Connect with us

Hi, what are you looking for?

Success Story

ഭാരതത്തിന്റെ ‘കല്യാണരാമന്‍’

ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം.

വിവാഹദല്ലാള്‍ എന്ന തൊഴിലിന് ഒരു ഡിജിറ്റല്‍ രൂപം നല്‍കിയ സംരംഭമായിരുന്നു 1997 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഭാരത് മാട്രിമോണി. ടെക് സംരംഭങ്ങള്‍ ഇന്ത്യയില്‍ ചുവടുപിടിച്ച് തുടങ്ങുന്ന കാലത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ ഈ ചെന്നൈ സ്വദേശി ഭാരത് മാട്രിമോണി എന്ന പേരില്‍ ഒരു വിവാഹ വെബ്‌സൈറ്റ് തുടങ്ങിയതോടെ, ഒരു വലിയ മാറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. അതിനു സാരഥ്യം വഹിച്ചതാകട്ടെ മുരുകവേല്‍ ജനകീരാമന്‍ എന്ന സംരംഭകനും. ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം.

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ അതിപ്രധാനമായ ഒരു കാര്യമാണ്. ശരിയയായ പങ്കാളികളെയല്ല തെരഞ്ഞെടുക്കുന്നത് എങ്കില്‍ മനോഹരമായ വിവാഹസ്വപ്നങ്ങള്‍ അസ്ഥാനത്താകുകയും ചെയ്യും. പണ്ടൊക്കെ വിവാഹദല്ലാളുമാരുടെ വാക്കുകളില്‍ വീണായിരുന്നു പല വിവാഹങ്ങളും നടന്നിരുന്നത്.

മുരുകവേല്‍ ജനകീരാമന്‍

ഇതില്‍ കുറെയൊക്കെ നല്ല രീതിയില്‍ ഒത്തു പോയെങ്കില്‍ മറ്റ് ചിലത് ഗംഭീര പരാജയമാകുകയും ചെയ്തിട്ടുണ്ട്. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന ആളുകളെ പൂര്‍ണമായ വിവരങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍ എന്നിവയെല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പങ്കാളികളെ തെരഞ്ഞെടുക്കുന്നത് കുറേകൂടി എളുപ്പമായേനെ എന്ന ചിന്തയില്‍ ആളുകള്‍ എത്തിയപ്പോഴാണ് ഭാരത് മാട്രിമോണി എന്ന സേവനവുമായി മുരുകവേല്‍ ജനകീരാമന്‍ എന്ന സംരംഭകന്റെ രംഗപ്രവേശം.

ടെക് സംരംഭങ്ങള്‍ ഇന്ത്യയില്‍ ചുവടുപിടിച്ച് തുടങ്ങുന്ന കാലത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയ ചെന്നൈ സ്വദേശി മുരുകവേല്‍ ജനകീരാമന്‍ ഭാരത് മാട്രിമോണി എന്ന പേരില്‍ ഒരു വിവാഹ വെബ്‌സൈറ്റ് തുടങ്ങിയതോടെ, ഒരു വലിയ മാറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിവാഹാലോചനകള്‍ നടത്താതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കാളികളെ കണ്ടെത്താന്‍ ഇതിലൂടെ കഴിഞ്ഞു. വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ ജനങ്ങള്‍ ഈ സംരംഭത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

2008 ലെ സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ സംരംഭത്തെ ജാനകിരാമന്‍ ഉയരങ്ങളിലെത്തിച്ചത്. മികച്ച വളര്‍ച്ചാ നിരക്കുള്ള ടെക്ക് സംരംഭങ്ങളില്‍ ഒന്നായി ഡിലോയിറ്റ് ടെക്‌നോളജി സര്‍വേ ഭാരത് മാട്രിമോണിയെ വിലയിരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് മനസിനങ്ങുന്ന ജീവിതപങ്കാളികളെ സമ്മാനിച്ചുകൊണ്ട് ഭാരത് മാട്രിമോണിയിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു മുരുകവേല്‍ ജനകീരാമന്‍.

1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് ഇന്ത്യയിലെ സ്ത്രീ പുരുഷാനുപാതത്തിന്റെ കണക്ക്. എന്നിട്ടും വിവാഹാവശ്യം വരുമ്പോള്‍ പലര്‍ക്കും തനിക്ക് ചേരുന്ന പുരുഷനേയോ സ്ത്രീയേയോ ലഭിക്കാതെ പോകുന്നു. കാലഹരണപ്പെട്ട ചിന്താഗതി, വിവാഹ ദല്ലാള്‍മാരുടെ വാക്കിന് പ്രാധാന്യം നല്‍കിയുള്ള അന്വേഷണം എന്നിവയാണ് ഇതിനു കാരണം. കാലം മാറുന്നതിനനുസരിച്ച് ചിന്താഗതികളും മാറണം. ഓരോ വ്യക്തിയും അവരവരുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചിക്കും ചേര്‍ന്ന പങ്കാളികളെ വേണം കണ്ടെത്താന്‍.

അതിപ്പോള്‍ ചുറ്റുവട്ടത്ത് നിന്നുതന്നെയാകണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. വിശാലമായ ലോകത്തിന്റെ ഏത് കോണില്‍ നിന്നുമാകാം. ഈ ചിന്ത 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ വന്നപ്പോഴാണ് ചെന്നൈ സ്വദേശിയായ മുരുകവേല്‍ ജാനകീരാമന്‍ എന്ന യുവാവ് വിവാഹ വെബ്‌സൈറ്റ് എന്ന ആശയവുമായി മുന്നോട്ട് വന്നത്. കാലം മാറുന്നതിനനുസരിച്ച് ടെക്‌നൊളജിയുമായി ചങ്ങാത്തം കൂടിയവരാണ് മനുഷ്യര്‍. അതിനാല്‍ ടെക്‌നോളജിയുടെ സഹായത്തോടെ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ജാനകീരാമന്‍ ഒരു അവസരം ഒരുക്കിയപ്പോള്‍ പക്ഷെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ‘ഇന്റര്‍നെറ്റിലൂടെ കല്യാണം ആലോചിക്കാനോ’ എന്ന് സംശയിച്ചിരുന്നവരുടെ അടുത്തേക്ക് 1997 ല്‍ ഭാരത് മാട്രിമോണി എന്ന സംരംഭവുമായി ജാനകീരാമന്‍ കയറിച്ചെന്നു.

ഡേറ്റിംഗ് ആപ്പുകളുടെ കാലത്തും ഒന്നാം നിരയില്‍ തുടരുന്ന ഈ ബിസിനസിലൂടെ കോടികളുടെ സമ്പാദ്യമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ജാനകീരാമന്‍ നേടിയത്. ബിസിനസില്‍ സംഭവിച്ചതെന്ന് പറയപ്പെടുന്ന മായാജാലങ്ങള്‍ ഒന്നും തന്നെയില്ലാതെ, ഏതൊരു സംരംഭകനും മാതൃകയും പ്രചോദനവുമാകുന്ന സ്വപ്രയത്‌നത്തിന്റെ വിജയകഥയാണ് ഭാരത് മാട്രിമോണിക്ക് പിന്നിലുള്ളത്.

കോളനി വീടുകളില്‍ നിന്നും തുടക്കം

വളരെ ലളിത ജീവിതം നയിച്ച വ്യക്തിയായിരുന്നു മുരുകവേല്‍ ജനകീരാമന്‍. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പകിട്ടും ആഡംബരവും സൂക്ഷിച്ചിരുന്നില്ല. തമിഴ്‌നാട്ടിലെ റോയാപുരത്തെ ലൈന്‍ വീടുകളിലൊന്നില്‍ ആയിരുന്നു ബാല്യകാലം ചെലവഴിച്ചിരുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞു നിന്നിരുന്ന സാഹചര്യത്തിലും മികച്ച രീതിയില്‍ പഠിച്ച് തന്റെ വേദനകളെ മറികടക്കാനാണ് ജനകീരാമന്‍ ശ്രമിച്ചിരുന്നത്.

പലപ്പോഴും ഫീസ് കൊടുക്കാനില്ല അവസ്ഥയുണ്ടായി.ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ അതൊന്നും തന്നെ ജനകീരാമനെ തളര്‍ത്തിയില്ല. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന രീതിയുള്ള സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും പ്രതീക്ഷകളുടെയും പ്രാരാബ്ധങ്ങളുടെയും ഒരു വലിയ ഭാരം അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടായിരുന്നു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജനകീയരാമന്‍ തന്റെ കുടുംബത്തില്‍ നിന്നും ബിരുദം നേടുന്ന ആദ്യത്തെ വ്യക്തിയായിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു. കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്തശേഷം അദ്ദേഹം സിംഗപ്പൂരിലേക്ക് പറന്നു. വലിയ സാമ്പത്തികമൊന്നും കയ്യില്‍ നീക്കിയിരുപ്പായി ഉണ്ടായിരുന്നില്ല എങ്കിലും വിജയിക്കാനായി ജനിച്ചവനാണ് താന്‍ എന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന്, അമേരിക്കയില്‍ പ്രമുഖ കമ്പനികളുടെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍നെറ്റ് ടെക്നോളജിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതും ഈ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിയുന്നതും.പഠിക്കുന്ന കാലം മുതല്‍ക്ക് മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹമായിരുന്നു ഒരു സംരംഭകനാകുക എന്നത്.

സംരംഭകത്വം എന്ന അടങ്ങാത്ത മോഹം

സംരംഭകത്വം എന്ന മോഹം മനസ്സില്‍ ഉദിച്ചതോടെ, താന്‍ പഠിച്ച മേഖല തന്നെ അതിനായി വിനിയോഗിച്ചു. ആദ്യം തുടങ്ങിയത് vysindia.com എന്ന കമ്മ്യൂണിറ്റി പോര്‍ട്ടല്‍ ആയിരുന്നു. എന്‍ആര്‍ഐകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു പോര്‍ട്ടല്‍ എന്ന നിലക്കാണ് ഇതിനു രൂപം നല്‍കിയത്. ഇതിലെ ഒരു സെക്ഷന്‍ മാത്രമായിരുന്നു മാട്രിമോണി. എന്നാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നത് ഈ വിഭാഗത്തിനായിരുന്നു. എന്തുകൊണ്ടാണ് മാട്രിമോണി എന്ന വിഭാഗത്തിന് ഇത്രയേറെ ആവശ്യക്കാര്‍ എത്തുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയിറങ്ങിയ അദ്ദേഹം കണ്ടത് ഈ മേഖലയിലെ വലിയ അവസരങ്ങളായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും വിവാഹാലോചന നടത്തം എന്നതും തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പങ്കാളിയെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും കണ്ടെത്താനാകും എന്നതുമാണ് ഈ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിച്ച പ്രധാന ഘടകം.

വിവാഹ കമ്പോളത്തില്‍ ഇത്തരത്തിലുള്ള ഒരു വെബ്‌സൈറ്റിന് ഏറെ സാധ്യതകളുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി തമിഴ്മാട്രിമോണി.കോം എന്ന വെബ്‌സൈറ്റിന് രൂപം നല്‍കി. തമിഴ്‌നാട് സ്വദേശിയായതിനാല്‍ തന്നെ തന്റെ സ്വന്തം നാട്ടിലെ ആളുകളില്‍ നിന്നും ബിസിനസ് ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. തമിഴ്മാട്രിമോണി.കോംമിനു മികച്ച സ്വീകരണം ലഭിച്ചതോടെ സമാനമായ വെബ്‌സൈറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയും ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹാചാരങ്ങളും ഓരോ സമുദായത്തിന്റെയും ആവശ്യങ്ങളും മനസിലാക്കി വിവിധ ഭാഷകളില്‍ സൈറ്റുകള്‍ തുടങ്ങി, അവയെല്ലാം ഭാരത് മാട്രിമോണി.കോം എന്ന പൊതുവായ ഒരു ബ്രാന്‍ഡിന്റെ കീഴിലാക്കി. ഇരുപത്താറാം വയസില്‍ അങ്ങനെ ജാനകിരാമന്‍ സംരംഭകനായി.

എന്നാല്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. തികച്ചും പരമ്പരാഗതമായ രീതിയില്‍ നടന്നിരുന്ന വിവാഹാലോചനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുക എന്നതുതന്നെ ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. പുതിയ ആശയത്തോട് യുവാക്കള്‍ പിന്തുണപ്രഖ്യാപിച്ചു എങ്കിലും, മുതിര്‍ന്ന തലമുറ ഇടഞ്ഞു നിന്നു. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമോ? എങ്ങനെ വിശ്വസിക്കാനാകും തുടങ്ങി പ്രായമായ ആളുകളുടെ ഭാഗത്ത് നിന്നുള്ള സംശയങ്ങള്‍ നിരവധിയായിരുന്നു. ഇത് തികച്ചും സുരക്ഷിതമാണ് എന്ന വിശ്വാസം ആളുകളില്‍ സൃഷ്ടിക്കുന്നതും എളുപ്പമായിരുന്നില്ല.

പലപ്പോഴും ഈ മേഖലയില്‍ നിക്ഷേപം നടത്തിയത് ശരിയായില്ല എന്ന രീതിയിലുള്ള പഴിവാക്കുകള്‍ ജനകീരാമന് കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അന്തിമ വിജയം തന്റേതായിരിക്കും എന്ന ഉറപ്പുള്ളതിനാല്‍ അത്തരം കുറ്റപ്പെടുത്തലുകള്‍ അദ്ദേഹം അവഗണിച്ചു. ഡോട്ട്‌കോമുകള്‍ തകരുന്ന കാലത്ത് ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യുക എന്ന ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് അദ്ദേഹം താമസിയാതെ പഠിച്ചു. മാത്രമല്ല, ബിസിനസ് വിപുലീകരിക്കാന്‍ വേണ്ട ഫണ്ട് ഇല്ലാത്തതും മറ്റൊരു തടസമായിരുന്നു. ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയും തിരിച്ചടിയായി.

ഒറ്റക്ക് വഴി തെളിച്ചു വന്നവന്‍

ബിസിനസില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അതിനുള്ള പരിഹാരവും അദ്ദേഹം തന്നെ കണ്ടെത്തി. കഠിനാധ്വാനം ചെയ്യുക എന്ന ഫോര്‍മുലയായിരുന്നു അത്. ഒരു ദിവസം പതിനാറ് മണിക്കൂറിലേറെ ജോലി ചെയ്യാനുള്ള മനസ് അദ്ദേഹം വികസിപ്പിച്ചെടുത്തു. പകല്‍ കണ്‍സള്‍ട്ടിംഗ് ജോലിയും വൈകുന്നേരം മുതല്‍ ബിസിനസ് മാനേജ്‌മെന്റും എന്നതായിരുന്നു സംരംഭത്തിന്റെ ആദ്യകാലഘട്ടത്തില്‍ അദ്ദേഹം പിന്തുടര്‍ന്ന രീതി. പ്രോഗ്രാമിംഗ് മുതല്‍ കസ്റ്റമര്‍ കെയര്‍ വരെ ചെയ്തിരുന്നത് ജാനകിരാമന്‍ തന്നെയായിരുന്നു. എന്നാല്‍ തന്റെ വെബ്‌സൈറ്റിലൂടെ ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ തുടങ്ങിയതോടെ, താന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി അദ്ദേഹത്തിനു മനസിലായി. എന്നിട്ടും പലവിധ തിരിച്ചടികള്‍ അദ്ദേഹത്തെ തേടിയെത്തി.

2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് ജീവനക്കാരുടെ എണ്ണം കുറച്ചും ചെറിയ വെബ്‌സൈറ്റുകള്‍ പലതും അടച്ചുപൂട്ടിയുമാണ് ജാനകിരാമന്‍ ബിസിനസ് നിലനിര്‍ത്തിയത്. തുടക്കം മുതല്‍ക്ക് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിരുന്നതിനാല്‍ അമിതമായ ചെലവുകള്‍ ഒരിക്കലും കമ്പനിക്ക് ഭീഷണിയായില്ല. സംരംഭകന്‍ എന്ന തലത്തില്‍ നിന്ന് ജാനകിരാമന്‍ സിഇഒ പദവിയിലേക്ക് ഉയരുന്നതിന് ഏറെ കാലതാമസമെടുത്തതും അതിനാലാണ്. ഭാരത് മാട്രിമോണി എന്ന തന്റെ സ്ഥാപനത്തില്‍ പ്യൂണ്‍ ജോലി മുതല്‍ മാനേജര്‍ ജോലി വരെ അദ്ദഹം ചെയ്തിട്ടുണ്ട്. തന്റെ സ്ഥാപനത്തെ ഏത് വിധേനയും മുന്‍നിരസ്ഥാപനമാക്കണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ക്കറ്റിംഗും ഫിനാന്‍സും സ്വയം കൈകാര്യം ചെയ്യാന്‍ പഠിച്ചതും അതുകൊണ്ടുതന്നെയാണ്.

‘ഓരോ വെല്ലുവിളിയും പുതിയ സാധ്യതകള്‍ തുറന്നുതരുന്നു’ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മുരുകവേല്‍ ജനകീരാമന്‍. ടെക്‌നൊളജിയിലാണ് നാളെത്തെ ലോകം എന്ന് മുന്‍കൂട്ടി മനസിലാക്കിയ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഭാരത് മാട്രിമോണി എന്ന സ്ഥാപനം. ഇന്ത്യയില്‍ വിവാഹം എന്ന ചടങ്ങിലേക്ക് എത്തുന്നതിനു മുന്‍പുള്ള അനവധി കാര്യങ്ങളും അവയുടെ പ്രാധാന്യവും മനസിലാക്കി, വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്ക് ചേരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഭാരത് മാട്രിമോണി ഒന്നാം നിരയില്‍ സ്ഥാനം ഉറപ്പിച്ചത്. ജനകീരാമന്‍ തന്റെ ഭാര്യയെയും ഭാരത് മാട്രിമോണിയിലൂടെ തന്നെയാണ് കണ്ടെത്തിയത്.

കൈകാര്യം ചെയ്യാനുള്ള എളുപ്പം

ഒരു വിവാഹ ദല്ലാളില്‍ നിന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ അറിഞ്ഞെടുക്കുക എന്നതിനേക്കാള്‍ എളുപ്പമായിരുന്നു ഭാരത് മാട്രിമോണി വഴിയുള്ള വിവാഹാലോചന. ഓരോ സമുദായത്തിന്റെയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. ജാതകം എഴുത്തും റഫറന്‍സും കൃത്യമായ വെരിഫിക്കേഷനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയതോടെ സൈറ്റിലെ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടി. അത് ആളുകളുടെ വിശ്വാസ്യത വര്‍ധിച്ചതിനുള്ള തെളിവായിരുന്നു.

പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതോടെ കൂടുതല്‍ മികച്ച സര്‍വീസുകള്‍ ഏകോപിപ്പിച്ചു. ഇന്ന് ഫോട്ടോഗ്രാഫി സര്‍വീസും വിവാഹ ചടങ്ങുകള്‍ക്കായി ഓഡിറ്റോറിയം കണ്ടെത്താനുള്ള സൗകര്യവും ഭാരത് മാട്രിമോണിയല്‍ ലഭ്യമാണ്. ഒരൊറ്റ സംരംഭത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഭാരത് മാട്രിമോണിയുടെ സേവനങ്ങള്‍. എലീറ്റ് മാട്രിമോണി, കമ്മ്യുണിറ്റി മാട്രിമോണി, ഡയറക്റ്ററി എന്നിങ്ങനെ ഒട്ടേറെ പുതിയ സേവനങ്ങള്‍ ഭാരത് മാട്രിമോണിയോട് അനുബന്ധിച്ചുണ്ട്. ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും