ് ആകുന്നതാണ് നല്ലതെന്ന് പട്രീഷ്യക്ക് തോന്നി. അങ്ങനെ, മകളുടെയും മകന്റെയും മരണം നടന്ന സ്ഥലത്തെ പ്രവര്‍ത്തങ്ങള്‍ക്കായി ഒരു സൗജന്യ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിക്കൊണ്ട് പട്രീഷ്യ ബിസിനസില്‍ തിരിച്ചെത്തി.
മകളുടെ പേരില്‍ റെസ്റ്റോറന്റ് ആരംഭിക്കാനുള്ള തീരുമാനം വളരെപ്പെട്ടെന്നായിരുന്നു പട്രീഷ്യ എടുത്തത്. ഇത് പ്രകാരം 2006ല്‍ സന്ദീപയുടെ പേരില്‍ ഒരു റസ്റ്ററന്റ് സ്ഥാപിച്ചു. സന്ദീപ റെസ്റ്റോറന്റ് താമസിയാതെ ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറി. ഇന്ന് സന്ദീപ റെസ്റ്റോറന്റിന് ചെന്നൈയില്‍ 14 ശാഖകളുണ്ട്. മുന്നൂറിലേറെ ആളുകള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കുന്നുണ്ട് പട്രീഷ്യ. 2010ലെ ഫിക്കിയുടെ വിമന്‍ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡു നേടിയ പട്രീഷ്യയുടെ സംരംഭക ജീവിതം സംരംഭകത്വം എന്ന ആശയം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനമേകുന്നതാണ്.
ഒരിക്കലും ആത്മവിശ്വാസം കൈവിടരുത്, പരാജയത്തെക്കുറിച്ചു നിരാശപ്പെടാതിരിക്കുക ഒരാള്‍ക്കു വിജയിക്കുവാന്‍ വലിയ വിദ്യാഭ്യാസം വേണമെന്നില്ല തുടങ്ങിയ പാഠങ്ങളാണ് ഈ സംരംഭക തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നത്. മറീന ബീച്ചാണ് തന്നെ ബിസിനസ് മാനേജ്‌മെന്റ് പഠിപ്പിച്ച് എംബിഎ ബിരുദം സമ്മാനിച്ചതെന്ന് പട്രീഷ്യ നാരായണ്‍ ചിരിച്ചുകൊണ്ട് പറയുമ്പോള്‍ നാം മനസിലാക്കാം ഉള്ളിലെരിയുന്ന കാണണില്‍ നിന്നും സംരംഭകത്വം എന്ന പാഷന്‍ കയ്യെത്തിപ്പിടിച്ച ഈ വനിതയുടെ മിടുക്ക്.

