Connect with us

Hi, what are you looking for?

Tech

ചൈനയോട് ടാറ്റ; ഇന്ത്യയില്‍ തൊഴിലും പണവുമൊഴുക്കാന്‍ ആപ്പിള്‍

ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായി ആപ്പിള്‍ മാറിക്കഴിഞ്ഞു. 10 ശതമാനത്തോളം വിപണി വിഹിതം നേടിയാണ് ആപ്പിളിന്റെ മുന്നേറ്റം

ഇന്ത്യയില്‍ രണ്ട് ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാന്‍ ആപ്പിള്‍. ഒപ്പം പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി രൂപയുടെ ഐഫോണ്‍ നിര്‍മാണവും. ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായി ആപ്പിള്‍ മാറിക്കഴിഞ്ഞു. 10 ശതമാനത്തോളം വിപണി വിഹിതം നേടിയാണ് ആപ്പിളിന്റെ മുന്നേറ്റം.

ചൈനയോടുള്ള ആപ്പിളിന്റെ ടാറ്റ പറച്ചില്‍ വേഗത്തിലായേക്കും. അമേരിക്കയില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ഇന്ത്യയില്‍ സമാനതകളില്ലാത്ത രീതിയിലുള്ള ബിസിനസ് വികസനത്തിനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി രൂപയുടെ ഐഫോണ്‍ ഉല്‍പ്പാദനമാണ് അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ പദ്ധതിയിടുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ വലിയ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കമെന്നറിയുന്നു.

നിലവില്‍ പ്രതിവര്‍ഷം 15-16 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ നിര്‍മാണമാണ് ആപ്പിള്‍ ഇന്ത്യയില്‍ നടത്തുന്നത്. തന്റെ ഇലക്ഷന്‍ പ്രചരണസമയത്ത് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 60-100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇത് കണക്കിലെടുത്ത് ചൈനയിലെ ഐഫോണ്‍ ഉല്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കാനാണ് ആപ്പിളിന്റെ നീക്കം. പ്രസിഡന്റായുള്ള ട്രംപിന്റെ ആദ്യകാലയളവില്‍ ചൈനീസ് ഇറക്കുമതിക്കെതിരെ കാര്യമായ നടപടികളുണ്ടായിരുന്നു.

ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം ഇരട്ടിയാക്കി 30 ബില്യണ്‍ ഡോളറിലെത്തിക്കുകയും രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ മൊത്തം ഐഫോണ്‍ നിര്‍മാണത്തിലുള്ള ഇന്ത്യയുടെ വിഹിതം 26 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യ മുഖ്യം ബിഗിലേ…

ആപ്പിളിന്റെ മുന്‍ഗണന പട്ടികയില്‍ ഇന്ത്യ ഇതിനോടകം പ്രധാന ഇടം നേടിക്കഴിഞ്ഞു. ചൈനയില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായുള്ള വൈവിധ്യവല്‍ക്കരണത്തില്‍ ഫോക്കസ് ചെയ്യുകയാണ് നിലവില്‍ ടെക് ഭീമന്‍. ഇതിന്റെ ഭാഗമായി അടുത്തിടെ തങ്ങളുടെ ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) സബ്‌സിഡിയറി ആപ്പിള്‍ ഇന്ത്യയില്‍ തുടങ്ങിയിരുന്നു. ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്റ് കമ്പനികള്‍ക്ക് ഗവേഷണം, ഡിസൈന്‍, ടെസ്റ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ പിന്തുണ നല്‍കുകയാണ് പുതിയ കമ്പനിയുടെ നീക്കം.

ആപ്പിളിന്റെ ബിസിനസ് പ്ലാനില്‍ വമ്പന്‍ പ്രാധാന്യം ലഭിക്കുന്ന രാജ്യങ്ങളില്‍ മാത്രമേ യുഎസ് ഭീമന്‍ റിസര്‍ച്ച് സബ്‌സിഡിയറികള്‍ സ്ഥാപിക്കാറുള്ളൂ. നിലവില്‍ യുഎസ്, ചൈന, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ ഐഫോണ്‍ ഭീമമന് റിസര്‍ച്ച് സബ്‌സിഡിയറി യൂണിറ്റുകളുള്ളൂ.

ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇതോടെ മുഖ്യ പങ്കുവഹിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ഇന്ത്യന്‍ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ആപ്പിളിന്റെ നിര്‍മാണ കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.


ഇന്ത്യയിലെ ജനസംഖ്യയും ഉപഭോക്താക്കളുടെ ചെലവിടല്‍ വരുമാനത്തില്‍ വരുന്ന വര്‍ധനവുമെല്ലാം തദ്ദേശീയ പ്രാധാന്യമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഇത് നിര്‍ണായകമാണ്.

ഇന്ത്യയിലും വിയറ്റ്‌നാമിലും നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യമായി ഇന്ത്യ മാറുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐഫോണ്‍ നിര്‍മാണം റെക്കോഡുകള്‍ സൃഷ്ടിച്ചാണ് മുന്നേറുന്നത്. രാജ്യത്ത് ആപ്പിളിന്റെ നാല് പുതിയ ബ്രാന്‍ഡഡ് സ്റ്റോറുകള്‍ തുറക്കുമെന്നും സിഇഒ ടിം കുക്ക് അടുത്തിടെ പറഞ്ഞിരുന്നു.

നിലവില്‍, ആപ്പിളിന് ഇന്ത്യയില്‍ രണ്ട് ബ്രാന്‍ഡഡ് സ്റ്റോറുകള്‍ മാത്രമേയുള്ളൂ, ഒന്ന് ബികെസി മുംബൈയിലും മറ്റൊന്ന് ന്യൂഡല്‍ഹിയിലെ ഡിഎല്‍എഫ് സാകേതിലും. പുതിയ സ്റ്റോറുകള്‍ ഏതെല്ലാം നഗരങ്ങളിലാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ ആപ്പിളിന്റെ കയറ്റുമതി 50,000 കോടി രൂപയിലധികമായി മാറിയിട്ടുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.27 ബില്യണ്‍ ഡോളറിന്റേതായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 23.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് അസംബിള്‍ ചെയ്തത്. 10 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും