പ്രേം ഗണപതി എന്ന പേര് കേട്ടാല്‍ എല്ലാവരും ഒരു പക്ഷെ തിരിച്ചറിയണം എന്നില്ല. എന്നാല്‍ ലോകപ്രശസ്തമായ ദോശ പ്ലാസ എന്ന ബ്രാന്‍ഡ് തിരിച്ചറിയാത്തവര്‍ വിരളമായിരിക്കും. തനി സൗത്ത് ഇന്ത്യന്‍ വിഭവമായ ദോശയെ നാടും നാട്ടാരും അറിയുന്ന വിഭവമാക്കി മാറ്റി ഇന്ത്യ, ന്യൂസിലാന്‍ഡ്, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ 72 ഔട്ട്ലെറ്റുകളുള്ള ഒരു റെസ്റ്റോറന്റ് ശൃംഖലയായി ദോശ പ്ലാസ എന്ന തന്റെ സംരംഭത്തെ മാറ്റിയ പ്രേം ഗണപതി മികച്ചൊരു സംരംഭകന്‍ തന്നെയാണ്.
എന്നാല്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് സംരംഭകത്വത്തിലേക്ക് വന്ന വ്യക്തിയല്ല പ്രേം ഗണപതി. തികഞ്ഞ ദാരിദ്ര്യത്തില്‍ പടുകുഴിയില്‍ നിന്നും നിശ്ചയദാര്‍ഢ്ട്യം ഒന്ന് മാത്രം കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ് അദ്ദേഹം. തുച്ഛമായ നിക്ഷേപത്തില്‍ ആയിരുന്നു ദോശ പ്ലാസയുടെ തുടക്കം.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ നാഗലാപുരത്താണ് ഗണപതി ജനിച്ചത് . അദ്ദേഹത്തിന് ഏഴ് സഹോദരങ്ങളുണ്ടായിരുന്നു. ഗണപതി പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടി മദ്രാസിലേക്ക് പോയി. എന്നാല്‍ അവിടെ നിന്നും മികച്ച ജോലിയോ വരുമാനമോ ലഭിച്ചില്ല. അങ്ങനെ 1990-ല്‍ ബോംബെയിലേക്ക് കള്ളവണ്ടി കയറി.
കടം കയറി പെരുവഴിയിലായി കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനായി ജോലി തേടി മുംബൈ നഗരത്തിലെത്തിയ അദ്ദേഹം, ജീവിക്കാന്‍ വേണ്ടി ദോശ വില്പനയിലേക്ക് തിരിയുകയായിരുന്നു. 1992-ല്‍, വാഷി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്ത് ഒരു കൈവണ്ടിയില്‍ ഇഡ്ഡലിയും ദോശയും വില്‍ക്കുന്ന ഗണപതി സ്വന്തം ഭക്ഷണ ബിസിനസ്സ് ആരംഭിച്ചു.
എന്നാല്‍ ആ സംരംഭം പടിപടിയായി വിജയം കണ്ടു. ആദ്യം ഫുട്പാത്തില്‍ നടത്തിയിരുന്ന ദോശകച്ചവടം പിന്നീട് കടയിലേക്ക് മാറ്റി. 1997-ല്‍ അദ്ദേഹം ഒരു കട വാടകയ്ക്കെടുക്കുകയും വിവിധതരം ദോശകള്‍ പരീക്ഷിക്കുകയും ചെയ്തു. പിന്നീട് ഒന്നിന് പിന്നാലെ ഒന്നായി പല റെസ്‌ട്രോന്റുകള്‍ ദോശ പ്ലാസക്ക് കീഴില്‍ വന്നു. 2003-ല്‍ വാഷിയിലെ സെന്റര്‍ വണ്‍ മാളിലെ ഒരു മാളില്‍ അദ്ദേഹം തന്റെ ആദ്യ ഔട്ട്ലെറ്റ് തുറന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ഔട്ട്‌ലെറ്റുകള്‍ ദോശപ്ലാസക്ക് ഉണ്ട്.

